Friday, September 30, 2011

മഅ്ദനിക്കെതിരായ നടപടികളില്‍ ആശങ്ക -ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം

Published on Madhyamam dated Wed, 09/29/2011

കൊച്ചി: കോയമ്പത്തൂര്‍ പ്രസ് ക്ളബില്‍ ബോംബു വെച്ചെന്ന കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തുന്നതായി ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം. ജയിലില്‍ മഅ്ദനിയെ കാണാനെത്തിയ സൂഫിയ മഅ്ദനിയോട് പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയതിന് പ്രതികാരമായാണ് ബോംബ് വെച്ചതെന്നാണ് ആരോപണം. ഇത്തരം വ്യാജ ആരോപണങ്ങള്‍ ചുമത്തി നിരപരാധിയായ ഒരാളെ പീഡിപ്പിക്കുന്നത് ശരിയല്ളെന്ന് ഫോറം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫോറം പണം പിരിച്ചത് രഹസ്യമായല്ല. പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. പള്ളിപ്പരിസരങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയത് ജാതീയമായ വേര്‍തിരിവുണ്ടാക്കാനല്ളെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് റജീബ്, ജമാല്‍ മുഹമ്മദ് എന്നിവരും പങ്കെടുത്തു.

Thursday, September 29, 2011

വിചാരണ പൂര്‍ണ തോതിലേക്ക്; മഅ്ദനിക്കായി പ്രമുഖ അഭിഭാഷകന്‍ ഹാജരായേക്കും

Published on Madhyamam Daily dated 09/28/2011

ബംഗളൂരു: ബംഗളൂരു സ്ഫോടനപരമ്പര കേസിലെ വിചാരണ പൂര്‍ണ തോതിലാകുന്നു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി 31ാം പ്രതിയായ കേസിന്‍െറ വിചാരണയുടെ നടപടിക്രമങ്ങള്‍ ഒന്നോ രണ്ടോ ഹിയറിങ്ങുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് വിചാരണയുടെ പ്രധാന നടപടികള്‍ ആരംഭിക്കും. സെന്‍ട്രല്‍ ജയിലായ പരപ്പന അഗ്രഹാരയില്‍ സ്ഫോടനക്കേസിനായുള്ള 35ാം നമ്പര്‍ പ്രത്യേക അതിവേഗ കോടതിയിലാണ് വിചാരണ. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് പ്രതികള്‍ക്ക് ഡിസ്ചാര്‍ജ് പെറ്റീഷന്‍ സമര്‍പ്പിക്കാനുള്ള അവസരമാണ് ജഡ്ജി ശ്രീനിവാസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബര്‍ 12ന് പ്രതികളാരും ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കിയില്ളെങ്കില്‍ വിചാരണയുടെ പ്രധാന നടപടികള്‍ ആരംഭിക്കും. വിചാരണ വേളയില്‍ മഅ്ദനിക്കു വേണ്ടി പ്രമുഖ അഭിഭാഷകരെ നിയോഗിക്കാനും നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം ബംഗളൂരുവിലെത്തിയ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ഭാരവാഹികള്‍ പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. നാല് പ്രമുഖ അഭിഭാഷകരെയാണ് ബന്ധപ്പെട്ടത്. ഇവരില്‍ ഒരാള്‍ കേസ് ഏറ്റെടുക്കാമെന്ന് അംഗീകരിച്ചതായി അറിയുന്നു. അതിവേഗ കോടതി പരപ്പന അഗ്രഹാര ജയിലിലാണെന്നത് പ്രമുഖ അഭിഭാഷകരെ ലഭിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ജയിലില്‍ പോയി വാദിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് മൂന്ന് പ്രമുഖ അഭിഭാഷകരും കേസ് ഏറ്റെടുക്കുന്നതിന് തടസ്സമായി പറഞ്ഞത്. മഅ്ദനിയുടെ അഭിഭാഷകര്‍ക്കെതിരെ ഒരു വിഭാഗം നടത്തുന്ന പ്രചാരണവും പലരെയും പിന്തിരിപ്പിക്കുന്നുണ്ട്.

Thursday, September 15, 2011

രാഷ്ട്രീയ ഉത്സവകാലത്തെ ഹസാരെയും മഅ്ദനിയും - ശിഹാബ് പൂക്കോട്ടൂര്‍


(Courtesy: http://www.prabodhanam.net/detail.php?cid=404&tp=1)

കേരളത്തിലെ ജനാധിപത്യ ബോധത്തെയും സാമാന്യ നീതി സങ്കല്‍പത്തെയും അട്ടിമറിക്കുന്നതാണ് മഅ്ദനിയുടെ ജയില്‍വാസം. ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ സേലം സെന്‍ട്രല്‍ ജയിലില്‍ അകപ്പെടുകയും അതിനു ശേഷം നിരപരാധിയാണെന്നറിഞ്ഞ് നിരുപാധികം വിട്ടയക്കുകയും ചെയ്തതിനുശേഷമാണ് കര്‍ണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.  നഷ്ടപ്പെട്ട ഒമ്പതര വര്‍ഷം തിരിച്ചുനല്‍കാന്‍ ഒരു നീതിന്യായ വ്യവസ്ഥക്കും സാധ്യമല്ല. ജയിപ്പിച്ചുവിടുന്ന എം.പിയോ എം.എല്‍.എയോ എന്ത് നെറികേട് കാണിച്ചാലും അഞ്ചുവര്‍ഷം അയാളെ സഹിക്കാന്‍ വിധിക്കപ്പെടുന്ന നമ്മുടെ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ എല്ലാവിധ നിസ്സഹായതകളും നീതിന്യായ വ്യവസ്ഥക്കുമുണ്ടെന്ന് ഇവിടെ ബോധ്യമാകുന്നു. നിയമം നിയമത്തിന്റെ വഴിയെ പോകുന്നത് മഅ്ദനിയുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നതിലെ വൈരുധ്യം, ചരിത്രത്തെ മുഴുവന്‍ വൈരുധ്യയുക്തിയോടെ വായിക്കുന്ന കമ്യൂണിസ്റ്റുകാരനു പോലും മനസ്സിലായിട്ടുണ്ടാവില്ല.