കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ അന്യായ തടവും മനുഷ്യാവകാശ ലംഘനങ്ങളും തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ ആവശ്യപ്പെട്ടു.
ഒരു കേരളീയനെതിരെ അന്യസംസ്ഥാനത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ബാധ്യതയുണ്ട്. എറണാകുളത്ത് ഫോറം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂലൈയില്‍ മഅ്ദനിയുടെ മോചനവുമായി ബന്ധപ്പെട്ട് ഫോറത്തിന്റെയും സമാന ചിന്താഗതിയുള്ള സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ദേശീയതലത്തില്‍ ഉള്‍പ്പെടെ സമര അഭിപ്രായ രൂപവത്കരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.
യോഗത്തില്‍ ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി മുഹമ്മദ്, വയലാര്‍ ഗോപകുമാര്‍, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, ടി.മുഹമ്മദ് വേളം, ടി.എ. മുജീബ് റഹ്മാന്‍, ഷക്കീല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.