Sunday, September 30, 2012

മഅ്ദനി വിഷയത്തില്‍ പാര്‍ട്ടികളുടെ മൗനം അപകടകരം -സെബാസ്റ്റ്യന്‍ പോള്‍


ന്യൂദല്‍ഹി: അബ്ദുന്നാസിര്‍ മഅ്ദനി നേരിടുന്ന നീതിനിഷേധം ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ഇടപെടല്‍ ഉണ്ടാവുകയും വേണമെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാനും മുന്‍ എം.പിയുമായ സെബാസ്റ്റ്യന്‍ പോള്‍ . കെട്ടിച്ചമക്കപ്പെട്ട കേസുകള്‍ സംബന്ധിച്ച് ദല്‍ഹിയില്‍ നടന്ന ജനകീയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം വിചാരിച്ചാല്‍ ഒരാളെ എങ്ങനെ ക്രൂശിക്കാമെന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് മഅ്ദനിയെന്ന് അദ്ദേഹം പറഞ്ഞു.


ഒമ്പതര കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന അദ്ദേഹത്തെ നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചതാണ്. വീണ്ടും കര്‍ണാടക പൊലീസ് കള്ളകേസില്‍ കുടുക്കി ജയിലിലാക്കിയ മഅ്ദനിയുടെ ആരോഗ്യനില മോശമാണ്. അതിന്‍െറ പേരിലെങ്കിലും ജാമ്യം അനുവദിക്കാന്‍ കോടതികള്‍ തയാറാകുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന മൗനമാണ് ഏറെ അപകടകരം. ദലിത്-പിന്നാക്ക ഐക്യത്തിന് വേണ്ടിയുള്ള വര്‍ത്തമാനങ്ങളാണ് മഅ്ദനി വേട്ടയാടപ്പെടാന്‍ കാരണം. മഅ്ദനിക്ക് സംഭവിച്ചത് നാളെ മറ്റുള്ളവര്‍ക്കും സംഭവിക്കാം. അതുണ്ടാകാതിരിക്കാന്‍ ദേശീയതലത്തില്‍ ജനാധിപത്യ, മതേതര വിശ്വാസികള്‍ ശബ്ദിക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

മഅ്ദനിയെ തീവ്രവാദിയാക്കുന്നവര്‍ സ്വന്തം കാല്‍ ബോംബെറിഞ്ഞ് തകര്‍ത്തവര്‍ക്ക് മാപ്പ് നല്‍കി കോടതിയില്‍ മൊഴി നല്‍കിയ വ്യക്തിയാണ് അദ്ദേഹമെന്ന സത്യം മറച്ചുവെക്കുകയാണെന്ന് മഅ്ദനിയുടെ മകന്‍ ഉമര്‍ മുഖ്താര്‍ പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് 1000 പള്ളി പൊളിച്ചാലും അതിന്‍െറ പേരില്‍ ഒരമ്പലത്തിനു പോലും പോറലേല്‍ക്കരുതെന്നാണ് മഅ്ദനി പറഞ്ഞത്. ജയിലിലായിരുന്നതിനാല്‍ ഉപ്പയുടെ ലാളനയറിയാതെയാണ് വളര്‍ന്നത്. ഒടുവില്‍ ഉപ്പ മോചിതനായപ്പോള്‍ അവര്‍ ഉമ്മയെ കള്ളക്കേസിലാക്കി. ഉമ്മക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഉപ്പ വീണ്ടും ജയിലിലായി. വക്കീലായി, ജയിലിലടക്കപ്പെട്ട നിരപരാധികള്‍ക്ക് സഹായമെത്തിക്കാനാണ് അവസാനം ജയിലില്‍ച്ചെന്ന് കണ്ടപ്പോള്‍ ഉപ്പ നല്‍കിയ ഉപദേശം. ദയയല്ല, നീതിയാണ് സര്‍ക്കാറിനോടും കോടതിയോടും ആവശ്യപ്പെടുന്നതെന്നും ഉമര്‍ മുഖ്താന്‍ പറഞ്ഞു.

ഒരു പ്രത്യേക വിഭാഗത്തില്‍പെട്ടവരുടെ ഇ-മെയില്‍ ചോര്‍ത്തിയ ഭരണകൂടത്തിന്‍െറ നടപടി പൂഴ്ത്തിവെക്കുകയും വാര്‍ത്ത പുറത്തുവന്നതുമായി ബന്ധപ്പെട്ടവരെ കേസില്‍ കുടുക്കുകയുമാണ് കേരളസര്‍ക്കാര്‍ ചെയ്തതെന്ന് ഇ-മെയില്‍ വിക്ടിംസ് ഫോറം പ്രതിനിധി ടി. മുഹമ്മദ് വേളം ചൂണ്ടിക്കാട്ടി.

ദലിത് മുന്നേറ്റം തടയാനാണ് ഡി.എച്ച്.ആര്‍.എമ്മിന് നേരെയുണ്ടായ പൊലീസ് നടപടിയെന്ന് സുരേഷ് പറഞ്ഞു. തങ്ങള്‍ക്കെതിരെ പറയപ്പെട്ട തീവ്രവാദ കേസുകളിലൊന്നിലും കുറ്റപത്രം ഇനിയും നല്‍കിയിട്ടില്ല. കേസ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് മനസ്സിലാക്കേണ്ടത്. ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന്‍െറ പേരില്‍ സംഘപരിവാറും ഇടതുവോട്ട് ബാങ്ക് ചോര്‍ച്ചയുടെ പേരില്‍ സി.പി.എമ്മും തങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നുവെന്നും സുരേഷ് കുറ്റപ്പെടുത്തി.

Courtesy: Madhyamam daily

No comments:

Post a Comment