Saturday, October 27, 2012

നോട്ടപ്പുള്ളി സമുദായത്തിന്റെ പ്രതീകമാണ് മഅ്ദനി

-ശിഹാബ് പൂക്കോട്ടൂര്‍

''നാലു വയസ്സ് മുതല്‍ ഓര്‍ഫനേജിലാണ് ഞാന്‍ താമസിക്കുന്നത്. ഓര്‍മ വെച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ഉമ്മയുടെയും ഉപ്പയുടെയും കൂടെ വീട്ടില്‍ താമസിക്കുന്നത്. ജയിലില്‍ വാപ്പയെ ഓരോ തവണ കാണുമ്പോഴും കരച്ചില്‍ അടക്കിവെക്കാനുള്ള ശേഷി ഞാന്‍ നേടിയിരുന്നു. എന്നാല്‍, കഴിഞ്ഞ പ്രാവശ്യം കണ്ണിന്റെ കാഴ്ച പോയ ശേഷം ഉപ്പാനെ കാണുമ്പോള്‍ ആദ്യമായിട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു. ഒരു കണ്ണ് അടച്ച് പിടിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. ഇനി എനിക്ക് എന്റെ മക്കളെ കാണാന്‍ പറ്റിയില്ലെങ്കില്‍ എന്ന് അദ്ദേഹം പറയുമ്പോഴാണ് ആദ്യമായിട്ട് അദ്ദേഹം വിഷമിക്കുന്നത് പോലും ഞാന്‍ കാണുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴാണ് അദ്ദേഹം ഏറ്റവും ശക്തമായ ഭാഷയില്‍ സംസാരിച്ചത്. അന്ന് പോലും അദ്ദേഹം പറഞ്ഞത് 'ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു അമ്പലത്തിന്റെ മുറ്റത്തുനിന്നും ഒരു പിടി മണ്ണ് പോലും അതിക്രമമായി എടുത്തുപോകരുത്' എന്നാണ്.


''അവസാനമായി ഉപ്പയെ കാണുമ്പോള്‍ അദ്ദേഹം നല്‍കിയ ഉപദേശങ്ങളില്‍ ഒന്ന് നിയമം പഠിക്കണമെന്നായിരുന്നു. അത് അദ്ദേഹത്തിന് വേണ്ടി വാദിക്കാനായിരുന്നില്ല. മറിച്ച,് തനിക്ക് വേണ്ടി സംസാരിക്കാന്‍ ധാരാളം ആളുകളുണ്ട്. എന്നാല്‍, ഇതൊന്നുമില്ലാതെ പുറംലോകം കാണാതെ ഒരുപാടു പേര്‍ ജയിലറകളില്‍ കഴിയുന്നുണ്ട്. അവര്‍ക്ക് വേണ്ടി ഞാന്‍ നിയമം പഠിച്ച് വക്കീല്‍ ആവണമെന്നായിരുന്നു ഉപ്പാന്റെ ഉപദേശം. എന്റെ ഉപ്പാന്റെ കാര്യത്തില്‍ കോടതി ദയ കാണിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍, നീതി നടപ്പിലാക്കണമെന്ന ഒറ്റ അപേക്ഷ മാത്രമേ ഉള്ളൂ.''

ദല്‍ഹിയില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് നടത്തിയ കെട്ടിച്ചമച്ച കേസുകളുടെ ജനകീയ വിചാരണയില്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ മകന്‍ ഉമര്‍ മുഖ്താര്‍ പറഞ്ഞതാണീ വാക്കുകള്‍. ഇന്ത്യയിലെ മിക്ക മുസ്‌ലിം വീടുകളിലും ഇത്തരത്തിലുള്ള വിലാപങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നുണ്ട്. മകനോ പിതാവോ ഭര്‍ത്താവോ അന്യായമായി തടവിലാക്കപ്പെട്ടതിന്റെ കഥകള്‍ വാക്കുകള്‍ക്കതീതമാണ്.

അബ്ദുന്നാസിര്‍ മഅ്ദനി ഒരുകാലത്ത് കേരളത്തിന്റെ തെരുവോരങ്ങളിലെ സിംഹഗര്‍ജനമായിരുന്നു. അനേകമായിരം ആളുകളെ വാക്കുകളുടെ മാസ്മരികത കൊണ്ട് തന്റെ ആകര്‍ഷണവലയത്തിലാക്കി. പ്രഭാഷണ ചാതുരി കൊണ്ട് മാത്രമല്ല, രാഷ്ട്രീയ ഇടപെടലുകളിലൂടെയും കേരളത്തില്‍ അദ്ദേഹം ചര്‍ച്ചാവിഷയമായി. തദ്ദേശ സ്ഥാപനങ്ങളില്‍ ആയിരത്തഞ്ഞൂറോളം മെമ്പര്‍മാര്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേരില്‍ ജയിച്ചുകയറി. നിയമസഭാ മണ്ഡലങ്ങളില്‍ ഒറ്റക്കുനിന്ന് മത്സരിച്ച് പതിനായിരത്തിലധികം വോട്ടുകള്‍ പി.ഡി.പി സ്ഥാനാര്‍ഥികള്‍ നേടി. തൊണ്ണൂറുകളിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അസ്ഥിരതയില്‍ മഅ്ദനി ഒരഭയവും ആവേശവുമായി മാറി. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ മറവില്‍ നീണ്ട ഒരു പതിറ്റാണ്ട് അദ്ദേഹത്തെ ആസൂത്രിതമായി ജയിലറകളില്‍ തളച്ചിട്ടു. ഒടുവില്‍ നിരപരാധിയെന്നറിഞ്ഞ് കോടതി അദ്ദേഹത്തെ നിരുപാധികം വിട്ടയച്ചു. മഅ്ദനി സമൂഹത്തിന്റെ മറവികളെ നിരന്തരം വേട്ടയാടി. സ്വന്തം ഭാര്യയെ വരെ മീഡിയയും സമൂഹവും ക്രിമിനലും ദേശദ്രോഹിയുമാക്കി ചിത്രീകരിച്ചു. സമുദായത്തിലെ വരേണ്യ വിഭാഗവും അതില്‍ പങ്കാളികളായി. ഒടുവില്‍ ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ വിചാരണാ തടവുകാരനായി രണ്ടു വര്‍ഷം പിന്നിടുന്നു. ജാമ്യാപേക്ഷകള്‍ ബോധപൂര്‍വം മാറ്റിവെച്ചും ചികിത്സ നിഷേധിച്ചും ക്രൂരമായി അദ്ദേഹത്തെ വേട്ടയാടുന്നു.

കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഈയിടെ അവസരമുണ്ടായി. സുഹൃത്തുക്കളായ എസ്. സമീര്‍, കെ.എസ് നിസാര്‍, സഫീര്‍ഷ എന്നിവരോടൊന്നിച്ച് ഒരു മണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചു. അചഞ്ചല വിശ്വാസത്തിന്റെ പ്രസരിപ്പും പ്രാര്‍ഥനയുടെ കരുത്തും പീഡിതാവസ്ഥയിലും അദ്ദേഹത്തെ പ്രശോഭിതനാക്കി. നീതിബോധമുള്ള മുഴുവന്‍ ആളുകളുടെയും മുന്നില്‍ മഅ്ദനി ഒരു ചോദ്യചിഹ്നമാണ്. നാലായിരം ദിവസത്തെ ജയില്‍ വാസമനുഭവിച്ച ഒരു മനുഷ്യന്‍ ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെയാണ് പുനര്‍വായനക്ക് വിധേയമാക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ 'ഇനി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ കേസുകള്‍ മാത്രമാണ് തന്റെ പേരില്‍ ചുമത്താനുള്ളത്'.ബാക്കിയുള്ള മുഴുവന്‍ സ്‌ഫോടനങ്ങളുടെയും പിന്നില്‍ മഅ്ദനി പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഉസാമ ബിന്‍ലാദിനും കാന്തപുരവും മഅ്ദനിയും എം.എ യൂസുഫലിയും ഇന്ത്യയിലെ അന്വേഷണ വിഭാഗത്തിന്റെ മുന്നില്‍ തുല്യരാണ്. ഓരോരുത്തരുടെയും ഊഴമനുസരിച്ച് അവരെ വേട്ടയാടാന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ തയാറെടുപ്പിലാണ്. സാധാരണക്കാരനും പണക്കാരനും പത്രപ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനും മതേതര നാട്യമുള്ളവരും മതപണ്ഡിതന്മാരും സമുദായത്തില്‍ പിറന്നവരാണെങ്കില്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നവരാണ്. ആര്‍.എസ്.എസിന്റെ മുഖപത്രം കേരളത്തിലെ ഒന്നാമത്തെ തീവ്രവാദിയായി വിലയിരുത്തിയത് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെയാണ്. പിന്നെ പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും മുറക്കുണ്ട്. സമുദായത്തില്‍ പിറന്നവരാണെങ്കില്‍ അള്‍ട്രാ സെക്യുലറായ മുശീറുല്‍ ഹസനും എ.പി.ജെ അബ്ദുല്‍ കലാമും ഷാറൂഖ് ഖാനുമൊന്നും ടാര്‍ഗറ്റഡ് വൃത്തത്തില്‍ നിന്നും പുറത്തല്ല. യൂറോപ്പും അമേരിക്കയും പുറത്തുവിട്ട ഇസ്‌ലാമോഫോബിയയെ പരിഭ്രാന്തിയോടെ കണ്ടിരുന്ന ഇസ്‌ലാമിക സമൂഹം ഇറാഖിലെ രണ്ടാം അധിനിവേശാനന്തരം ചെറുക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുസ്‌ലിം വിരുദ്ധ ഭാവനകളെയും രാഷ്ട്രീയത്തെയും സാംസ്‌കാരിക നിര്‍മിതിയെയും വൈജ്ഞാനിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഇസ്‌ലാമിക സമൂഹവും പ്രതിരോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ പ്രതിരോധം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അതിനെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢ ശ്രമങ്ങളാണ് മൊസാദും സി.ഐ.എയും ആര്‍.എസ്.എസ്സുമെല്ലാം ചേര്‍ന്ന് ഇന്ത്യയില്‍ നടത്തുന്നത്.

നോട്ടപ്പുള്ളിയായ ഒരു സമുദായത്തിന്റെ ഐക്കണാണ് മഅ്ദനി. മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള തീര്‍പ്പുകളില്‍ മാധ്യമങ്ങള്‍ കോടതികളായി മാറി. ലൗജിഹാദ് വിവാദത്തിലും ഇ-മെയില്‍ ചോര്‍ത്തലിലും സമുദായ സംരക്ഷണമേറ്റെടുത്തവര്‍ സ്വന്തം പാര്‍ട്ടിക്കാരെത്തന്നെ തള്ളിപ്പറഞ്ഞു. കുളിച്ചു വൃത്തിയായി 'മതേതര' വസ്ത്രം ധരിച്ചു മഹാമൗനം പിന്തുടര്‍ന്ന് അധികാരത്തിന്റെ അരമനകള്‍ തേടിയിറങ്ങി. ചാനല്‍ക്കൂട്ടില്‍ കയറി സമുദായ സംരക്ഷണത്തിന്റെ പാപക്കറ ഏറ്റുപറഞ്ഞ് കുമ്പസരിച്ചു. ജന്മഭൂമിയും മാതൃഭൂമിയും തമ്മില്‍ വ്യത്യാസമില്ലാതായി. യൂത്ത്‌ലീഗും യുവമോര്‍ച്ചയും ലയനം പ്രാപിച്ചു. പരമതവിദ്വേഷവും മുസ്‌ലിം ചിഹ്നങ്ങളോടുള്ള പകയും അന്തരീക്ഷത്തില്‍ നിറഞ്ഞാടി. മനോരമയും കൗമുദിയും സംഘ്പരിവാറിന്റെ ലഘുലേഖകളായി മാറി. രാജ്യം മുഴുവന്‍ മുസ്‌ലിംവിരുദ്ധതയുടെ മാറാപ്പുമായി ഊരുചുറ്റുന്ന സുബ്രഹ്മണ്യ സ്വാമിക്കു സ്വീകരണം കൊടുത്ത പത്രമാധ്യമങ്ങളില്‍നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുന്നത് ന്യായമല്ല. ഉന്മാദ ദേശീയതയുടെയും വ്യാജ രാജ്യസ്‌നേഹത്തിന്റെയും ചെലവില്‍ പ്രത്യേക സമുദായത്തെ ക്രൂശിക്കാന്‍ അവര്‍ തയാറായി. ഏതു സാഹചര്യത്തിലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെട്ട സമുദായത്തെ പ്രതികളാക്കി ഉപയോഗപ്പെടുത്താമെന്ന ഭരണകൂടത്തിന്റെ തന്ത്രങ്ങള്‍ക്ക് മാധ്യമങ്ങള്‍ സ്തുതി പാടി. വ്യാജ ഏറ്റുമുട്ടലുകളുടെയും സ്‌ഫോടന പരമ്പരകളുടെയും പിന്നിലെ ആര്‍.എസ്.എസ് ബന്ധം തെളിഞ്ഞ സന്ദര്‍ത്തിലും തിരുത്തിയെഴുതാന്‍ അവര്‍ തയാറായില്ല. വ്യാജ ഏറ്റുമുട്ടലുകളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് പ്രവീണ്‍ സ്വാമി പേജുകളിലും മുസ്‌ലിം പ്രീണനത്തിനെതിരെ സുബ്രഹ്മണ്യ സ്വാമി കോടതികളിലും മുസ്‌ലിംവിരുദ്ധ പ്രഭാഷണങ്ങളുമായി പ്രവീണ്‍ തൊഗാഡിയ വേദികളിലും കയറിയിറങ്ങി. സോഷ്യല്‍ ഓഡിറ്റിംഗിന് മാധ്യമങ്ങളെ വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഏതു കേസിലെയും പ്രതികള്‍ മുസ്‌ലിംകളാണെങ്കില്‍ തീവ്രവാദം, ഇതരരാണെങ്കില്‍ മനോരോഗം എന്നീ രണ്ട് സിം കാര്‍ഡുകളാണ് മാധ്യമ ഫോണുകള്‍ നിരന്തരം ഉപയോഗിക്കുന്നത്.

ഇന്ത്യയിലെ വിവിധ ജയിലുകളിലായി ആയിരക്കണക്കിന് നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരുണ്ട്. മഅ്ദനി അവരുടെ കൂട്ടത്തിലെ ഒരു വ്യക്തി മാത്രമല്ല. മതചിഹ്നങ്ങള്‍ ഉപയോഗിക്കുകയും മതപണ്ഡിതനായി രാഷ്ട്രീയം പറയുകയും ചെയ്യുന്നവനാണ്. മതാധിഷ്ഠിതമായ രാഷ്ട്രീയ പ്രയോഗങ്ങളെ തീവ്രവാദത്തിലേക്ക് ചേര്‍ക്കാന്‍ 'മതേതര' യുക്തിക്ക് നിഷ്പ്രയാസം സാധിക്കുന്നു.

കെട്ടിച്ചമച്ച കേസുകളിലൂടെ ഭരണകൂടത്തിന്റെ വിവേചനമനുഭവിക്കുന്നവര്‍ ഏറ്റവും വലിയ 'ജനാധിപത്യ' രാഷ്ട്രത്തില്‍ വര്‍ധിച്ചുവരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ആവിഷ്‌കാരങ്ങള്‍ പോലും ഭരണകൂട ധ്വംസനങ്ങള്‍ക്ക് വിധേയമാവുന്നു. 'പാപ്പിലിയോ ബുദ്ധ' എന്ന സിനിമക്ക് പ്രദര്‍ശനാനുമതി സര്‍ക്കാര്‍ നിഷേധിച്ചത് ദലിതന്റെയും ആദിവാസിയുടെയും ജീവിതം പകര്‍ത്തിയതിന്റെ പേരിലാണ്. പ്രത്യേക വിഭാഗങ്ങള്‍, അവര്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ എന്നിവ പ്രശ്‌നവത്കൃതമായിട്ടാണ് നമ്മുടെ ഭാവനകളും മീഡിയയും അവതരിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലെ അഅ്‌സംഗഢ് തീവ്രവാദികളുടെ ഹബ്ബായിട്ടാണ് ദേശീയ പത്രമാധ്യമങ്ങള്‍ വിവരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഈയിടെ ചെയ്ത ഒരു സ്റ്റോറിയില്‍ 'ബീഹാര്‍ അഅ്‌സംഗഢാ'കുന്നു എന്നാണ് തലക്കെട്ട് ചേര്‍ത്തിരിക്കുന്നത്. തീവ്രവാദം, ഭീകരവാദം എന്ന പദാവലികള്‍ക്ക് പകരം പ്രത്യേകമായി നിര്‍മിക്കപ്പെട്ട സ്ഥലങ്ങളുടെയോ വ്യക്തികളുടെയോ പേരുകള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നു. അതിലൂടെ സൂക്ഷ്മമായി ഓരോ വ്യക്തിയുടെയും പ്രദേശത്തിന്റെയും സ്വയംനിര്‍ണയാവകാശങ്ങളെ നിശ്ശബ്ദമാക്കുകയും ചെയ്യുന്നു. മഅ്ദനി ഇതുപോലെ നിര്‍മിച്ചെടുത്ത ഒരു പദാവലിയാണ്. ഭരണകൂടവിരുദ്ധ പദാവലികളെ മഅ്ദനിയിലേക്ക് ആവാഹിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തിയ പ്രതീകമാണ് അദ്ദേഹം.

പ്രഭാഷകനില്‍നിന്ന് മഅ്ദനി പ്രബോധകനിലേക്കും മാറിയിരിക്കുന്നു. ധാരാളമാളുകള്‍ക്ക് ഇസ്‌ലാമിനെ പഠിപ്പിച്ചും ഹിദായത്തിനു നിമിത്തമായും 4000 ദിവസങ്ങള്‍ പിന്നിട്ട ജയില്‍വാസം അനുഭൂതിദായകമാക്കി മാറ്റിയിരിക്കുന്നു. മര്‍ദിതന്റെ പ്രാര്‍ഥനക്കു മുന്നില്‍ മറയും വഴിദൂരവുമില്ല എന്ന പ്രവാചക വചനത്തെ അന്വര്‍ഥമാക്കുന്ന ദൈവത്തിന്റെ ഇടപെടലുകള്‍ അദ്ദേഹത്തിന്റെ കാരാഗൃഹ വാസത്തിലുണ്ടായിട്ടുണ്ട്. തന്നെ ബാംഗ്ലൂരിലേക്ക് ആഘോഷപൂര്‍വം കൊണ്ടുപോയ കര്‍ണാടക ഡി.ജി.പി ഓംകാരയ്യ ഇപ്പോള്‍ പോലീസ് സേനയുടെ തലപ്പത്തുനിന്നും മാറ്റപ്പെട്ടു. ആഭ്യന്തര മന്ത്രിയായിരുന്ന ആചാര്യ കുഴഞ്ഞ് വീണ് മരിച്ചു. കോട്ടക്കല്‍ ആര്യ വൈദ്യശാലയിലേക്ക് ചികിത്സ ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ത്ത യെദിയൂരപ്പ അതേ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ തേടി വന്നു. ഒടുവില്‍ മഅ്ദനി കിടക്കുന്ന പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കും അദ്ദേഹം തടവുപുള്ളിയായി പ്രവേശിപ്പിക്കപ്പെട്ടു. അധികാര ഭ്രഷ്ടനാവുകയും ചെയ്തു. നിരപരാധികളായ മനുഷ്യരുടെ രോദനങ്ങള്‍ക്ക് ദൈവം വിളിപ്പാടകലെ നിന്ന് ഇടപെട്ടുകൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങളില്‍ ചിലതു മാത്രമാണിവ.

No comments:

Post a Comment