രാഷ്ട്രീയപ്രബുദ്ധതയുടെയും ധര്‍മപ്രചോദിതമായ പ്രതികരണശേഷിയുടെയും വീമ്പുപറയുന്ന മലയാളിയുടെ എല്ലാ മനോവീര്യവും ചോര്‍ത്തിക്കളയുന്ന മറുപടിയില്ലാ ചോദ്യമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനി. നീതിയുടെയും ന്യായത്തിന്റെയും എന്നല്ല, സാമാന്യബുദ്ധിയുടെ പോലും പ്രാഥമികമര്യാദകള്‍ ലംഘിച്ചാണ് ഒരു മനുഷ്യന് ജനാധിപത്യരാഷ്ട്രത്തിന്റെ ഔദ്യോഗികസംവിധാനങ്ങള്‍ തടവുശിക്ഷ തീര്‍ത്തിരിക്കുന്നത്. ഒന്നഴിയുമ്പോള്‍ മറ്റൊന്നു മുറുക്കാന്‍ പാകത്തില്‍ നമ്മുടെ രാഷ്ട്രീയ, നിയമപാലന, നീതിന്യായസംവിധാനങ്ങള്‍ ഇത്ര കണിശമായി കണ്ണിലെണ്ണയൊഴിച്ച് ഒരാളെ തീതീറ്റാന്‍ കാവലിരിക്കുന്ന അനുഭവം ഇന്ത്യയില്‍ അധികമില്ല.
ഉന്നയിക്കപ്പെടുന്ന കുറ്റാരോപണങ്ങളെല്ലാം വ്യാജവും ബാലിശവുമാണെന്ന് കോടതിമുറിയില്‍ വ്യക്തമാവുന്നു. സര്‍ക്കാര്‍ സംവിധാനത്തെ പോലും അപകടകരമാം വിധം പുച്ഛിക്കുന്ന വ്യാജങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു. സാക്ഷികളെന്നു പറഞ്ഞു കൊണ്ടുവരുന്നവര്‍ തങ്ങള്‍ ആര്‍ക്കോ വേണ്ടി കെട്ടിയെഴുന്നെള്ളിക്കപ്പെടുകയാണെന്നു വിളിച്ചുപറയുന്നു. ഭീകരവാദം, രാജ്യത്തിനെതിരായ യുദ്ധം, ഗൂഢാലോചന, വധശ്രമം തുടങ്ങി എണ്ണമറ്റ അപരാധങ്ങളുടെ അകമ്പടിയോടെ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ പതിറ്റാണ്ടു നീണ്ട തടവ് അനുഭവിച്ച ശേഷം നിരപരാധിയെന്നു പറഞ്ഞു കോടതി വിട്ടയച്ച ഒരാളുടെ കാര്യത്തിലാണ് ഇതെന്നോര്‍ക്കണം. കോയമ്പത്തൂര്‍ ജയിലില്‍ നിന്നിറങ്ങി വരുമ്പോള്‍ എത്ര ആവേശപൂര്‍വമാണ് അന്ന് നാട് ഈ മനുഷ്യനെ എതിരേറ്റത്! മന്ത്രിമാരും രാഷ്ട്രീയനേതാക്കളുമടക്കം കോടതിയുടെ മുക്തിപ്രഖ്യാപനം ആഘോഷപൂര്‍വം ഏറ്റുപറഞ്ഞ് തങ്ങളുടെ നിഷ്ക്രിയത്വത്തിനും നന്ദികേടിനും പേര്‍ത്തും പേര്‍ത്തും കുമ്പസരിച്ചത്! സര്‍ക്കാര്‍ സംവിധാനങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലും കാവലിലുമാണ് ആ മനുഷ്യനെ പിന്നെ കേരളം കൊണ്ടുനടന്നത്.
എന്നാല്‍, ഈ സത്യങ്ങള്‍ക്കെല്ലാം താറടിക്കാന്‍ പോന്ന ആരോപണക്കെട്ടുകള്‍ പിന്നീട് എവിടെ നിന്നെല്ലാമോ സംഘടിപ്പിക്കപ്പെട്ടു. ഉദാഹരണങ്ങള്‍ പുതിയതായിരുന്നുവെങ്കിലും ചേരുവകളെല്ലാം പഴയതുതന്നെ. എങ്കില്‍ ഇത്രമേല്‍ വലിയൊരു അപരാധിയെ പതിറ്റാണ്ടുകാലം തടവിലിട്ട ശേഷം ഒരു നഷ്ടപരിഹാരവും നല്‍കാതെ, ഒരു കുറ്റബോധവും പ്രകടിപ്പിക്കാതെ നിരപരാധമുദ്രയുമായി കൂടു തുറന്നുവിട്ടതെന്ത്, അതിനുശേഷം കേരളത്തിന്റെ സാമൂഹികമണ്ഡലത്തില്‍ സജീവമായിനിന്ന രണ്ടു വര്‍ഷക്കാലം ഇടവും വലവും സുരക്ഷാകാവലിലുള്ള അയാള്‍ക്ക് ഇക്കണ്ട വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കൊക്കെ തരവും നേരവുമെവിടെ എന്നൊന്നും ആരും ചോദിക്കരുത്. കേസും വാദിയും പ്രതിയുമൊക്കെ തീരുമാനിക്കപ്പെടുന്നതിന്റെ ന്യായാന്യായങ്ങളും മാനദണ്ഡങ്ങളുമൊന്നും ഇക്കാര്യത്തില്‍ ചികയുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നാണ് കഴിഞ്ഞ നാലു ദിനങ്ങളിലായി 'മാധ്യമം' വായനക്കാര്‍ക്കു മുന്നിലെത്തിച്ച മഅ്ദനിയുടെ കേസുകെട്ടുകളുടെ നാള്‍വഴികള്‍ വ്യക്തമാക്കുന്നത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം വ്യാജമാണെന്നും നിയമത്തിനു മുന്നില്‍ ഗതി പിടിക്കാത്തതാണെന്ന് കോടതിയില്‍തന്നെ തീര്‍ച്ചപ്പെട്ടിരിക്കെ, അന്ധത ബാധിച്ച വികലാംഗനായ ഒരു തടവുപുള്ളിക്കു കിട്ടേണ്ട ജാമ്യം എന്ന മിനിമം അവകാശത്തിനു വേണ്ടി കയറിവരുന്നയാളോട് ജാമ്യം ഒഴിച്ചു മറ്റെന്തും ചോദിക്കാന്‍ പറയുന്ന വ്യവസ്ഥയെ എന്തുപേരു ചൊല്ലി വിളിക്കും?
ഒമ്പതു വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന കേസിന്റെ അതേഗതിയിലാണ് ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ കേസും നീങ്ങുന്നതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. സ്ഫോടനത്തിന്റെ പേരില്‍ മഅ്ദനിയുടെ പേരില്‍ ചാര്‍ത്തപ്പെട്ട കുറ്റം ശരിവെക്കപ്പെട്ടാല്‍ ലഭിച്ചേക്കാവുന്ന ശിക്ഷാ കാലം ഇപ്പോള്‍ അദ്ദേഹം ജയിലില്‍ അനുഭവിച്ചുതീര്‍ത്തിരിക്കണം. ലോകത്തിന്റെ നാനാദിക്കുകളിലെ മനുഷ്യാവകാശപ്രശ്നങ്ങളില്‍ കേരളം അലമുറയിടുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കേരളീയര്‍ ജീവകാരുണ്യവും ദുരിതാശ്വാസവും കയറ്റിയയക്കുന്നുണ്ട്. എന്നാല്‍, തങ്ങളുടെ കണ്‍വെട്ടത്തിലെ ഈ കൊടിയ അധാര്‍മികതയോട് എതിരിടാന്‍ അവര്‍ക്കു കെല്‍പില്ലാതെ പോകുന്നതെന്തു കൊണ്ട്? ഒരു ഭീകരരാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രബുദ്ധകേരളം ആര്‍ജവത്തോടെ പ്രതികരിച്ചതിന്റെ ഫലം കേരളം ഈയടുത്ത് കണ്ടറിഞ്ഞതാണ്. രാഷ്ട്രീയനിറം നോക്കിയല്ല, മനുഷ്യത്വം മാത്രം മുന്‍നിര്‍ത്തിയാണ് പച്ചക്കരളുള്ള മനുഷ്യരെല്ലാം ടി.പി വധത്തില്‍ ശക്തമായി പ്രതികരിച്ചതും അതില്‍ ഭരണകൂടം കൈക്കൊണ്ട നടപടികളെ പിന്തുണച്ചതും. ഇവിടെ ഒരു മനുഷ്യനെയും അയാളുടെ കുടുംബത്തെയും ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരുന്നിട്ടും ആര്‍ക്കും ഒന്നും ചെയ്യാനില്ലെന്നാണോ? രണ്ടു വര്‍ഷം മുമ്പ് ഒരു നോമ്പുകാലത്ത് മഅ്ദനിയെ കര്‍ണാടക പൊലീസ് കേരളത്തില്‍ വന്ന് പിടിച്ചുകൊണ്ടു പോകുമ്പോള്‍ അന്തര്‍സംസ്ഥാന ബന്ധങ്ങളുടെ ന്യായത്തില്‍ തൂങ്ങി നിസ്സഹായതയുടെ കൈമലര്‍ത്തി ഭരണകൂടം. അറസ്റ്റ് ഒരു നിലക്കും ന്യായീകരണമര്‍ഹിക്കുന്നില്ലെന്നറിയാവുന്ന രാഷ്ട്രീയനേതൃത്വം നിയമം നിയമത്തിന്റെ വഴിക്കെന്നു നാവേറു പാടി.
മഅ്ദനിക്കെതിരെ കുരുക്കുകള്‍ മുറുക്കുമ്പോള്‍ നിയമപുസ്തകത്തിന്റെ അച്ചടിഭാഷ തെറ്റാതെ സംസാരിച്ചവര്‍ ഒന്നൊന്നായി പിന്നീട് വിധിവിപര്യയത്തില്‍ ചെന്നുചാടിയത് പ്രപഞ്ചനീതിയുടെ ഭാഗം. മഅ്ദനിയെ പിടികൂടാന്‍ ചാടിപ്പുറപ്പെട്ട കര്‍ണാടക മുഖ്യന്‍ യെദിയൂരപ്പ, സുപ്രീംകോടതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള ഒരു മണിക്കൂര്‍ പോലും കാത്തിരിക്കാതെ സൗകര്യപൂര്‍വം പിടിച്ചുകൊടുത്ത എല്‍.ഡി.എഫ് സര്‍ക്കാര്‍, അത് ആഘോഷപൂര്‍വം കൊണ്ടാടിയ അന്നത്തെ പ്രതിപക്ഷം-പില്‍ക്കാലത്ത് ഇവരില്‍ പലരും പ്രത്യക്ഷമായ കേസുകളില്‍ തന്നെ പ്രതിക്കൂട്ടിലായി. പക്ഷേ, അരിയില്‍ വധക്കേസില്‍ സി.പി.എമ്മും കുനിയില്‍ വധത്തില്‍ മുസ്ലിംലീഗുമൊന്നും നിയമത്തെ വഴിക്കു വിടാനല്ല, വരുതിക്കു നിര്‍ത്താനാണ് ശ്രമിച്ചത്. ഇപ്പോഴും മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവ് ഇ.ടി. ബഷീറുമൊക്കെ ആ കിഞ്ചനവര്‍ത്തമാനംതന്നെ ആവര്‍ത്തിക്കുന്നത് ദുരുപദിഷ്ടമാണ്. നിയമത്തെ വഴിക്കു നീങ്ങാന്‍ വിടാത്തതാണ് മഅ്ദനി കേസിലെ യഥാര്‍ഥപ്രശ്നം. ഒരാളെ ഒരുവട്ടം ജയിലില്‍ പൂട്ടി ഒമ്പതുകൊല്ലം കേസ് നീട്ടിക്കൊണ്ടു പോയി. അവിടെ കുറ്റമുക്തനായി പുറത്തുവന്ന കക്ഷിയെ വീണ്ടും അഴിക്കകത്ത് പിടിച്ചിട്ടിട്ട് രണ്ടു വര്‍ഷം കഴിയുന്നു. ഇവിടെ മഅ്ദനിക്കെതിരായ കേസുകള്‍ എത്രയും വേഗം വിചാരണക്കെടുത്ത് തീര്‍പ്പാക്കാന്‍, നിയമനടപടികള്‍ക്കു വേഗംകൂട്ടാന്‍ മുന്‍കൈയെടുക്കുകയാണ് ഇച്ഛാശക്തിയുള്ള രാഷ്ട്രീയ, ഭരണനേതൃത്വങ്ങള്‍ ചെയ്യേണ്ടത്. കുറ്റവാളിയെങ്കില്‍ ശിക്ഷ, നിരപരാധിയെങ്കില്‍ മുക്തി. അതു വ്യക്തമാവേണ്ടത് മഅ്ദനിയുടെ മാത്രമല്ല, കേരളത്തിന്റെ കൂടി ആവശ്യമാണ്. മലയാളിയായ മഅ്ദനിയുടെ പേരില്‍ ചാര്‍ത്തിയിരിക്കുന്ന വിലക്ഷണമുദ്രകള്‍ കേരളത്തിനും അപമാനമാണ്. അതിനാല്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി വിചാരണയിലൂടെ, കോടതി തീര്‍പ്പിലൂടെ പുറത്തുവരട്ടെ. അതിവേഗം ബഹുദൂരം സുതാര്യകേരളത്തിനു വേണ്ടി യത്നിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നിയമത്തെ വഴിക്കു നീക്കാന്‍ വേണ്ടതു ചെയ്താല്‍ മതി. അതൊരു മഹദ്സേവനമായിരിക്കും. മഅ്ദനിയോടല്ല, ജനാധിപത്യത്തോടും നീതിപാലനത്തോടും സര്‍വോപരി, മനുഷ്യത്വത്തോടും.
Madhyamam Editorial
No comments:
Post a Comment