കോഴിക്കോട് കെ.എസ്.ആര്‍. ടി.സി ബസ്സ്റ്റാന്‍ഡില്‍വെച്ച് കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതി ഊമ ബാബുവിനെ പിടികൂടുന്നതോടെയാണ് ബംഗളൂരു കോടതിയില്‍ വാറന്‍റ് വന്നുകിടക്കുന്ന കോഴിക്കോട് കേസിന്‍െറ തുടക്കം. 1998ലാണ് സംഭവം നടക്കുന്നത്. ഊമ ബാബുവിനെ ചോദ്യംചെയ്ത പൊലീസിന് കോഴിക്കോട് നല്ലളം സ്വദേശി അശ്റഫ്, തിരൂര്‍ സ്വദേശി സുബൈര്‍ എന്നിവരാണ് സംരക്ഷണം നല്‍കിയതെന്ന വിവരം ലഭിക്കുന്നു. ’98 മാര്‍ച്ചില്‍ കോഴിക്കോട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നു. ഊമ ബാബുവിന് തോക്ക് സംഘടിപ്പിച്ചുനല്‍കിയതിന് അയ്യപ്പന്‍ എന്നൊരാളും പിടിയിലാവുന്നു.
അശ്റഫില്‍നിന്ന് കണ്ടെടുത്ത പാസ്പോര്‍ട്ടില്‍ ബാങ്കോക്കില്‍ പോയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ പാകിസ്താനില്‍ ഐ.എസ്.ഐ പരിശീലനത്തിന് പോകാനാണ് ബാങ്കോക് സന്ദര്‍ശിച്ചതെന്നും മഅ്ദനിയാണ് തന്നെ പറഞ്ഞയച്ചതെന്നും അശ്റഫ് ‘മൊഴി’ നല്‍കുന്നു. അതോടെ സംഭവം ക്ളീന്‍! മഅ്ദനിയെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പിന്നെ താമസമുണ്ടായില്ല. രാജ്യദ്രോഹം, രാജ്യത്തിനെതിരെ യുദ്ധംചെയ്യാന്‍ പരിശീലനത്തിനയച്ചു, ആയുധനിയമം തുടങ്ങിയ വകുപ്പുകള്‍ പിറകെവന്നു. അശ്റഫ്, സുബൈര്‍, അയ്യപ്പന്‍, മഅ്ദനി, ഹാരിസ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം കോയമ്പത്തൂര്‍ കേസിലും പ്രതികളായിരുന്നു. സമാനസ്വഭാവമുള്ള കേസുകളായിരുന്നിട്ടും എല്ലാവരും നിരപരാധികളാണെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. കോഴിക്കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന് മഅ്ദനിയുള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍, 12 വര്‍ഷത്തിനുശേഷവും കേസ് തീര്‍ന്നിട്ടില്ല. കോയമ്പത്തൂര്‍ ജയിലിലായിരുന്നതിനാല്‍ കേസ് പരിഗണിച്ചപ്പോഴൊന്നും കോടതിയില്‍ ഹാജരാവാന്‍ കഴിഞ്ഞില്ല. പലപ്പോഴും വാറന്‍റുള്ള വിവരംപോലും മഅ്ദനി അറിയാതെ പോയി. സ്വാഭാവികമായും പ്രതിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കോടതി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തു.
ഐ.എസ്.എസ് നിരോധിച്ചശേഷം ’93 ജനുവരിയിലാണ് മഅ്ദനി ആദ്യ തടവ് അനുഭവിക്കുന്നത്. മൂന്നു മാസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കിടന്നു. ജയില്‍മോചിതനായശേഷമാണ് പി.ഡി.പി രൂപവത്കരിക്കുന്നത്. ’92ല്‍ മുതലക്കുളം മൈതാനിയില്‍ നടത്തിയ പ്രസംഗത്തിന്‍െറ പേരില്‍ കോഴിക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 1996ല്‍ വാറന്‍റ് പുറപ്പെടുവിക്കുന്നതോടെയാണ് മഅ്ദനിയുടെ മേല്‍ യഥാര്‍ഥ കുരുക്ക് മുറുകുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞ് ’98ലാണ് അദ്ദേഹത്തെ കണ്ണൂര്‍ ജയിലില്‍ റിമാന്‍റ് ചെയ്യുന്നത്. ഇതു മൂന്നുമാസം നീണ്ടു. അപ്പോഴേക്കും കോയമ്പത്തൂര്‍ കേസിലെ തിരക്കഥ തയാറായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅ്ദനിയെ കോയമ്പത്തൂര്‍ പൊലീസ് കൊണ്ടുപോവുകയും ചെയ്തു.
ഐ.എസ്.എസ് നിരോധിച്ചതിനുശേഷം 1992 ഡിസംബര്‍ 13ന് അന്‍വാര്‍ശേരിയില്‍ മഅ്ദനിയും മറ്റു 17 പേരും യോഗം ചേര്‍ന്നെന്നാരോപിച്ച് കൊല്ലം ശാസ്താംകോട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബംഗളൂരു ജയിലിലെത്തിയിരിക്കുന്ന രണ്ടാമത്തെ വാറന്‍റ്. ആയുധനിയമം, സ്ഫോടക വസ്തു നിയമം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്റര്‍, അന്‍വാര്‍ശേരിയിലെ വിദ്യാര്‍ഥികള്‍ എന്നിവരും കേസില്‍ പ്രതികളാണ്. റിവോള്‍വര്‍, മൂന്നു തിരകള്‍, വെടിമരുന്ന് എന്നിവ അന്‍വാര്‍ശേരിയില്‍നിന്ന് കണ്ടെടുത്തതായും പൊലീസ് രേഖയിലുണ്ട്. കൊല്ലം സെഷന്‍സ് കോടതിയായിരുന്നു കേസ് തുടക്കത്തില്‍ പരിഗണിച്ചിരുന്നത്. പിന്നീടാണ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. കേസില്‍ മഅ്ദനി ജാമ്യമെടുത്തെങ്കിലും വിചാരണവേളയില്‍ കോയമ്പത്തൂരിലായിരുന്നതിനാല്‍ ഹാജരാവാന്‍ കഴിയാതെ പോയി. ഈ കേസിലാണ് നീണ്ട 20 വര്‍ഷത്തിനുശേഷം പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്.
മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലില്‍ സൂഫിയ സന്ദര്‍ശിച്ചപ്പോള്‍ അധികൃതര്‍ അപമര്യാദയായി പെരുമാറിയതിന് പകരംചോദിക്കാന്‍ കോയമ്പത്തൂര്‍ പ്രസ്ക്ളബിന് സമീപത്തെ ബൂത്തില്‍ ടൈമറോടുകൂടിയ സ്ഫോടകവസ്തുക്കള്‍ നിറച്ച ബാഗ് കൊണ്ടുവെച്ചുവെന്നതാണ് മൂന്നാമത്തേതും ഏറ്റവും അപകടകരവുമായ കേസ്. 2002ലാണ് സംഭവം നടക്കുന്നത്. കാക്കനാട് സ്വദേശി ശബീര്‍, തിക്കോടി നൗഷാദ് എന്നിവരെയാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം പിടികൂടുന്നത്. ദേശസുരക്ഷാ നിയമം അനുസരിച്ച് ഇവരെ ഒരു വര്‍ഷം തടവിലിട്ടു. എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് ജാമ്യം ലഭിച്ചു. കേസിലെ നാലാം പ്രതിയായ കണ്ണൂര്‍ സ്വദേശി ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ പിടിയിലായതോടെയാണ് നസീര്‍ ഈ കേസില്‍ വരുന്നത്. പിന്നീട് നസീര്‍ മൂന്നാം പ്രതിയാവുന്നതാണ് കണ്ടത്. നസീര്‍ വന്നതോടെ മഅ്ദനിയിലേക്കുള്ള വഴി തെളിഞ്ഞു. അദ്ദേഹം അഞ്ചാം പ്രതിയായി. മഅ്ദനി ആവശ്യപ്പെട്ടപ്രകാരമാണ് സ്ഫോടക വസ്തുക്കള്‍ വെച്ചതെന്നായി കേസ്. ഇവരെ കൂടാതെ സാബിര്‍ എന്ന പ്രതികൂടിയുണ്ട്. ഇയാള്‍ ഒളിവിലാണ്. കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന് പ്രതികളുമായി പ്രസ്ക്ളബില്‍ സ്ഫോടകവസ്തു വെക്കാന്‍ മഅ്ദനി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ 10 വര്‍ഷത്തിനുശേഷം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അതും ബംഗളൂരു സ്ഫോടന കേസില്‍ ജയിലിലായതിനുശേഷം. നസീറിന്‍െറ മൊഴിയാണ് ഈ കേസിലും മഅ്ദനിക്കെതിരെയുള്ളത്.
മുഴുസമയ സെക്യൂരിറ്റിയുള്ള കോയമ്പത്തൂര്‍ സെല്ലിലിരുന്നാണ് മഅ്ദനി ഫോണില്‍ ഗൂഢാലോചന നടത്തുന്നത്! ഇതൊക്കെയും വിശ്വസിച്ചേ മതിയാകൂ. കാരണം, സംഗതി രാജ്യദ്രോഹ കുറ്റമാണ്. അന്വേഷണം ഇപ്പോഴും മുറക്കു നടക്കുകയാണ്. ഇതാണ് മൂന്നാമത്തെ വാറന്‍റായി കിടക്കുന്ന കേസ്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന ചെറു കേസുകള്‍ വേറെയുമുണ്ട്. പി.ഡി.പി രൂപവത്കരിച്ചശേഷവും അതിനു മുമ്പും നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് ഈ കേസുകളത്രയും. 23 കേസുകളാണ് ആകെയുണ്ടായിരുന്നത്. അവയില്‍ പലതും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വാറന്‍റായി കിടന്നു. കൊല്ലം ജില്ലയില്‍ മാത്രം 13 കേസുകളുണ്ടായിരുന്നു. കരുനാഗപ്പള്ളി കോടതിയിലായിരുന്നു ഇതില്‍ ഏഴെണ്ണം. ഇവയെല്ലാം പ്രാഥമിക വാദം കേട്ടതിനുശേഷം കോടതി തള്ളി. മഅ്ദനി ഹൈകോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ബാക്കി കേസുകളെല്ലാം എറണാകുളത്തേക്ക് മാറ്റി. ആറു കേസുകള്‍ വാദംകേട്ടശേഷം കോടതി തള്ളി. 10 കേസുകള്‍ ബാക്കിയുണ്ട്.
ബംഗളൂരു കേസിന്‍െറ വിചാരണ നടക്കുന്ന സന്ദര്‍ഭത്തിലാണ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേസുകളില്‍ മഅ്ദനി പ്രതിയാകുന്നതും വാറന്‍റ് വരുന്നതുമെന്നത് ശ്രദ്ധേയമാണ്. വിവിധ കോടതികള്‍ ഹാജരാക്കാനാവശ്യപ്പെട്ട ഒരു പ്രതിയോട് വിചാരണ കോടതിക്കുള്ള സമീപനം ഊഹിക്കാവുന്നതേയുള്ളൂ. ജാമ്യത്തിനാണെങ്കില്‍ താങ്കള്‍ വാദിക്കേണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകനായ സുശീല്‍ കുമാറിനോടുപോലും പറയുന്ന ജഡ്ജിമാരുള്ള നാടാണിത്. ഒരു കാര്യം തീര്‍ച്ച, ബംഗളൂരുവില്‍ നിന്നിറങ്ങിയാലും ഈ മനുഷ്യനെ വീണ്ടും കോയമ്പത്തൂര്‍ ജയില്‍കവാടം കാത്തിരിപ്പുണ്ട്. അതിനു പിറകെ ഗുജറാത്തും വന്നേക്കാം. വേറെയും കേസുകള്‍ കാത്തിരിപ്പുണ്ടാവാം. നമുക്ക് കാതോര്‍ത്തിരിക്കാം, കൂടുതല്‍ ഞെട്ടിപ്പിക്കുന്ന കേസുകള്‍ക്കായി.
(അവസാനിച്ചു).
Courtesy: Madhyamam Daily
No comments:
Post a Comment