Thursday, November 22, 2012

മഅ്ദനി, ബ്യൂല: രണ്ടുതരം നീതി - ഇനാമുറഹ്മാന്‍


രണ്ടു വര്‍ഷത്തിലധികമായി ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയും ഐ.എസ്.ആര്‍.ഒയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കടക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ സെപ്റ്റംബര്‍ 21ന് ബംഗളൂരു പൊലീസ് പിടിയിലായ ബ്യൂല എം. സാം എന്ന അധ്യാപികയും കൊല്ലം ജില്ലക്കാരാണ്. അതീവ ഗുരുതരമായ കുറ്റങ്ങളുടെ പേരിലാണ് ഇരുവരും പിടിയിലായത് എന്നത് മാറ്റി നിര്‍ത്തിയാല്‍ രണ്ടു ധ്രുവങ്ങളിലുള്ള വ്യക്തിത്വങ്ങളാണിവര്‍. എന്നാല്‍, നീതിയുടെ അളവുകോലിലും അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനത്തിലും ഈ അന്തരം നിലനില്‍ക്കുന്നു എന്നതാണ് ആശ്ചര്യകരം.

മഅ്ദനിയുടെ ജാമ്യാപേക്ഷ തള്ളി


ബംഗളൂരു: അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി തള്ളി. ചികില്‍സക്കായി ജാമ്യം അനുവദിക്കണമെന്ന് കാണിച്ചായിരുന്നു ഹരജി. എന്നാല്‍, പൊലീസ് സംരക്ഷണത്തോടു കൂടി മഅ്ദനിക്ക് സ്വന്തം ചെലവില്‍ ചികില്‍സ നടത്താമെന്നു പറഞ്ഞ കോടതി ചികില്‍സാ സമയത്ത് കുടുംബാംഗങ്ങളെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ബാഗ്ളൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനിയെ രണ്ടാമതും അറസ്റ്റു ചെയ്തത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒമ്പതു വര്‍ഷത്തോളം വിചാരണ തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടെങ്കിലും ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ ബന്ധമാരോപിച്ച്  വീണ്ടും ജയിലിലടക്കുകയായിരുന്നു. കടുത്ത പ്രമേഹമടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അന്നു തന്നെ അദ്ദേഹത്തെ അലട്ടിയിരുന്നു.  പൊലീസ് കസ്റ്റഡിയിലും ജയിലിലും മഅ്ദനി ബാംഗ്ളൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷന്‍ ഇന്നും വാദിച്ചു.