Thursday, November 22, 2012

മഅ്ദനി, ബ്യൂല: രണ്ടുതരം നീതി - ഇനാമുറഹ്മാന്‍


രണ്ടു വര്‍ഷത്തിലധികമായി ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയും ഐ.എസ്.ആര്‍.ഒയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കടക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ സെപ്റ്റംബര്‍ 21ന് ബംഗളൂരു പൊലീസ് പിടിയിലായ ബ്യൂല എം. സാം എന്ന അധ്യാപികയും കൊല്ലം ജില്ലക്കാരാണ്. അതീവ ഗുരുതരമായ കുറ്റങ്ങളുടെ പേരിലാണ് ഇരുവരും പിടിയിലായത് എന്നത് മാറ്റി നിര്‍ത്തിയാല്‍ രണ്ടു ധ്രുവങ്ങളിലുള്ള വ്യക്തിത്വങ്ങളാണിവര്‍. എന്നാല്‍, നീതിയുടെ അളവുകോലിലും അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനത്തിലും ഈ അന്തരം നിലനില്‍ക്കുന്നു എന്നതാണ് ആശ്ചര്യകരം.
ഈ രണ്ടു കേസുകളും കര്‍ണാടക സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി പരിശോധിച്ചാല്‍ ആര്‍ക്കും ഇത് ബോധ്യപ്പെടും. മഹത്തായ പൈതൃകം അവകാശപ്പെടുന്ന ഒരു പരിഷ്കൃത ജനാധിപത്യ രാജ്യത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണിത്. എന്നിട്ടും എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഈ മഹാരാജ്യത്ത് ചില കാര്യങ്ങള്‍ അങ്ങനെയാണെന്നല്ലാതെ മറ്റെന്താണ് പറയുക? നമ്മുടെ രാജ്യം ഏതു ദിശയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതിന്‍െറ ചൂണ്ടുപലകയാണിത്. മതേതര പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന ആരും ഇത്തരം സമീപനങ്ങള്‍ അംഗീകരിക്കില്ലെന്ന് തീര്‍ച്ചയാണ്. കൊല്ലം ജില്ലയിലെ പുനലൂര്‍ സ്വദേശിയായ ബ്യൂല, കനത്ത സുരക്ഷാ സജ്ജീകരണങ്ങളുള്ള രാജ്യത്തിന്‍െറ ബഹിരാകാശ കേന്ദ്രമായ ഐ.എസ്.ആര്‍.ഒയുടെ ആസ്ഥാനമായ അന്തരീക്ഷ ഭവനില്‍ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. ഇവിടെ നിന്ന് 20 കി.മീ. അകലെയുള്ള സാറ്റലൈറ്റ് സെന്‍ററിലെ ഐ.എസ്.ആര്‍.ഒ ഗസ്റ്റ് ഹൗസില്‍ നടന്ന ശാസ്ത്രജ്ഞരുടെ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് നല്‍കിയ പാസില്‍ കൃത്രിമമായി പേരെഴുതി ചേര്‍ത്താണ് ബ്യൂല തിരിച്ചറിയല്‍ രേഖയുണ്ടാക്കിയത്. കൊല്ലത്തെ സ്റ്റുഡിയോയില്‍നിന്ന് ലാമിനേറ്റ് ചെയ്ത ഈ കാര്‍ഡുപയോഗിച്ചാണ് ഐ.എസ്.ആര്‍.ഒ ആസ്ഥാനമായ അന്തരീക്ഷ ഭവന്‍െറ ആദ്യ കവാടം കടന്ന് ബ്യൂല അകത്തേക്ക് പ്രവേശിച്ചത്. കനത്ത സുരക്ഷയുള്ള ബഹിരാകാശ കേന്ദ്രത്തിന്‍െറ ഗേറ്റില്‍നിന്നവര്‍ ഇത് തിരിച്ചറിയാതെ പോയി എന്നത് നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ‘കാര്യക്ഷമത’ അടിവരയിടുന്നു. അതെന്തായാലും ബ്യൂല പിടിയിലായി. നിരവധി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചതിനുശേഷം മാത്രം അനുവദിക്കുന്ന ഗസ്റ്റ് ഹൗസാണ് ഐ.എസ്.ആര്‍.ഒയുടേത്. സംഭവം നടക്കുന്നതിന് മുമ്പും രണ്ടു ദിവസം ബ്യൂല ഇവിടെ താമസിച്ചിട്ടുണ്ട് എന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഐ.എസ്.ആര്‍.ഒയുമായി ഒരു ബന്ധവുമില്ലാത്ത ഇവര്‍ എങ്ങനെ രണ്ടു ദിവസം ഇവിടെ തങ്ങി എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമുണ്ടായിട്ടില്ല. ഇവിടെ നടന്ന സമ്മേളനത്തിന്‍െറ പ്രതിനിധി പാസ് എങ്ങനെ ബ്യൂലക്ക് കിട്ടി? ആ സമ്മേളനം സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഒരു എന്‍ജിനീയര്‍ക്ക് ബ്യൂലയുമായി ബന്ധമുണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. വെറുമൊരു സ്കൂള്‍ അധ്യാപികയായ ബ്യൂലയുടെ ഭര്‍ത്താവ് അലക്സ് തോമസ് അഹ്മദാബാദില്‍ 15,000 രൂപയില്‍ കൂടുതല്‍ വാടകയുള്ള വീടും കാറും മറ്റ് സൗകര്യങ്ങളുമൊക്കെയായി അടിപൊളി ജീവിതമാണ് നയിക്കുന്നത് എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, ഈ വഴിക്കൊന്നും അന്വേഷണം പോയതായി അറിവില്ല. ഏറ്റവും ഒടുവില്‍ അഹ്മദാബാദിലുള്ള ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവര്‍ കടന്നിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഐ.എസ്.ആര്‍.ഒയുടെ രണ്ട് കേന്ദ്രങ്ങളില്‍ ആരുടെയും അറിവോ സമ്മതമോ ഇല്ലാതെ 44 കാരിയായ ബ്യൂല കയറിപ്പറ്റി എന്നു വിശ്വസിക്കാന്‍ തലച്ചോറുള്ളവര്‍ക്ക് കഴിയില്ല. എന്തോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്. ഐ.എസ്.ആര്‍.ഒയിലുള്ള ആരുമായോ ബ്യൂലക്ക് ബന്ധമുണ്ട്. അതുകൊണ്ട് തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് വഴിതിരിച്ചുവിട്ട് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നത്. പിടിക്കപ്പെട്ട അന്നുമുതല്‍ ബ്യൂലക്ക് മാനസിക വിഭ്രാന്തിയും വിഷാദ രോഗവുമൊക്കെയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം മാധ്യമങ്ങളെ ഉപയോഗിച്ച് ആരോ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. അതിപ്പോഴും തുടരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ബ്യൂലയെ വിദഗ്ധ പരിശോധനക്കായി ബംഗളൂരുവിലെ നിംഹാന്‍സില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഇവര്‍ക്ക് വിചാരണ നേരിടുന്നതില്‍ കുഴപ്പമില്ലെന്നും ശാരീരിക, മാനസിക ക്ഷമതയുണ്ടെന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതായി ഒരു ദേശീയ മാധ്യമത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത വന്നു. ബ്യൂല കടുത്ത ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും ഭര്‍ത്താവിന്‍െറ സാന്നിധ്യം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അവരിപ്പോള്‍ അഹ്മദാബാദിലെ വീട്ടിലാണെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 31ന് കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ആരുമറിയാതെ ബ്യൂലക്ക് ജാമ്യം നല്‍കിയത്. കോളിളക്കം സൃഷ്ടിച്ച ഒരു കേസിന്‍െറ അന്വേഷണം പാതിവഴിയില്‍ നില്‍ക്കേയാണ് ഈ നടപടിയെന്നോര്‍ക്കുക. അപ്പോള്‍ ഭരണകൂടം വിചാരിച്ചാല്‍ ‘ചിലരുടെ’ കാര്യത്തില്‍ ഇങ്ങനെയൊക്കെ നടക്കുമെന്ന് ചുരുക്കം. ഈ കേസില്‍ പിടിക്കപ്പെട്ട സ്ത്രീ വല്ല ജമീലയോ മറിയമോ ഒക്കെ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്. ഐ.എസ്.ഐ, അല്‍ഖാഇദ, ലഷ്കറെ ത്വയ്യിബ, പാകിസ്താന്‍, അന്താരാഷ്ട്ര തീവ്രവാദ ബന്ധം തുടങ്ങിയ വെളിപ്പെടുത്തലുകള്‍ അധികൃത പക്ഷത്തുനിന്നുണ്ടാവും.

2008ല്‍ നടന്ന ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് 2010 ആഗസ്റ്റില്‍ വിചാരണ തടവുകാരനായി മഅ്ദനി  ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലെത്തുന്നത്. അന്നു മുതല്‍ ഇന്നു വരെ ജാമ്യത്തിനുവേണ്ടി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. ബംഗളൂരു സ്ഫോടന കേസ് വിചാരണക്കുവേണ്ടി മാത്രം സജ്ജീകരിച്ച പ്രത്യേക കോടതി മുതല്‍ സുപ്രീംകോടതിവരെ അത് നീണ്ടു. ജാമ്യത്തിനായി അദ്ദേഹത്തിന്‍െറ ബന്ധുക്കളും അഭിഭാഷകരും രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ ഓട്ടം ഇപ്പോഴും തുടരുന്നു. ഈ നെട്ടോട്ടത്തിനിടെ പൊടിഞ്ഞത് ലക്ഷങ്ങളാണ്. ഇറ്റി വീണത് നിരവധി പേരുടെ കണ്ണീരും വിയര്‍പ്പു തുള്ളികളും. എന്നിട്ടും നീതി പീഠം കനിഞ്ഞിട്ടില്ല. ഏറ്റവും ഒടുവില്‍ വിദഗ്ധ ചികിത്സക്കായി ഉപാധിയോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്നും ബംഗളൂരു വിട്ട് പോകില്ലെന്നും കാണിച്ച് മഅ്ദനി നല്‍കിയ ഹരജി കര്‍ണാടക ഹൈകോടതിയുടെ പരിഗണനയിലാണ്. ബ്യൂല ഏകാന്തത അനുഭവിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴേക്ക് അവര്‍ക്ക് ജാമ്യം. അതേസമയം, പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരൊക്കെ മഅ്ദനിയുടെ കാഴ്ച നഷ്ടപ്പെട്ട കണ്ണുകള്‍ക്കും വേദനയും മരവിപ്പും അനുഭവിക്കുന്ന കാലുകള്‍ക്കും കടുത്ത പ്രമേഹം ബാധിച്ച ശരീരത്തിനും തുടര്‍ ചികിത്സ വേണമെന്ന് മനുഷ്യര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലൊക്കെ റിപ്പോര്‍ട്ട് നല്‍കിയിട്ടും മതിയായ ചികിത്സയോ ജാമ്യമോ ലഭിക്കുന്നില്ല. ബംഗളൂരു വിട്ട് പോവില്ലെന്നും ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സ കിട്ടിയാല്‍ മതിയെന്നും ഭാര്യയെയും മക്കളെയും കൂടെ നിര്‍ത്താന്‍ അനുമതി നല്‍കിയാല്‍ മാത്രം മതിയെന്നും അപേക്ഷിച്ചിട്ടും രക്ഷയില്ല. കാരണം, മഅ്ദനി ഭീകരവാദിയും ബംഗളൂരു സ്ഫോടനത്തിന്‍െറ സൂത്രധാരനുമാണ്. അതുകൊണ്ട് തന്നെ അയാള്‍ക്ക് മാനുഷിക പരിഗണനകള്‍ പാടില്ല. കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷത്തോളം നീണ്ട തടവിനുശേഷം നിരപരാധിയെന്ന് പറഞ്ഞ് വിട്ടയച്ച വികലാംഗനും രോഗിയുമായ ഒരു മനുഷ്യനോടാണ് ഈ രീതിയിലുള്ള സമീപനം. ജയിലില്‍ മഅ്ദനി നിരവധി സന്ദര്‍ശകരെ സ്വീകരിക്കുന്നതും വിചാരണക്ക് മുടക്കം കൂടാതെ ഹാജരാവുന്നതും അദ്ദേഹത്തിന്‍െറ ‘ആരോഗ്യ’ത്തിന് തെളിവായാണ് പ്രോസിക്യൂഷന്‍ ഹൈകോടതിയില്‍ വാദിച്ചത്!

(Courtesy: Madhyamam Daily)

2 comments:

  1. നീതി ന്യായ വ്യവസ്ഥ മതങ്ങള്‍ക്ക് അടിമപ്പെടുന്ന അവസ്ഥ തുടങ്ങിയിട്ട് കുറച്ചു കാലങ്ങള്‍ ആയി.
    മനുഷ്യനല്ല പരിഗണന കൊടുക്കുന്നത്, മതങ്ങള്ക്കാകുന്നു. മഅ്ദനിയുടെ കാര്യത്തില്‍ നീതിപീഠം കണ്ണ് തുറക്കും എന്ന് പ്രത്യാശിക്കാം.....

    www.ettavattam.blogspot.com

    ReplyDelete
  2. രണ്ടുതരം നീതി--

    അനീതിയുടെ മാനിഫെസ്റ്റോ

    ഇക്കാലത്തെ ഏറ്റം കടുത്ത അനീതികളിലൊന്ന് മദനിയുടെ ജീവിതത്തോട് സ്റ്റേറ്റ് ചെയ്യുന്നതാണെന്ന് ഞാന്‍ കരുതുന്നു

    ReplyDelete