Saturday, March 9, 2013

രണ്ടര വര്‍ഷത്തിനുശേഷം മഅ്ദനി എത്തുന്നു


ബംഗളൂരു: 2005 ജൂലൈ 25ന് ബംഗളൂരു നഗരത്തിന്‍െറ ഒമ്പതിടങ്ങളിലായി നടന്ന സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് രണ്ടര വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനി ഒടുവില്‍ കേരളത്തിലേക്ക് മടങ്ങുന്നു. അഞ്ചുദിവസത്തെ ഇടക്കാല ജാമ്യത്തില്‍. പൊലീസ് അകമ്പടിയോടെയുള്ള ഈ വരവിന് ജാമ്യം എന്നു പറയാനാവില്ലെങ്കിലും രോഗശയ്യയിലായി അന്‍വാര്‍ശ്ശേരിയില്‍ കഴിയുന്ന പിതാവിനെ കാണാനും ഏക മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും അവസരം ലഭിച്ചത് നിരവധി അസുഖങ്ങള്‍ വേട്ടയാടുന്ന മഅ്ദനിക്ക് നല്‍കുന്ന ആശ്വാസം വലുതാണ്.


മഅ്ദനിക്ക് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ഇതിനുപിറകെ മാര്‍ച്ച് അഞ്ചിനാണ് അദ്ദേഹം പ്രത്യേക കോടതിയില്‍ ഹരജി നല്‍കിയത്.

നിരപരാധിയായ ഒരു മനുഷ്യനെ വിചാരണ തടങ്കലില്‍ പാര്‍പ്പിക്കുന്നത് കെട്ടിച്ചമച്ച തെളിവുകളുടെ പേരിലാണെന്നും ഒന്നിലധികം കോടതികള്‍ പുറപ്പെടുവിച്ച വാറന്‍റുകള്‍ കള്ളക്കേസുകളുടെ തുടര്‍ച്ചയാണെന്നുമുള്ള വിവരങ്ങള്‍ 2012 ആഗസ്റ്റ് ഒമ്പതു മുതല്‍ നാലു ദിവസങ്ങളിലായി ‘മാധ്യമം’ പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രാഷ്ട്രീയ നേതൃത്വം പ്രതികരിച്ചു തുടങ്ങിയത്. കേരളത്തിലെ മാധ്യമങ്ങള്‍ വിഷയം ഏറ്റുപിടിച്ചതോടെ മഅ്ദനിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തുവന്നു.

പ്രമേഹം മൂര്‍ച്ഛിച്ച് മൂക്കില്‍ പഴുപ്പു ബാധിച്ച് മഅ്ദനി അവശനാണെന്നും മൂക്കില്‍ ബാന്‍േറജുമായാണ് അദ്ദേഹം കഴിയുന്നതെന്ന വിവരവും ‘മാധ്യമം‘ പുറത്തുവിട്ടു. വാര്‍ത്ത വന്നതോടെ കേരളത്തില്‍നിന്ന് ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യമുയുര്‍ന്നു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ഭാരവാഹികളും മുഖ്യമന്ത്രിയെ സ്ഥിതിഗതികള്‍ ബോധിപ്പിച്ചു.

വിവാഹത്തില്‍ പങ്കെടുക്കാന്‍ പിതാവിന് ജാമ്യം നല്‍കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനിയുടെ മകളും പി.ഡി.പി നേതാക്കളും മുഖ്യമന്ത്രിയെ കണ്ടു. ഇതിനുശേഷമാണ് മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ക്ക് കത്തയച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 2010 ആഗസ്റ്റ് 17നാണ് അന്‍വാര്‍ശ്ശേരിയില്‍ നിന്ന് കര്‍ണാടക പൊലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ 31ാം പ്രതിയായ അദ്ദേഹം അന്നു മുതല്‍ ഇന്നുവരെ ജാമ്യത്തിന് വേണ്ടി മുട്ടാത്ത വാതിലുകളില്ല. സുപ്രീംകോടതി വരെ അദ്ദേഹത്തിന്‍െറ ഹരജികള്‍ തള്ളി.

ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പലതവണ കോടതിയെ സമീപിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. ഒടുവില്‍ സ്വന്തം ചെലവില്‍ ബംഗളൂരു സൗഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കാന്‍പോലും അനുമതി ലഭിച്ചത് രണ്ടു മാസം മുമ്പ് മാത്രമാണ്. ജനുവരി ഏഴു മുതല്‍ ഫെബ്രുവരി 21വരെ അദ്ദേഹം സൗഖ്യയില്‍ ചികിത്സയിലായിരുന്നു. പൊലീസ് കാവലുണ്ടായിരുന്നുവെങ്കിലും ഭാര്യ സൂഫിയക്കും മകന്‍ ഉമര്‍ മുഖ്താറിനും കൂടെ നില്‍ക്കാന്‍ കോടതി അനുമതി നല്‍കി.

നേരത്തേ ഈ ആവശ്യവും കോടതി തള്ളിയിരുന്നു. നാളിതുവരെ പ്രോസിക്യൂഷന്‍െറ വാദം അംഗീകരിച്ചിരുന്ന കോടതി അടുത്തിടെയായി ചെറിയ തോതിലെങ്കിലും മഅ്ദനിക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുന്നത് മതേതര വിശ്വാസികള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.

Courtesy: Madhyamam Daily - Written by: ഇനാമുറഹ്മാന്‍

No comments:

Post a Comment