Saturday, July 2, 2011

മഅ്ദനിക്ക് നീതി: കേരള മുസ്‌ലിം സംയുക്തവേദി രാജ്ഭവന്‍ മാര്‍ച്ച് നടത്തും


Published in Madhyamam Daily dated 02 July 2011

കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിക്കും കുടുംബത്തിനും നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കേരള മുസ്‌ലിം സംയുക്തവേദി ഈ മാസം 27 ന് രാജ്ഭവന്‍ മാര്‍ച്ചും ജയില്‍ നിറക്കലും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്ന് അവര്‍ വ്യക്തമാക്കി. വിശുദ്ധ ഖുര്‍ആന്‍ തൊട്ട് നിരപരാധിത്വം ആണയിട്ട് വ്യക്തമാക്കിയെങ്കിലും  കള്ളത്തെളിവുകളുടെ  അടിസ്ഥാനത്തില്‍ പിടിച്ചുവെച്ചിരിക്കുന്നു. കഴിഞ്ഞ റമദാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലര്‍ക്ക് താല്‍പ്പര്യമുണ്ട്. ഇത് മനുഷ്യാവകാശ ധ്വംസനമാണ്. രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി എല്ലാ ജില്ലകളിലും കലക്ടറേറ്റ്, എസ്.പി ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും അവര്‍ പറഞ്ഞു.


കേരള മഹല്ല് ഇമാം ഐക്യവേദി, കേരള മുസ്‌ലിം യുവജന വേദി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, മുസ്‌ലിം സാധു സംരക്ഷണ സമിതി, മൗലാന അലി മിയാന്‍ അക്കാദമി, അമാനീസ് അസോസിയേഷന്‍, ഫോര്‍മര്‍ അന്‍വാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത വേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി, അബ്ദുല്‍ മജീദ് അമാനി നദ്‌വി, മുഹമ്മദ് ഷാഫി മൗലവി, ഹുസൈന്‍ മൗലവി, ടി.എ. മുജീബ് റഹ്മാന്‍ മുപ്പത്തടം എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment