നിഷ്ഠൂരനായ ഭരണാധികാരിയില്‍ നിന്ന് ഹിംസ്ര ജന്തുവില്‍ നിന്നെന്നപോലെ ജനം ഓടിയകലുമെന്ന് പറഞ്ഞത് ചൈനയിലെ പഴയ തത്വജ്ഞാനി കണ്‍ഫ്യൂഷ്യസാണ്. ഓടിപ്പോകാതിരിക്കാന്‍ പിന്നീട് ഭരണാധികാരികള്‍ ജയിലുകള്‍ പണിതു. കണ്‍ഫ്യൂഷ്യസ് തന്നെ പറഞ്ഞ ഒരു കഥയുണ്ട്. കാട്ടില്‍വെച്ച് ഭാര്യയെയും കുഞ്ഞിനെയും കരടി പിടിച്ചുതിന്ന് കരഞ്ഞിരിക്കുന്ന ഒരു മനുഷ്യന്റെ കഥ. അവനോട് എന്നിട്ടും നിങ്ങളെന്താണ് നാട്ടില്‍ പോകാതെ ഇവിടെത്തന്നെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. നാട്ടില്‍ പോകാന്‍ പാടില്ല, അവിടെ ഭരണാധികാരിയുണ്ട്. മനുഷ്യനെ കൊന്നുതിന്നുന്ന കരടിയേക്കാള്‍ ഭീകരരായ ഭരണകൂടങ്ങള്‍. സ്വന്തം പ്രജകളെ തിന്ന് അധികാരത്തിന്റെ വിശപ്പ് മാറ്റുന്ന ഭരണാധികാരികള്‍. അധികാരം ഒരാസക്തിയാണ്. ആ ആസക്തിയില്‍ കൊല്ലപ്പെടുന്നവനും തിന്നുന്നവനുമുണ്ട്.
എല്ലാവരുടെയും സുരക്ഷക്ക് മനുഷ്യന്‍ കണ്ടുപിടിച്ച സംവിധാനമാണ് ആധുനിക ജനാധിപത്യ ഭരണകൂടമെന്നത്. എന്നാല്‍ പ്രയോഗത്തില്‍ അത് പലപ്പോഴും ഒരു കെണിയാണ്. ദുര്‍ബല ജനവിഭാഗങ്ങള്‍ ചെന്നുകുരുങ്ങുന്ന കെണി. അഴിക്കാനാവാത്ത കുരുക്കായി അവരുടെ ജീവിതത്തെ മുറുക്കുന്ന കെണി. ഈയൊരു പാഠത്തിന്റെ പാഠപുസ്തകമാണ് മഅ്ദനി. ഒരു മഹാ മഞ്ഞുമലയുടെ മുകളില്‍ കാണാന്‍ കഴിയുന്ന മുകള്‍പ്പരപ്പ് മാത്രമാണ് മഅ്ദനി. നമുക്ക് പേരറിയാത്ത, നമ്മുടെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം പേരുപോലുമില്ലാത്ത ആയിരക്കണക്കിന് ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍ ജനാധിപത്യത്തിന്റെ ജയിലറകളിലുണ്ട്. മഅ്ദനിക്കുവേണ്ടിയുള്ള മുഴുവന്‍ സമരങ്ങളും ഈ നിരപരാധികള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ കൂടിയാണ്.
അടിയന്തിരാവസ്ഥയിലെ തടവുകാര്‍ നമുക്ക് കവിതയുടെ ഇതിവൃത്തവും സിനിമക്ക് താരക്കഥയുമാണ്. അവര്‍ കേരളത്തിന്റെ ഒരളവിലും നക്‌സലൈറ്റുകള്‍ അല്ലാത്തവരുടെ ഉള്‍പ്പെടെ ദേശീയ പുരുഷന്മാരാണ്. മണിപ്പൂരിലെ ഇറോം ചാനു ശര്‍മിളയെക്കുറിച്ച് ബംഗാളി സാഹിത്യത്തിലെ അമ്മ മാഹേശ്വതദേവി ഇങ്ങ് കേരളത്തില്‍ വന്ന് സംസാരിക്കുന്നുണ്ട്. ഇവിടെ ഇവിടുത്തെ മണ്ണിന്റെ ഒരു പുത്രന്‍ കര്‍ണ്ണാടകയില്‍ ജയിലില്‍ കിടക്കുമ്പോഴാണ് മഹേശ്വതാദേവി ഇതുപറയുന്നത് എന്ന് ഓര്‍ക്കുക മാത്രമാണ്.
മലയാളിക്ക് ഏറ്റവും പേടി പോലീസിനെയാണ്. അഥവാ ഭരണകൂടത്തെ. അവന്‍/അവള്‍ എന്നും ആരാധനയോടെ നോക്കിക്കണ്ടിരുന്നത് അധികാരത്തെയാണ്. അധികാരം ഒരാളെ കുറ്റവാളി എന്നുവിളിച്ചാല്‍ അവനുവേണ്ടി ശബ്ദിക്കാന്‍ ധൈര്യപ്പെടാതിരിക്കാന്‍ മാത്രം ഭരണകൂടം ഭീകരമായ സാന്നിധ്യമാണ് നമ്മുടെ സമൂഹത്തില്‍. അതിനെ മുറിച്ചുകടന്നേ ജനാധിപത്യത്തെ അര്‍ഥപൂര്‍ണമാക്കാനാവൂ.
ഒരു മനുഷ്യനെ പത്ത് കൊല്ലത്തോളം വിചാരണത്തടവുകാരനായി തൊട്ടടുത്ത ഒരു സംസ്ഥാനത്ത് ജയിലില്‍ പാര്‍പ്പിക്കുക, പിന്നെ നിരപരാധിയാണെന്ന് പറഞ്ഞ് വിട്ടയക്കുക. ഒന്നോ രണ്ടോ കൊല്ലത്തിനുശേഷം തൊട്ടടുത്ത മറ്റൊരു സംസ്ഥാനത്ത് വീണ്ടും വിചാരണത്തടവുകാരനായി ജയിലിലിടുക. എന്നിട്ട് നമുക്കൊന്നും തോന്നാതിരിക്കുക. ഇത് ചികിത്സ ആവശ്യപ്പെടുന്ന ഒരു സമൂഹ മനോരോഗമല്ലേ?
മഅ്ദനി ഒരു മുസ്‌ലിമാണ്. അതുകൊണ്ട്, കുറ്റവാളിയല്ല എന്ന് തെളിയുന്നതുവരെ കുറ്റവാളിയാകാന്‍ സാധ്യതയുള്ള ഒരാളാണ്. മുസ്‌ലിം മൗലികമായി ഭീകരനാണെന്ന സാമ്രാജ്യത്വ സിദ്ധാന്തവും ഫാഷിസ്റ്റ് പ്രചാരണവും നാം സാമ്രാജ്യത്വവിരുദ്ധരും ഫാഷിസത്തിന്റെ എതിരാളികളും ആയിരിക്കെത്തന്നെ നമ്മുടെ കൂടി ബോധമാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
തീവ്രവാദം ഒരു വ്യവസായമാണ്. ഭരണകൂടം തന്നെ നോക്കിനടത്തുന്ന ഒരു വ്യവസായം. യഥാര്‍ഥ തീവ്രവാദികള്‍ അതിലെ പാര്‍ട്‌ണേഴ്‌സാണ്. അറിഞ്ഞും അറിയാതെയും ഈ കച്ചവടത്തില്‍ പങ്കാളികളാവുന്ന പാര്‍ട്‌ണേഴ്‌സ്. ഈ വ്യവസായത്തിന് അസംസ്‌കൃത വസ്തുക്കളെ ആവശ്യമുണ്ട്. കാശ്മീര്‍ താഴ്‌വരയില്‍ പോയി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍, കോഴിക്കോട് നഗരത്തില്‍ ഇരട്ട സ്‌ഫോടനം നടത്താന്‍. അങ്ങനെ മുസ്‌ലിം ജനവിഭാഗത്തെ മുഴുവന്‍ എഴുതപ്പെടാത്ത കുറ്റപത്രത്തിലെ പ്രതികളാക്കി മാറ്റാന്‍. ഇസ്‌ലാമിന്റെ എല്ലാ പ്രതിനിധാനങ്ങളെയും ഭീകരവാദത്തിന്റെ പ്രതീകങ്ങളാക്കിത്തീര്‍ക്കാന്‍. തീവ്രവാദം നമ്മുടെ പോലീസ് അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു വരുമാന സ്രോതസ്സാണ്. എന്തിന് മഅ്ദനിയെ അന്യായമായി അകത്തിടുന്നു. രോഷാകുലരാവുന്ന ചെറുപ്പക്കാരില്‍ കുറച്ചുപേരെങ്കിലും നമ്മുടെ ജനാധിപത്യത്തില്‍ നിരാശരായി തീവ്രവാദികളായി കിട്ടിയാലോ എന്ന ആശയാണ് ഈ തടവിന്റെ പ്രേരകം. തീവ്രവാദം എന്ന വ്യവസായത്തിന് കുറേക്കൂടി അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കാനുള്ള ഒരാസൂത്രിത ശ്രമം. ഭരണകൂട ഭീകരതയെ ഭീകരവാദം കൊണ്ടല്ല ജനാധിപത്യം കൊണ്ട് ചികിത്സിച്ച് മുസ്‌ലിം സമുദായത്തെയും ജനാധിപത്യത്തെയും അബ്ദുന്നാസിര്‍ മഅ്ദനിയെയും നമുക്ക് ഒരേസമയം രക്ഷിക്കേണ്ടതുണ്ട്.
(Courtesy: http://munkai.blogspot.com/2011/07/blog-post_20.html )
No comments:
Post a Comment