Monday, August 1, 2011

മഅ്ദനി: പൗരാവകാശ സംഘടനകള്‍ പ്രതിഷേധിച്ചു

(Published on Madhyamam daily dated 01/08/2011)
ബംഗളൂരു: അബ്ദുന്നാസിര്‍ മഅ്ദനിയെ കര്‍ണാടക സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതില്‍ ബംഗളൂരു ആസ്ഥാനമായ പൗരാവകാശ പ്രസ്ഥാനങ്ങളും മനുഷ്യാവകാശസംഘടനകളും  സംയുക്ത പ്രസ്താവനയില്‍ പ്രതിഷേധിച്ചു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് അന്യായമായി അദ്ദേഹത്തെ ഒമ്പത് വര്‍ഷത്തിലേറെ ജയിലിലടച്ചു. നീണ്ട വിചാരണക്കൊടുവില്‍ നിരപരാധിയെന്ന് കോടതി വിധിക്കുകയും ചെയ്തു. മറ്റൊരു രാജ്യത്താണ്  ഇത്തരത്തില്‍ കെട്ടിച്ചമച്ച കേസില്‍ ജയിലില്‍ കഴിയേണ്ടിവന്നതെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടിവരുമായിരുന്നു. മഅ്ദനിക്കെതിരായ മനുഷ്യാവകാശലംഘനം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നതിന്റെ സൂചകമാണ്.
പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഷ്യം മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ മാധ്യമങ്ങളുടെ നിലപാട് ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ്. മഅ്ദനിയുടെ കാര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച തെഹല്‍കയിലെ കെ.കെ ഷാഹിനക്കെതിരെയും അന്യായമായി കേസുകള്‍ കെട്ടിച്ചമക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഇത് പത്രസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ്. ഇന്ത്യയിലെ ഭരണസംവിധാനത്തിലും പൊലീസിലും മറ്റും കാവിവത്കരണം വര്‍ധിക്കുന്നത്  ആശങ്കപ്പെടുത്തുന്നതാണ്. ഭരണകൂടവും ഏജന്‍സികളും മുസ്‌ലിം സമുദായത്തെ മുഴുവന്‍ ഭീകരരായി മുദ്രചാര്‍ത്തുന്നത് നീതിവ്യവസ്ഥക്കും ജനാധിപത്യ സംവിധാനത്തിനും അപമാനമാണ്. ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്‌ലിംകള്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള അവസരം സൃഷ്ടിച്ചാലേ ഇന്ത്യയുടെ ജനാധിപത്യത്തിന് നിലനില്‍പ്പുള്ളൂവെന്ന് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

എന്‍വയണ്‍മെന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ്,പി.ഡി.എഫ്,പി.യു.സി.എല്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, കര്‍ണാടക വിദ്യാര്‍ഥി സംഘ, സമാനതാ മഹിളാ വേദികെ, ജനശക്തി, കര്‍ണാടക കോമു സൗഹാര്‍ദ വേദികെ,സ്റ്റുഡന്റ്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റ്,ന്യൂ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ്, സ്ത്രീ ജാഗ്രതി സമിതി,ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍,അംബേദ്കര്‍ ഫിലോസഫി ഫൗണ്ടേഷന്‍,സ്വാഭിമാനി ദലിത് സംഘ, ഐ.എന്‍.എസ്.എ.എഫ്,ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക്, ഓപണ്‍ സ്‌പേസ് തുടങ്ങിയ സംഘടനകള്‍ക്കുവേണ്ടി കവിത ശ്രീവാസ്തവ,പ്രഫുല്ല സാമന്തറായി,പ്രശാന്ത് പാക്കറെ ,സത്യനാരായണ സാഗര്‍, കെ.പി ശശി,കെ.എല്‍ അശോക് ,ഫാ അജയ്‌സിങ്, ജഗ്ദീഷ് ,യു.എസ് കുമാര്‍,ഡോ. സെബാസ്റ്റിയന്‍ പോള്‍,കെ.ഭാസുരേന്ദ്ര ബാബു, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

No comments:

Post a Comment