Thursday, August 25, 2011

ജയിലിലടക്കപ്പെട്ട മഅ്ദനിയെയല്ല ജയില്‍ മോചിതനായ മഅ്ദനിയെയാണ് രാഷ്ട്രീയപാര്‍ട്ടി കള്‍ക്കാവശ്യം - സിവിക് ചന്ദ്രന്‍


Courtesy: Madani Web

കോഴിക്കോട്: കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായ മഅ്ദനിയെ സ്വീകരിക്കാന്‍ ആവേശം കാണിച്ച രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക നായകരും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലിലടക്കപ്പെട്ട മഅ്ദനിയുടെ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ജയിലിലടക്കപ്പെട്ട മഅ്ദനിയെ അല്ല, ജയില്‍ മോചിതനായ മഅ്ദനിയെയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാവശ്യം എന്ന് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പ്രസിദ്ധീകരിച്ച ഫ്രീ മഅ്ദനി ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാല പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് തീവ്രവാദിയെന്ന് മുദ്ര കുത്തുന്നതെങ്കില്‍ മുഖ്യമന്ത്രിമാരായിരുന്ന നായനാരും വി.എസ് അച്യുതാനന്ദനും തീവ്രവാദികളാണെന്ന് പറയേണ്ടി വരും. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ മഅ്ദനിയെന്ന് ഉച്ചരിക്കാന്‍ ഭയപ്പെടുന്നു. തീവ്രവാദിയെന്ന് ബ്രാന്റ് ചെയ്യപ്പെടുമെന്ന് അവര്‍ ഭയക്കുന്നു. ഭീതിതമായ ഈ സാഹചര്യത്തില്‍ മഅ്ദനി-മഅ്ദനി എന്ന് ആവര്‍ത്തിച്ചു പറയാന്‍ പൊതു വേദികള്‍ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.


നാടകീയതയും ദുരൂഹതയും നിറഞ്ഞതായിരുന്നു മഅ്ദനിയുടെ അറസ്റ്റ് എന്ന് ബുള്ളറ്റിന്‍ ഏറ്റുവാങ്ങിയ മാധ്യമ പ്രവര്‍ത്തക വി.പി റജീന പറഞ്ഞു. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ മഅ്ദനയെ ഉള്‍പ്പെട്ടതിന്റെ ദുരൂഹതകള്‍ അന്വേഷിച്ചിറങ്ങിയ പത്രപ്രവര്‍ത്തക ഷാഹിനയെ കേസില്‍ അകപ്പെടുത്തിയത് മറ്റൊരു ഭരണകൂട ഭീകരതയാണ് എന്നും അവര്‍ കൂട്ടിചേര്‍ത്തു. മഅ്ദനി ഒരു മതപണ്ഡിതന്‍ മാത്രമല്ല, രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ച രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി ശബ്ദിക്കേണ്ടത് ജനങ്ങളുടെ ബാധ്യതയാണ് എന്ന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ച ബി.എസ്.പി നേതാവ് രമേഷ് നെന്മണ്ട പറഞ്ഞു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജില്ലാ കണ്‍വീനര്‍ റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. സി.എം ഷരീഫ് ബുള്ളറ്റിന്‍ സമര്‍പ്പണവും സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ശിഹാബുദ്ധീന്‍ ഇബ്‌നു ഹംസ സമാപനവും നടത്തി.

1 comment: