Sunday, August 21, 2011

മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ - സി. ദാവൂദ്


Published on Madhyamam Online dated Sat, 08/20/2011

2010 ആഗസ്റ്റില്‍, തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മഅ്ദനിയുമായി ഞാന്‍ സംസാരിച്ചത്. അന്‍വാര്‍ശ്ശേരിയിലെ അദ്ദേഹത്തിന്‍െറ സ്ഥാപനത്തിന്‍െറ അതിഥി മുറിയില്‍ അന്ന് അദ്ദേഹം കടുത്ത സമ്മര്‍ദത്തിലായിരുന്നു. അനിതരസാധാരണമായ മനോദാര്‍ഢ്യവും ആത്മനിയന്ത്രണവും പ്രകടിപ്പിക്കുമ്പോള്‍ തന്നെ, വന്‍ ഗൂഢസംഘത്തോട് തനിച്ച് പൊരുതേണ്ടി വരുന്ന പോരാളിയുടെ സംഘര്‍ഷങ്ങള്‍ ആ മുഖത്തുണ്ടായിരുന്നു. സന്ദിഗ്ധതകള്‍ക്കും ഉദ്വേഗങ്ങള്‍ക്കുമൊടുവില്‍, ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിച്ച അതിനാടകീയതകള്‍ക്ക് വിരാമമിട്ട് സൂപ്രണ്ട് അര്‍ഷിദ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആഗസ്റ്റ് 17ന് ഉച്ചക്ക് 1.10ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.
ഈ സമയത്തിന് ഒരു പ്രാധാന്യമുണ്ട്. നമ്മുടെ നീതിന്യായ വ്യവസ്ഥയും നിയമപാലക സംവിധാനവും കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ കാണിക്കുന്ന ‘കോഓഡിനേഷന്‍’ മനസ്സിലാക്കാന്‍ ഇത് ശ്രദ്ധിച്ചാല്‍ മതി. അതായത്, മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത് അതേദിവസം ഉച്ചക്ക് രണ്ടിന്. പക്ഷേ, അതിന്‍െറ മുക്കാല്‍ മണിക്കൂര്‍ മുമ്പ് സര്‍വായുധ  വിഭൂഷിതരായ പൊലീസ് സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു. ജാമ്യാപേക്ഷയില്‍ വിധിപറയാന്‍ രണ്ടുമണിക്ക് ചേര്‍ന്ന സുപ്രീം കോടതി അറസ്റ്റ് നടന്നു കഴിഞ്ഞിരിക്കെ  ജാമ്യാപേക്ഷക്ക് പ്രസക്തിയില്ളെന്ന കിടിലന്‍ വിധി പ്രസ്താവിക്കുന്നു! എങ്ങനെയുണ്ട്; നീതിയുടെ ദേവത? അതായത്, ഒരു കൂട്ടര്‍ക്ക് ആദ്യമേ ഇല നിഷേധിക്കുക. ഇലയില്ലാത്തവര്‍ക്ക് ഊണില്ളെന്ന സമഗ്രമായൊരു നിയമം പിന്നീട് പാസാക്കുക. അതാണ് നമ്മുടെ നീതിനിര്‍വഹണവും മഹത്തായ ജനാധിപത്യവും.

2011 ആഗസ്റ്റ് 17ന്, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം ഏതാനും സുഹൃത്തുക്കളോടൊപ്പം ഈ ലേഖകന്‍ അദ്ദേഹത്തെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ചെന്നുകണ്ടു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കണ്ടതിനേക്കാള്‍ സുസ്മേരവദനനാണ് അദ്ദേഹമിപ്പോള്‍. ശരീരം ശോഷിച്ചിട്ടുണ്ടെങ്കിലും മുഖത്ത് സംഘര്‍ഷങ്ങളില്ല. ആഹ്ളാദവും വിശ്വാസത്തിന്‍െറ തിളക്കവും ആ കണ്ണുകളില്‍ നിങ്ങള്‍ക്ക് വായിച്ചെടുക്കാം. ‘നോമ്പ് എങ്ങനെയുണ്ട്?  ഞാന്‍ ചോദിച്ചു. ‘റമദാന്‍ ആചരിക്കാന്‍ ഏറ്റവും നല്ലത് ജയില്‍ തന്നെയാണ്’ -അദ്ദേഹം പറഞ്ഞു. ആരോഗ്യം, കേസ്, ജയിലിലെ അനുഭവങ്ങള്‍...അങ്ങനെ ധാരാളം ഞങ്ങള്‍ സംസാരിച്ചു. ഭാവിയെക്കുറിച്ച് എന്തു തോന്നുന്നുവെന്നതിന്, ‘ലാ തഖ്നുതൂ മിന്‍ റഹ്മത്തില്ലാഹ്’ എന്ന ഖുര്‍ആന്‍ വാക്യമാണ് അദ്ദേഹം മറുപടിയായി പറഞ്ഞത് -അല്ലാഹുവിന്‍െറ കാരുണ്യത്തിന്‍െറ കാര്യത്തില്‍ നിങ്ങള്‍ നിരാശരാവേണ്ടതില്ല.മഅ്ദനിയെ അറസ്റ്റ് ചെയ്തവര്‍ അദ്ദേഹത്തെ തളര്‍ത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ അവര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. കാരണം അദ്ദേഹം തരിമ്പും തളര്‍ന്നിട്ടില്ല. തളര്‍ന്നു കുഴഞ്ഞു വീണുപോവാന്‍ മാത്രം കാരണങ്ങള്‍ അദ്ദേഹത്തിനുണ്ട്. നീണ്ട ഒമ്പതര വര്‍ഷത്തെ പീഡനപൂര്‍ണമായ കോയമ്പത്തൂര്‍ ജയില്‍വാസം, അതിന് ശേഷം വന്നുകിട്ടിയ കുടുംബ ജീവിതം ആസ്വദിച്ചു തുടങ്ങവേ ഭാര്യയെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നു. കോയമ്പത്തൂര്‍ ജയില്‍വാസക്കാലത്ത് കേസുമായി നടക്കാന്‍ ബാപ്പയുണ്ടായിരുന്നു. പക്ഷേ, രണ്ടാം അറസ്റ്റിന്‍െറ സമയമാവുമ്പോഴേക്ക് അദ്ദേഹം ഹൃദയം തകര്‍ന്ന് തളര്‍ന്നുവീണ് വീല്‍ ചെയറില്‍ ആയിക്കഴിഞ്ഞു. രണ്ട് മക്കള്‍, ദീര്‍ഘ കാലത്തെ കാത്തിരിപ്പിന് ശേഷം കൊതിച്ചു കിട്ടിയ ബാപ്പയെ വീണ്ടും ‘മഹത്തായ നീതിദേവത’ കൊണ്ടുപോയതിന്‍െറ ആഘാതത്തില്‍ പഠനത്തില്‍ ഏകാഗ്രത കിട്ടാതെ, ഉറക്കത്തിലും ഉണര്‍വിലും ഞെട്ടിയെഴുന്നേല്‍ക്കുന്ന അവസ്ഥയില്‍ കഴിയുന്നു. മഅ്ദനി സ്വയം തന്നെയും രോഗിയും വികലാംഗനുമാണ്. കേസിന്‍െറ സങ്കീര്‍ണ വഴികളെയും കെട്ടുപിണച്ചിലുകളെയും കുറിച്ചാലോചിച്ചാല്‍ തന്നെ തലകറങ്ങിപ്പോകും. ഒരര്‍ഥത്തില്‍ ബോധക്ഷയം വന്നുപോകാവുന്ന അവസ്ഥ. പക്ഷേ, സത്യം, അദ്ദേഹത്തിന്‍െറ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടില്ല. നിശ്ചയദാര്‍ഢ്യത്തിന്‍െറ കരിവീട്ടിക്കാതല്‍ അദ്ദേഹത്തില്‍ നിങ്ങള്‍ക്ക് തൊട്ടനുഭവിക്കാന്‍ കഴിയും.

മഅ്ദനി വികലാംഗനാണെന്ന് പറയുമ്പോള്‍, അദ്ദേഹം ജന്മനാ വികലാംഗനാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അങ്ങനെയല്ല. 1992 ആഗസ്റ്റ് ആറിന് ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞ് അദ്ദേഹത്തിന്‍െറ ഒരു കാല്‍ തകര്‍ക്കുകയായിരുന്നു. ‘ഒറ്റക്കാലന്‍ മഅ്ദനീ മറ്റേക്കാലും സൂക്ഷിച്ചോ’ എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍.എസ്.എസുകാര്‍ കല്ലാച്ചി അങ്ങാടിയിലൂടെ പ്രകടനം വിളിച്ചുപോകുന്നത് സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കണ്ടുനിന്നതിന്‍െറ ഓര്‍മ ഇപ്പോഴുമുണ്ട്. തന്‍െറ കാല് തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് മഅ്ദനി പക്ഷേ, മാപ്പുനല്‍കി. അവര്‍ക്കെതിരെ വാദിക്കാനോ സാക്ഷി പറയാനോ ഒന്നും മഅ്ദനി സന്നദ്ധമായില്ല. കോടതി അവരെ വെറുതെ വിട്ടു. ഒരുപക്ഷേ, കേരളത്തിലെ ക്രിമിനല്‍ കേസുകളുടെ ചരിത്രത്തിലെ അപൂര്‍വമായ അനുഭവമായിരുന്നു അത്. തന്‍െറ കാല് അറുത്തെടുത്തവര്‍ക്ക് മാപ്പ് നല്‍കിയ മഅ്ദനിയെ മനസ്സിലാക്കാന്‍ മലയാളിക്ക് കഴിഞ്ഞില്ല. ആര്‍.എസ്.എസിന് അദ്ദേഹത്തിന്‍െറ പച്ചമാംസത്തോട് എന്നും ആര്‍ത്തിയുണ്ടായിരുന്നു. കാന്തഹാര്‍ വിമാന റാഞ്ചികളുടെ ഉപാധികളില്‍ മഅ്ദനിയുടെ മോചനവുമുണ്ടെന്ന് വരെ തട്ടിവിട്ടവരാണവര്‍. എന്നുവെച്ചാല്‍, അദ്ദേഹത്തിന്‍െറ പിന്നാലെ കൂടി അവര്‍ എന്നും ആ ചോരക്ക് കൊതിച്ചിട്ടുണ്ട്. പക്ഷേ, ദുരിതങ്ങളുടെ ഈ മഹാസമുദ്രത്തില്‍ നമ്മുടെ സഹജീവിയെ നീന്താനയച്ചുകൊണ്ട് നാം മലയാളികള്‍ക്ക് വെറുതെയിരിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? മഅ്ദനിയും കുടുംബവും നേരിട്ടുകൊണ്ടിരിക്കുന്ന രക്തം കിനിയുന്ന പീഡന പര്‍വങ്ങള്‍ നമ്മെ സായുജ്യം കൊള്ളിക്കുന്നുവെന്ന് വന്നാല്‍ നാം എന്തുമാത്രം മനോരോഗികളാണ്? എന്തുകൊണ്ട് നമുക്കിടയിലെ ഒരു പൊതുപ്രവര്‍ത്തകന്‍ സമ്പൂര്‍ണമായും കെട്ടിച്ചമച്ച കേസിന്‍െറ പേരില്‍ യാതനകള്‍ പേറുമ്പോള്‍ അതിനെതിരെ ഒരു ചെറുവിരല്‍ ഈ സംസ്ഥാനത്ത് നിന്നുണ്ടാകുന്നില്ല. നാം വീമ്പുപറയുന്ന പ്രബുദ്ധതയും പുരോഗമനപരതയും മനുഷ്യാവകാശബോധവുമൊക്കെ എവിടെ?

‘നിയമം നിയത്തിന്‍െറ വഴിക്ക് പോവട്ട’ എന്ന വലിയ സിദ്ധാന്തമാണ് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം നമ്മളില്‍ പലരും പറയാറുള്ളത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായ പാര്‍ലമെന്‍റ് ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട്, കോടതി വധശിക്ഷക്ക് വിധിച്ച വ്യക്തിയായിരുന്നു എസ്.എ.ആര്‍. ഗീലാനി എന്ന ദല്‍ഹി യൂനിവേഴ്സിറ്റി പ്രഫസര്‍. അദ്ദേഹത്തിന്‍െറ മോചനത്തിന് വേണ്ടി കേരളത്തിന് പുറത്തുയര്‍ന്നുവന്ന വിപുലമായ കാമ്പയിനുകള്‍ നാം ഓര്‍ക്കുക. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിദ്യാര്‍ഥികള്‍, കലാകാരന്മാര്‍ എന്നിങ്ങനെ ജീവിതത്തിന്‍െറ വിവിധ രംഗങ്ങളില്‍ പെട്ടവര്‍ നിയമം നിയമത്തിന്‍െറ വഴിക്ക് പോയപ്പോള്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ആള്‍ക്കു വേണ്ടി രംഗത്തുവന്നു. എസ്.എ.ആര്‍. ഗീലാനി ഇന്ന് രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് വേണ്ടിയുള്ള ദേശീയ പ്രസ്ഥാനത്തിന്‍െറ അധ്യക്ഷനാണ്. ബിനായക് സെന്നിനെതിരെയും ദേശദ്രോഹവുമായി ബന്ധപ്പെട്ട ചാര്‍ജുകളായിരുന്നു ചുമത്തപ്പെട്ടിരുന്നത്. ‘ദേശദ്രോഹി’യായ അദ്ദേഹത്തിന് വേണ്ടിയും കാമ്പയിന്‍ നടത്താന്‍ ‘നിരക്ഷര’രായ ഉത്തരേന്ത്യക്കാര്‍ രംഗത്തുവന്നു. പക്ഷേ, നമ്മുടെ ഈ കേരളത്തില്‍ മഅ്ദനി പോവട്ടെ, മഅ്ദനി കേസിന്‍െറ ദുരൂഹവഴികളെക്കുറിച്ച് റിപ്പോര്‍ട്ടെഴുതിയ പത്രപ്രവര്‍ത്തക വേട്ടയാടപ്പെട്ടപ്പോള്‍ പോലും അത് വലിയ ചലനമുണ്ടാക്കിയില്ല. മഅ്ദനി, ഗീലാനിയെയും ബിനായക് സെന്നിനെയും പോലെ ശിക്ഷ വിധിക്കപ്പെട്ട പ്രതിയല്ല. വിചാരണത്തടവുകാരന്‍ മാത്രമാണ്. മുമ്പ് അദ്ദേഹത്തിന്‍െറ കേസില്‍ വിധി തീര്‍പ്പുണ്ടായപ്പോഴാവട്ടെ, അദ്ദേഹത്തെ നിരപരാധിയായി വിട്ടയച്ചതാണുതാനും. അങ്ങനെയൊരു മനുഷ്യനും കുടുംബവും അനന്തമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ നാം ഒരു സാഡിസ്റ്റ് മനസ്സോടെ അതെല്ലാം  കണ്ടാസ്വദിക്കുന്നു. എന്നിട്ട് പ്രബുദ്ധരുടെ സംസ്ഥാനമെന്ന് വീമ്പുപറഞ്ഞിരിക്കുന്നു.

മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതിന്‍െറ പ്രത്യേകതയും ഇതു തന്നെയാണ്. കേരളത്തിലെ പുരോഗമനോന്മുഖ ഇടതുപക്ഷ സമൂഹം തള്ളിക്കളഞ്ഞ അദ്ദേഹത്തിന്‍െറ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കേരളത്തിന് പുറത്തുനിന്ന് മനുഷ്യാവകാശ സമൂഹം രംഗത്തുവരുന്നുവെന്നതാണ് മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോഴുള്ള പ്രത്യേകത. അരുണാ റോയ്, കവിതാ ശ്രീവാസ്തവ, ഡോ. ബിനായക് സെന്‍, ആനന്ദ് പട്വര്‍ധന്‍ തുടങ്ങിയ പ്രഗല്ഭരായ ദേശീയ വ്യക്തിത്വങ്ങള്‍ ഒപ്പിട്ട് രണ്ടാഴ്ച മുമ്പ് ദല്‍ഹിയില്‍നിന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന അതിന്‍െറ വലിയൊരു സൂചകമാണ്. കിഴവന്‍ വര്‍ത്തമാനങ്ങളും ഞൊണ്ടി ന്യായങ്ങളുമായി ധീരമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ മലയാളി ‘പ്രബുദ്ധത’ മടിച്ചു നില്‍ക്കുമ്പോഴാണ് നമ്മുടെ നാട്ടുകാരന് വേണ്ടി പുറംനാട്ടുകാര്‍ അവരുടെ ശബ്ദം കേള്‍പ്പിച്ചു തുടങ്ങുന്നത്. സംശയരഹിതമായും, കോയമ്പത്തൂരില്‍ സംഭവിച്ചത് പോലെത്തന്നെ, മഅ്ദനി ബംഗളൂരുവില്‍ നിന്നും നിരപരാധിയായി തിരിച്ചുവരും. വിചാരണ തീരുംവരേക്ക് അദ്ദേഹത്തെ എങ്ങനെ പീഡിപ്പിച്ച് ഇല്ലാതാക്കാം എന്ന് മാത്രമാണ് ഭരണകൂടം ആലോചിക്കുന്നത്. അങ്ങനെ അദ്ദേഹം തിരിച്ചുവരുമ്പോള്‍ നാം മലയാളികള്‍ പിന്നെയും പ്രബുദ്ധതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും.

2 comments:

  1. പാവം മദനി :(

    ReplyDelete
  2. what the hell.....y the govtis doing like that...

    ReplyDelete