Brief Timeline

അബ്‌ദുല്‍ നാസര്‍ മഅദനി - 18 ജനുവരി 1966-ല്‍ ജനനം. കേരളത്തിലെ അറിയപ്പെടുന്ന രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ . ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത പി.ഡി.പി (പീപിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) എന്ന രാഷ്‌ട്രീയപാര്‍ട്ടിയുടെ ചെയര്‍മാന്‍ . രാഷ്‌ട്രീയ എതിരാളികളുടെ ബോംബ് ആക്രമണത്തില്‍ ഒരു കാല്‍ നഷ്‌ടപ്പെട്ടു. പിന്നീട്, പ്രതികള്‍ക്ക് അദ്ദേഹം നിരുപാധികം മാപ്പു നല്‍കി.

1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി പത്തു വര്‍ഷത്തോളം വിചാരണത്തടവുകാരനായി ജാമ്യമില്ലാതെ തമിഴ്‌നാട്ടിൽ ജയിലിൽ കഴിഞ്ഞു. 2007 ഓഗസ്റ്റ് 1-ന്‌ ഈ കേസിൽ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മദനിയെ വെറുതേ വിട്ടു. കോടതിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ യാതൊരു വിധ നഷ്‌ടപരിഹാരമോ ഖേദപ്രകടനമോ ഉണ്ടായില്ല.

ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ഓഗസ്‌റ്റ്-ല്‍ കര്‍ണാടക പോലീസ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തു. സ്‌ഫോടനത്തില്‍ ബന്ധമുള്ളതായി യാതൊരു വിധ തെളിവുകളും പോലീസിനു ഹാജരാക്കാനായില്ല. പ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ അദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുള്ളത്. 2011 ഫെബ്രുവരി 11-നു കര്‍ണാടക ഹൈകോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തിൽ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകൾ പോലീസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈകോടതി വിധിപ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടിയെങ്കിലും, മദനിക്കു ജാമ്യം നൽകുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കർണാടക സർക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം നിരസിച്ചത്.

പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്ന് അപേക്ഷ മറ്റൊരു ബെഞ്ചില്‍ വെക്കാനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടാന്‍ ഉത്തരവായി. മൊഴികളെല്ലാം ക്രിമിനല്‍ നടപടിച്ചട്ടങ്ങളുടെ 161-ആം വകുപ്പു പ്രകാരം പോലീസെടുത്തതാണെന്നും തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്നും വാദം കേള്‍ക്കുന്നതിനിടയില്‍ ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. നിരപരാധികളെ ജയിലിലടയ്ക്കാനുള്ള തെളിവുകള്‍ ഇന്ത്യയിലെ പോലീസ് ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. (കൂടുതല്‍ ഇവിടെ വായിക്കാം. http://www.mathrubhumi.com/story.php?id=184534 http://www.madhyamam.com/news/75101/110505). പിന്നീട്, ജാമ്യാപേക്ഷയില്‍ തീരുമാനമാകാതെ വ്യത്യസ്ഥ തിയ്യതികളിലേക്ക് കേസ് മാറ്റിവെക്കപ്പെടുകയാണുണ്ടായത്.

2007 ആഗസ്റ്റ് ഒന്നിന് കോയമ്പത്തൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയതുമുതല്‍ ബി കാറ്റഗറി സുരക്ഷയുള്ളയാളാണ് മഅ്ദനി. രണ്ടു ഗണ്‍മാന്മാര്‍ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടായിരിക്കും. എവിടെയാണോ മഅ്ദനി താമസിക്കുന്നത് അവിടെ സായുധരായ അഞ്ചു പൊലീസുകാര്‍ സുരക്ഷക്കുണ്ടായിരിക്കണം. എല്ലാ ദിവസവും രാത്രി അദ്ദേഹം പിറ്റേന്ന് സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും തിരുവനന്തപുരത്തെ ഐ.ബി ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് സന്ദേശം അയച്ചിരിക്കണം. മഅ്ദനി സഞ്ചരിക്കുന്ന വാഹനത്തില്‍പോലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരിക്കും.

കേസിനാസ്‌പദമായ സംഭവം നടക്കുമ്പോള്‍ ഇത്തരത്തിലുള്ള ബി- കാറ്റഗറി  പോലീസ് സെക്യൂരിറ്റിയിലായിരുന്നു മ‌അദനി ഉണ്ടായിരുന്നത് എന്നിരിക്കെ, പോലീസിന്റെ കണ്ണു വെട്ടിച്ച് മ‌അദനിക്ക് എങ്ങനെ ഇത്തരമൊരു ഗൂഢാലോചനയില്‍ പങ്കു കൊള്ളാന്‍ സാധിക്കും എന്ന കാര്യം ഒരു ചോദ്യഛിഹ്നമായി നിലനില്‍ക്കുന്നു. തങ്ങളുടെ സാക്ഷിമൊഴികള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്ന് സാക്ഷികളില്‍ പലരും കോടതിയിലും മീഡിയകളോടും പറഞ്ഞതും, മ‌അദനിക്കെതിരെയുള്ള കേസ് പോലീസിന്റെ നാടകമാണെന്ന് തെളിയിക്കുന്നതാണ്.

അന്യസംസ്ഥാന ജയിലറയില്‍ കേരളത്തിലെ ഒരു പ്രമുഖ പൌരന്‍ മുനുഷ്യാവകാശലംഘനം നേരിടുമ്പോള്‍ കേരളസര്‍ക്കാര്‍ തുടരുന്ന അപകടകരമായ മൌനം ഏറെ പ്രതിഷേധത്തിനു പാത്രമായിട്ടുണ്ട്. മഅ‌ദനിയുടെ മോചനം തേടിക്കൊണ്ട് നിരവധി സംഘടനകള്‍ കേരളത്തില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. നടക്കുകയാണ്. ജസ്‌റ്റിസ് ഫോര്‍ മ‌അദനി ഫോറം ആണ് ഇപ്പോള്‍ മ‌അദനിയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏകോപനസമിതി.

തുടര്‍ന്നിങ്ങോട്ട് മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ച് മ‌അദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ അനുവദിച്ചു കൊണ്ട് , 2013 മാര്‍ച്ച് 10ന് കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാനും അസുഖബാധിതനായ പിതാവ് അബ്ദുസ്സമദ് മാസ്റ്ററെ സന്ദര്‍ശിക്കാനുമായി, പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി കര്‍ശന വ്യവസ്ഥയോടെ മ‌അദനിക്ക് 2013 മാര്‍ച്ച് 09 മുതല്‍ 13 വരെ അഞ്ചു ദിവസത്തേക്ക് അനുമതി നല്‍കി.