Sunday, October 23, 2011

മഅ്ദനിയോളം മനുഷ്യാവകാശം നിഷേധിക്കപ്പെട്ട മറ്റൊരാളില്ല -ഡോ. ബലരാമന്‍


കൊല്ലം: രാജ്യത്ത് മഅ്ദനിയേയും കുടുംബത്തെയും പോലെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റാരുമില്ളെന്ന് മനുഷ്യാവകാശ കമീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാന്‍ ഡോ. എസ്. ബലരാമന്‍.
ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പുറത്തിറക്കിയ ഫ്രീ മഅ്ദനി ബുള്ളറ്റിന്‍ ഇംഗ്ളീഷ് പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനി വിഷയത്തില്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലാണ് മഅ്ദനിയുടെ വിചാരണ നടക്കുന്നത്. അഭിഭാഷകര്‍ക്ക് ജയില്‍പുള്ളിയെപ്പോലെ കോടതിയില്‍ ഹാജരാവേണ്ടിവരുന്നതിനാല്‍ മഅ്ദനിയുടെ കേസില്‍ പല പ്രശസ്ത അഭിഭാഷകരും വക്കാലത്തേറ്റെടുക്കാന്‍ വിസമ്മതിക്കുകയാണെന്ന് അധ്യക്ഷതവഹിച്ച ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഭാസുരേന്ദ്രബാബു ബുള്ളറ്റിന്‍ ഏറ്റുവാങ്ങി. ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, ജമാല്‍ മുഹമ്മദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, പാച്ചല്ലൂര്‍ സലിം മൗലവി, ചേലക്കുളം ഹമീദ്മൗലവി, ഇ.കെ. സുലൈമാന്‍ ദാരിമി, പി.ഡി.പി സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, റജീബ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, ടി.എം. ഷരീഫ്, മൈലക്കാട് ഷാ, എ. അബ്ദുല്ലാ മൗലവി, എം.എ. സമദ്, എം.എ. അസീസ് തേവലക്കര, സുനില്‍ ഷാ, അഡ്വ. കാഞ്ഞിരമറ്റം സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Thursday, October 13, 2011

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണ 17ലേക്ക് മാറ്റി

ബംഗളൂരു: 2008 ജൂലൈ 25ന് നടന്ന ബംഗളൂരു സ്ഫോടന പരമ്പരക്കേസിലെ വിചാരണ നടപടികള്‍ കോടതി ഒക്ടോബര്‍ 17ലേക്ക് മാറ്റി. പ്രതികള്‍ക്ക് ഡിസ്ചാര്‍ജ് പെറ്റീഷന്‍ സമര്‍പ്പിക്കാനുള്ള അവസരം നല്‍കിയതിനാല്‍ പ്രതിഭാഗം അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് നീട്ടിയത്. അഭിഭാഷകരായ പി. ഉസ്മാന്‍, അക്ബറലി, വസന്ത് എച്ച്. വൈദ്യ എന്നിവരാണ് 31ാം പ്രതിയായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി ഹാജരായത്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഹാജരാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അസൗകര്യംമൂലം അദ്ദേഹത്തിന് ബംഗളൂരുവില്‍ എത്താന്‍ സാധിച്ചില്ല. മഅ്ദനി ഒഴികെയുള്ള മറ്റ് പ്രതികള്‍ക്കു വേണ്ടി അമികസ് ക്യൂറിയും പി.എന്‍. വെങ്കടേഷുമാണ് ഹാജരായത്. അഹ്മദാബാദ് സ്ഫോടനക്കേസില്‍ പ്രതികളായി ഗുജറാത്തില്‍ ജയിലില്‍കഴിയുന്ന രണ്ടാംപ്രതി സൈനുദ്ദീന്‍, നാലാംപ്രതി ഷറഫുദ്ദീന്‍ എന്നിവരെ ഹാജരാക്കാന്‍ സാധിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സ് പ്രവര്‍ത്തനം മുടങ്ങിയതാണ് കാരണം. കേസില്‍ എട്ട്, ഒമ്പത് പ്രതികളായ സകരിയ്യ, ബദ്റുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ തുടര്‍ നടപടികളും ഒക്ടോബര്‍ 17ന് നടക്കും. മുമ്പ് സമര്‍പ്പിച്ചവരുടെയും അവശേഷിക്കുന്നവരുടെയും ഡിസ്ചാര്‍ജ് പെറ്റീഷനുകള്‍ ഒരുമിച്ച് പരിഗണിക്കാമെന്ന് കോടതി പ്രതിഭാഗം അഭിഭാഷകരെ അറിയിച്ചു. രാവിലെ 11.30ന് ആരംഭിച്ച നടപടികള്‍ അരമണിക്കൂറോളം നീണ്ടുനിന്നു.മഅ്ദനിക്കായി ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

മദനി, പിള്ള: ഭരണകൂടം നിയം കയ്യാളുന്ന വിധം


ബ്ദുന്നാസര്‍ മഅദനിയും ബാലകൃഷ്ണപ്പിള്ളിയും രണ്ട് പ്രതീകങ്ങളാണ്. ഒരാള്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി ജാമ്യവും ശരിയായ ചികിത്സയും ലഭിക്കാതെ കഴിയുന്നു, മറ്റൊരാള്‍ അഴിമതിക്കേസില്‍ ഒരു വര്‍ഷം തടവിന് ശിക്ഷക്കപ്പെട്ട ശേഷം യഥേഷ്ടം പരോളിലിറങ്ങി സുഖ ചികിത്സയില്‍ കഴിയുന്നു.ഒരാള്‍ പുറം ലോകവുമായി ബന്ധപ്പെടാതെ കഴിയുമ്പോള്‍ മറ്റൊരാള്‍ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഭരണത്തില്‍ വരെ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവരുന്നു.
രണ്ടു തടവുകാരെ താരതമ്യപ്പെടുത്തുകയല്ല, മറിച്ച് ഭരണകൂടം രണ്ടു പൗരന്‍മാരോട് കാണിക്കുന്ന ‘നീതി’യാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഈ രണ്ട് പേരും ഇപ്പോള്‍ ജയിലില്‍ കഴിയുന്നതും ഇനി കഴിയാനിരിക്കുന്നവരുമായ ആയിരക്കണക്കിന് പേരുടെ പ്രതീകങ്ങളാണ്. മുമ്പൊരു കേസിന്റെ വിചാരണക്കായി ഒമ്പത് കൊല്ലം തടവില്‍ കാത്ത് കഴിയേണ്ടി വന്നയാളാണ് മഅദനി. ഒരു മദനിയെ മാത്രമേ നമുക്കറിയൂ. ശബ്ദമില്ലാത്ത ആയിരക്കണക്കിന് വിചാരണത്തടവുകാര്‍ ഇന്ത്യന്‍ ജയിലുകളില്‍ തടവറയുടെ ഇരുളില്‍ കഴിയുന്നുണ്ടാവും. പിള്ളയും ഒരു പ്രതീകമാണ്, തടവറകള്‍ പോലും തങ്ങളുടെ സാമ്രാജ്യമാക്കുന്ന രാഷ്ട്രീയ-പണ-മാഫിയ ബന്ധങ്ങളുടെ പ്രതീകം.
ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു… മദനി,പിള്ള: ഭരണകൂടം നിയം കയ്യാളുന്ന വിധം

Sunday, October 9, 2011

പിള്ളയും മഅ്ദനിയും മാധ്യമങ്ങളുടെ കാപട്യവും - ഭാസുരേന്ദ്രബാബു

Published on Madhyamam Daily dated 09/Oct/2011

നമ്മുടെയിടയില്‍നിന്ന് അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ‘ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറവും’ മറ്റ് സമാന സംഘടനകളും, മഅ്ദനിക്കുനേരെ അഴിച്ചുവിടുന്ന ജനാധിപത്യ-പൗരാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. എങ്കില്‍ക്കൂടി മഅ്ദനിക്കുവേണ്ടി ഫലപ്രദം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പൗരാവകാശ പ്രക്ഷോഭം ഇനിയും നമുക്ക് സംഘടിപ്പിക്കാനായിട്ടില്ല. ബംഗളൂരു സ്ഫോടനക്കേസ് വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത് തടിയന്‍റവിട നസീറിന്‍െറ നേതൃത്വമാണ് എന്നാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. തടിയന്‍റവിട നസീര്‍ മഅ്ദനിയെ ഫോണില്‍ വിളിച്ചു എന്നത് തെളിവായി എടുത്തുകൊണ്ട് മഅ്ദനിയെക്കൂടി ഈ കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകനായ തനിക്ക് പലരും ഫോണ്‍ ചെയ്യുമെന്നും അതുകൊണ്ട് അവരുടെ പ്രവൃത്തികള്‍ക്ക് താന്‍ കാരണക്കാരനാകുന്നില്ളെന്നും മഅ്ദനി കഴിഞ്ഞ വര്‍ഷം പ്രസ്താവിക്കുകയുണ്ടായി. ഏകപക്ഷീയമായി സ്വന്തം ഫോണിലേക്ക് വന്ന കാളുകളെ മുന്‍നിര്‍ത്തിയാണ് മഅ്ദനിക്ക് തീവ്രവാദ ബന്ധം കല്‍പിച്ചുനല്‍കാന്‍ കര്‍ണാടക പൊലീസ് തയാറായിരിക്കുന്നത്. ഏകപക്ഷീയമായി വരുന്ന ഇത്തരം കാളുകള്‍ ഫലവത്തായ തെളിവായി പരിഗണിക്കപ്പെട്ടുകൂടാ. എന്നാലിവിടെ നിയമം മഅ്ദനിക്ക് ഭിന്നമായ രീതിയിലാണ് പ്രയോഗക്ഷമമാവുന്നത്.

Wednesday, October 5, 2011

മ‌അദനിയുടെ ചികിത്സാ ചെലവ് നല്‍‌കിയില്ല: തുടര്‍ ചികില്‍‌സ വൈകുന്നു


ബാംഗ്ലൂരു സ്‌ഫോടന കേസിലെ വിചാരണതടവുകാരനായ അബ്‌ദുല്‍ നാസര്‍ മ‌അദനിക്ക് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ആയു‌ര്‍‌വേദ ചികിത്സ നല്‍‌കിയ സ്വകാര്യ ആശുപത്രിക്ക് കര്‍‌ണ്ണാടക സര്‍ക്കാര്‍ പണം നല്‍‌കിയില്ല. മ‌അദനിക്ക് തുടര്‍ ചികിത്സയും ഇതു വരെ ലഭ്യമാക്കിയിട്ടില്ല. വൈറ്റ്‌ഫീല്‍‌ഡിലെ സൗഖ്യ ഹോളിസ്‌റ്റിക് സെന്ററിനാണ് പണം നല്‍‌കാത്തത്. ജയില്‍ നിയമപ്രകാരം തടവുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെങ്കിലും ഡിസ്‌ചാര്‍ജ്ജ് ചെയ്‌ത് മൂന്നു മാസമായിട്ടും സൗഖ്യ ആശുപത്രി അധികൃതര്‍ക്ക് സര്‍ക്കാര്‍ പണം നല്‍‌കിയില്ലെന്നാണ് മാധ്യമം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ജൂണ്‍ ഏഴ് മുതല്‍ ജൂലൈ അഞ്ചു വരെ 28 ദിവസത്തെ പഞ്ചകര്‍‌മ ചികിത്സയാണ് സൗഖ്യ ആശുപത്രിയില്‍ മ‌അദനിക്ക് നല്‍കിയത്. ഇതിനു 8.60 ലക്ഷം രൂപ ചെലവായി. ഈ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ സര്‍ക്കാറിനെ സമീപിച്ചിട്ടും പണം ലഭിച്ചില്ല. അതേ സമയം, പഞ്ചകര്‍മ്മ ചികിത്സക്ക് ശേഷം മ‌അദനിക്ക് വേണ്ട തുടര്‍ചികിത്സയും ലഭ്യമാക്കിയില്ല.

Tuesday, October 4, 2011

കൊയമ്പത്തൂര്‍ പ്രസ് ക്ലബ് കേസ് : മ‌അദനിയെ 29-നു ഹാജരാക്കാന്‍ ഉത്തരവ്


(Courtesy: Madhyamam Daily dated 04/10/2011)

കൊയമ്പത്തൂര്‍ : പ്രസ് ക്ലബ് പരിസരത്ത് സ്‌ഫോടകവസ്‌തു കണ്ടെടുത്ത കേസില്‍ പുതുതായി പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മ‌അദനിയെ ഒക്‌ടോബര്‍ 29-നു വൈകീട്ട് നാലിനകം ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊയമ്പത്തൂര്‍ എട്ടാം മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജി കെ.അരുണാചലം പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. സാങ്കേതിക കാരണങ്ങളാല്‍ മ‌അദനിയെ ഹാജരാക്കാനായില്ലെന്ന് പ്രത്യേകാന്വേഷണ സംഘം രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണിത്. എസ്.ഐ.ടി അഡിഷണല്‍ സൂപ്രണ്ട് നാഗദേവി, ഡെപ്യൂട്ടി സൂപ്രണ്ട് സമ്പത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കോടതിയില്‍ സന്നിഹിതരായിരുന്നു. ഇന്നലെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വീഡിയോ കോണ്‍‌ഫറന്‍‌സ് മുഖേനയുള്ള കോടതി നടപടികളും ഉണ്ടായില്ല.

പ്രസ്ക്ളബ് കേസ്: മഅ്ദനിയെ പ്രതിയാക്കിയതില്‍ ദുരൂഹത

(Courtesy: Madhyamam Daily dated 04/10/2011)

കോയമ്പത്തൂര്‍: പ്രസ്ക്ളബ് പരിസരത്ത് സ്ഫോടകവസ്തു കണ്ടെടുത്ത കേസില്‍ ഒമ്പതു വര്‍ഷത്തിനുശേഷം മഅ്ദനിയെ പ്രതി ചേര്‍ത്ത കോയമ്പത്തൂര്‍ പ്രത്യേകാന്വേഷണ സംഘത്തിന്‍െറ നടപടിയില്‍ ദുരഹുത. മഅ്ദനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം ആദ്യ പ്രൊഡക്ഷന്‍ വാറണ്ട് ഉത്തരവ് പുറപ്പെടുവിക്കവെ കോയമ്പത്തൂര്‍ ഏഴാം ജെ.എം കോടതി  ഇതു സംബന്ധിച്ച് ചോദ്യമുന്നയിച്ചിരുന്നു. മഅ്ദനിയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കാലതാമസത്തെക്കുറിച്ചാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. കേസിലെ പ്രതികളായ തടയന്‍റവിട നസീര്‍, ഷബീര്‍ എന്നിവരെ ഈയിടെയാണ് പിടികൂടിയതെന്നും ഇവരുടെ മൊഴിയനുസരിച്ചാണ് മഅ്ദനിയെ പ്രതി ചേര്‍ത്തതെന്നുമാണ് പൊലീസിന്‍െറ വിശദീകരണം. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദിനെ ആഴ്ചകള്‍ക്കു മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയതും സംശയം ഉയര്‍ത്തുന്നു. മഅ്ദനിയുടെ അറസ്റ്റുനീക്കത്തിനു പിന്നില്‍ ജയലളിത സര്‍ക്കാറിന്‍െറ നിക്ഷിപ്തമായ താല്‍പര്യങ്ങളുണ്ടെന്ന് ആരോപണമുണ്ട്.

മഅ്ദനി വേട്ട: പരിഷ്കൃത സമൂഹത്തിന് ചേരാത്തത് -ജമാഅത്തെ ഇസ്ലാമി

(Courtesy: Madhyamam Daily dated 04/10/2011)

കോഴിക്കോട്: അബ്ദുന്നാസര്‍ മഅ്ദനിയെ അനന്തകാലം ജയിലഴിക്കുള്ളില്‍പെടുത്താനുള്ള വന്‍ ഗൂഢാലോചനയുടെ ഭാഗമായാണ് കോയമ്പത്തൂര്‍ പ്രസ്ക്ളബ് കേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍ ആരോപിച്ചു. ബാംഗ്ളൂര്‍ കേസില്‍ വിചാരണ ആരംഭിച്ചിരിക്കെയാണ് പൊടുന്നനെ അദ്ദേഹത്തെ കോയമ്പത്തൂര്‍ കേസില്‍ അറസ്റ്റുചെയ്യുന്നത്.വികലാംഗനും രോഗിയുമായ മതപണ്ഡിതനെ ഈ വിധം നിരന്തരം ക്രൂശിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മഅ്ദനിയെ നിരന്തരം വേട്ടയാടുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് നിക്ഷിപ്ത താല്‍പര്യങ്ങളുള്ള പൊലീസ് ഉദ്യോഗസ്ഥര്‍. കേരളത്തിലെ പൊതുപ്രവര്‍ത്തകന്‍ അയല്‍സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളാല്‍ നിരന്തരം പീഡിപ്പിക്കപ്പെടുമ്പോള്‍ അതില്‍ ഇടപെടാന്‍ കേരളാ സര്‍ക്കാറിന് ബാധ്യതയുണ്ട്. മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേരളത്തിലെ പുരോഗമന സമൂഹവും സര്‍ക്കാറും ആവശ്യമായത് ചെയ്യണമെന്നും പി. മുജീബുറഹ്മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

Monday, October 3, 2011

നിയമസഭ ഇടപെടണം

(Courtesy: Madhyamam Daily dated 03/10/2011)


കോഴിക്കോട്: ബാംഗ്ലൂര്‍ ജയിലില്‍ വിചാരണതടവുകാരനായി കഴിയുന്ന അബ്‌ദുല്‍ നാസര്‍ മ‌അദനിയെ കൊയമ്പത്തൂര്‍ പ്രസ്‌ക്ലബ് സ്‌ഫോടനവുമായി ബന്ധപ്പെടുത്തി വീണ്ടും അറസ്‌റ്റു ചെയ്‌ത നടപടി ആശങ്കാജനകവും അപലപനീയവുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടന കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് ഒമ്പതു വര്‍ഷം മുമ്പ് നടന്ന മറ്റൊരു സംഭവത്തിന്റെ പേരില്‍ അദ്ദേഹം വീണ്ടും വേട്ടയാടപ്പെടുന്നതെന്ന് ഐ.എന്‍.എല്‍ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പില്‍ അധ്യക്ഷത വഹിച്ചു. ബി.ഹംസ ഹാജി, യു.സി മമ്മൂട്ടി ഹാജി, കെ.എസ് ഫക്രുദ്ദീന്‍, എം.എ വഹാബ് ഹാജി, പി.കെ അബ്‌ദുല്‍ കരീം, പ്രഫ. എ.പി അബ്‌ദുല്‍ വഹാബ്, കെ.പി ഇസ്‌മായില്‍, പന്തളം രാജേന്ദ്രന്‍, മൊയ്‌തീന്‍ കുഞ്ഞു കളനാട്, ബഷീര്‍ ബടേരി എന്നിവര്‍ സംസാരിച്ചു.

കൊയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ അനുമതി

(Courtesy: Madhyamam Daily dated 03/10/2011)

2002 ഡിസംബര്‍ 30-നു കൊയമ്പത്തൂര്‍ പ്രസ് ക്ലബ്ബിനു മുന്നില്‍ നിന്ന് സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്ത കേസില്‍ പ്രതിയാക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുന്നാസ് മ‌അദനിയെ കൊയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ അനുമതി. കൊയമ്പത്തൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടിനെ തുടര്‍ന്നാണ്‍ ബാംഗ്ലൂര്‍ സ്‌ഫോടന കേസ് വിചാരണക്കുള്ള പ്രത്യെക കോടതി മ‌അദനിയെ കൊണ്ടുപോകുന്നതിനു അനുമതി നല്‍കിയത്. മ‌അദനിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് കൊയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നതും വരുന്നതും വിമാന മാര്‍‌ഗം വേണമെന്നും കോടതി വ്യക്തമാക്കി.

മ‌അദനിക്കു വേണ്ടി നല്‍‌കിയത് മുന്‍‌കൂര്‍ ജാമ്യാപേക്ഷ; കോടതി തള്ളി

(Courtesy: Madhyamam Daily dated 03/10/2011)

ബാംഗ്ലൂര്‍: കൊയമ്പത്തൂര്‍ പ്രസ് ക്ലബിനു സമീപത്തെ ടെലിഫോണ്‍ ബൂത്തില്‍ നിന്ന് സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്ത കേസില്‍ അബ്‌ദുല്‍ നാസര്‍ മ‌അദനിക്കു വേണ്ടി നല്‍‌കിയത് മുന്‍‌കൂര്‍ ജാമ്യാപേക്ഷ. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയും കൊയമ്പത്തൂര്‍ കേസില്‍ അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌ത പ്രതിക്കായാണ് അഡ്വ. ശങ്കര്‍ സുബ്ബു വഴി ചെന്നൈ ഹൈക്കോടതിയുടെ 35-ആം ബെഞ്ചില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍‌കിയത്. ഹരജി നിലനില്‍‌ക്കുന്നതല്ലെന്ന് പറഞ്ഞ് ഫയലില്‍ സ്വീകരിക്കാതെ കോടതി തള്ളുകയായിരുന്നു.