Thursday, October 13, 2011

മദനി, പിള്ള: ഭരണകൂടം നിയം കയ്യാളുന്ന വിധം


ബ്ദുന്നാസര്‍ മഅദനിയും ബാലകൃഷ്ണപ്പിള്ളിയും രണ്ട് പ്രതീകങ്ങളാണ്. ഒരാള്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി ജാമ്യവും ശരിയായ ചികിത്സയും ലഭിക്കാതെ കഴിയുന്നു, മറ്റൊരാള്‍ അഴിമതിക്കേസില്‍ ഒരു വര്‍ഷം തടവിന് ശിക്ഷക്കപ്പെട്ട ശേഷം യഥേഷ്ടം പരോളിലിറങ്ങി സുഖ ചികിത്സയില്‍ കഴിയുന്നു.ഒരാള്‍ പുറം ലോകവുമായി ബന്ധപ്പെടാതെ കഴിയുമ്പോള്‍ മറ്റൊരാള്‍ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഭരണത്തില്‍ വരെ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവരുന്നു.
രണ്ടു തടവുകാരെ താരതമ്യപ്പെടുത്തുകയല്ല, മറിച്ച് ഭരണകൂടം രണ്ടു പൗരന്‍മാരോട് കാണിക്കുന്ന ‘നീതി’യാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഈ രണ്ട് പേരും ഇപ്പോള്‍ ജയിലില്‍ കഴിയുന്നതും ഇനി കഴിയാനിരിക്കുന്നവരുമായ ആയിരക്കണക്കിന് പേരുടെ പ്രതീകങ്ങളാണ്. മുമ്പൊരു കേസിന്റെ വിചാരണക്കായി ഒമ്പത് കൊല്ലം തടവില്‍ കാത്ത് കഴിയേണ്ടി വന്നയാളാണ് മഅദനി. ഒരു മദനിയെ മാത്രമേ നമുക്കറിയൂ. ശബ്ദമില്ലാത്ത ആയിരക്കണക്കിന് വിചാരണത്തടവുകാര്‍ ഇന്ത്യന്‍ ജയിലുകളില്‍ തടവറയുടെ ഇരുളില്‍ കഴിയുന്നുണ്ടാവും. പിള്ളയും ഒരു പ്രതീകമാണ്, തടവറകള്‍ പോലും തങ്ങളുടെ സാമ്രാജ്യമാക്കുന്ന രാഷ്ട്രീയ-പണ-മാഫിയ ബന്ധങ്ങളുടെ പ്രതീകം.
ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു… മദനി,പിള്ള: ഭരണകൂടം നിയം കയ്യാളുന്ന വിധം

ബി.ആര്‍.പി ഭാസ്‌കര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ 
സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നുണ്ടോ എന്നതാണ് പ്രധാനം. അഥവാ നടപ്പാക്കുന്ന നിയമത്തിന്റെ സാധുതയെപ്പറ്റിയാണ് സംശയം. മഅദനിയുടെ കാര്യത്തില്‍ ഒരു തടവുപുള്ളിക്ക് നിയമം അനുവദിക്കുന്ന സൗകര്യങ്ങള്‍ പോലും ഭരണകൂടം നല്‍കിയിരുന്നില്ല. പത്തുവര്‍ഷം വിചാരണ തടവിലിട്ട ശേഷം അയാള്‍ നിരപരാധിയാണെന്ന് കോടതി പ്രഖ്യാപിക്കുന്നു. ഇപ്പോള്‍ വീണ്ടും മദനി തടവിലാണ്. വീണ്ടും യഥാസമയം കുറ്റപത്രം കൊടുക്കാതെയും മറ്റും തടവ് നീട്ടിക്കൊണ്ടു പോവുകയാണ്. കുറ്റപത്രം വൈകിയാല്‍ ജാമ്യം അനുവദിക്കണമെന്ന സുപ്രീംകോടതി വിധികള്‍ പോലും മഅദനിയുടെ കാര്യത്തില്‍ ലംഘിക്കപ്പെടുന്നു. ചരിത്രത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.
എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ നടക്കുന്നത് വേറെയാണ്. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് പിള്ള. നിരവധി വര്‍ഷം മന്ത്രിയായതാണ്. മുന്നണിയുടെ നേതാവാണ്. മഅദനി രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണെങ്കിലും അധികാരത്തിലേക്ക് എത്തിപ്പെടാത്ത ആളാണ്. പിള്ളയ്‌ക്കെതിരായ കേസില്‍ താരതമ്യേന ലഘുവായ ശിക്ഷയാണ് കോടതി നല്‍കിയത്. പിള്ളയുടെ പ്രായം, രോഗാവസ്ഥ തുടങ്ങിയ കാര്യം കോടതി പരിശോധിച്ചിട്ടുണ്ടാകാം. നിയമത്തില്‍ അങ്ങനെ വ്യക്തിപരമായ ഇളവുകള്‍ പാടില്ലെങ്കില്‍ പോലും പിള്ളയ്ക്ക് ലഘു ശിക്ഷയാണ് ലഭിച്ചത്. എന്നാല്‍ ആ ശിക്ഷ വിധിച്ചശേഷം പിള്ളയ്ക്ക് കൂടുതല്‍ ഇളവുകള്‍ കിട്ടുന്ന കാഴ്ചയാണ് കാണുന്നത്.
ശിക്ഷ വിധിച്ച ശേഷം പിള്ളയെ ജയിലില്‍ അടയ്ക്കുമ്പോള്‍ എതിര്‍ മുന്നണിയായിരുന്നു അധികാരത്തില്‍. പിള്ളയെ ജയിലില്‍ അയക്കാന്‍ വര്‍ഷങ്ങളോളം കേസ് നടത്തിയ ആളായിരുന്നു മുഖ്യമന്ത്രി. എങ്കില്‍പ്പോലും പിള്ളയ്ക്ക് മറ്റാര്‍ക്കും കിട്ടാത്ത ചില പരിഗണനകള്‍ കിട്ടി. ഒരു രാഷ്ട്രീയക്കാരന്‍ മറ്റൊരു രാഷ്ട്രീയക്കാരന് നല്‍കുന്ന ആനുകൂല്യങ്ങള്‍ പിള്ളയ്ക്ക് മുന്‍ സര്‍ക്കാര്‍ നല്‍കി. സ്വന്തം മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ അവര്‍ പിള്ളയ്ക്ക് നല്‍കി. അനുവദിക്കാവുന്നതിന്റെ പരമാവധി പരോള്‍ നല്‍കി. തടവില്‍ക്കഴിഞ്ഞ കാലത്തേക്കാള്‍ കൂടുതല്‍ അദ്ദേഹം പരോളില്‍ കഴിഞ്ഞു. ഇനി പരോള്‍ നിയമപരമായി അനുവദിക്കാന്‍ കഴിയാത്തതിനാല്‍ പിള്ളയെ ആശുപത്രിയിലാക്കി. ഏതൊരു തടവുപുള്ളിക്കും ചികിത്സ പോലുള്ള മനുഷ്യാവകാശങ്ങള്‍ ഉണ്ട്. എന്നാല്‍ പിള്ളയ്ക്ക് ലഭിക്കുന്നത് മാനുഷിക പരിഗണന മാത്രമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. അല്ലെന്നു നമുക്ക് കാണാനാകും. നിയമപരമായി അനുവദിക്കാനാകാത്ത സൗജന്യങ്ങള്‍ പോലും പിള്ളയ്ക്ക് ലഭിച്ചു.
ഭരണകൂടത്തിന്റെ സത്യസന്ധതയെ ആണ് ഇതെല്ലാം ചോദ്യം ചെയ്യുന്നത്. ഭരണകൂടങ്ങളില്‍ നിന്നും നാം കുറഞ്ഞ തോതിലെങ്കിലും സത്യസന്ധത പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന്റെ സത്യസന്ധത ഒരളവില്‍ക്കുറഞ്ഞാല്‍ ആ സമൂഹത്തിനു നിലനില്‍ക്കാനാകില്ല. ഒരു സമൂഹത്തിനും കുറഞ്ഞ സത്യസന്ധതയെങ്കിലും ഇല്ലാതെ മുന്നോട്ടു പോകാനാവില്ല. അങ്ങനെയുള്ള കുറഞ്ഞ അളവില്‍പ്പോലും സത്യസന്ധതയില്ലാത്ത ഒരു സമൂഹമായി കേരളം മാറിയെന്നാണ് ഞാന്‍ കരുതുന്നത്.


അജിത് സാഹി, തെഹല്‍ക
ഉത്തരം വളരെ വ്യക്തമാണ്. ബലകൃഷ്ണപിള്ള ഒരു രാഷ്ട്രീയക്കാരനായതു കൊണ്ട് മാത്രമാണ് അയാള്‍ക്കിങ്ങനത്തെ പ്രത്യേക പരിഗണന ലഭിക്കുന്നത്. സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ് നിഷ്പക്ഷമായി കാര്യങ്ങള്‍ നടത്തേണ്ടത്. മഅദനിയുടെ കാര്യത്തില്‍ ഒരു പ്രാവശ്യം കോയമ്പത്തൂര്‍ കേസില്‍ തെറ്റുകാരനല്ലാ എന്ന് പറഞ്ഞ് വെറുതെ വിട്ടതു കൊണ്ട് മാത്രം രണ്ടാമതു പ്രതിചേര്‍ക്കാന്‍ പാടില്ല എന്നില്ല.
പക്ഷേ, ഒരു അതിവേഗ കോടതിയിലൂടെ പെട്ടന്നുള്ള വിചാരണ നടത്തേണ്ടതാണ്. കേസില്‍ തീരുമാനം ഉണ്ടാക്കാന്‍ തെളിവുകള്‍ ശേഖരിക്കേണ്ടതും മറ്റും പോലീസിന്റെയും സര്‍ക്കാറിന്റെയും ചുമതലയാണ്. ജഡ്ജിയുടെ വിധി വരുന്നതിനു മുന്‍പ് ഞാന്‍ ഒരു തീരുമാനവും പറയുന്നില്ല. പക്ഷേ, ഇപ്പോള്‍ മഅദനിക്കെതിരെയുള്ള തെളിവുകള്‍ വളരെ ദുര്‍ബലമാണ്.

തോമസ് ഐസക്, സി.പി.ഐ.എം സെക്രട്ടേറിയേറ്റ് അംഗം
നിയമത്തിന് മുന്നില്‍ തത്വത്തില്‍ എല്ലാവരും സമന്‍മാരാണെന്നാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം നേരെ മറിച്ചാണ്. പണം മുള്ളവര്‍, അധികാരമുള്ളവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. തടുവുകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ സ്വജനപക്ഷപാതവും, അധികാരത്തിന്റെ ശക്തിയും പിള്ളയുടെ കാര്യത്തിലെന്നപോലെ തടവുകാര്‍ക്ക് ലഭിക്കാറുണ്ട്.
ഇതേ നിയമത്തിനുള്ളില്‍ തന്നെ മഅദനിയെ നിഷ്ഠൂരമായി പീഡിപ്പിക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. മുന്‍പ് മറ്റൊരു കേസില്‍ എട്ട് വര്‍ഷത്തോളം വിചാരണതടവില്‍ കഴിഞ്ഞശേഷം കോടതി വെറുതെ വിട്ടയാളാണ് മഅദനി. അയാളെ വീണ്ടും ജയിലിലേക്ക് തന്നെ കൊണ്ടുപോയത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. കേസ് ദ്രുതഗതിയില്‍ അന്വേഷിച്ച് മഅദനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണം. അല്ലാതെ കേസ് വലിച്ചുനീട്ടി മഅദനിയെ തടവിലിാക്കുന്നതിനോട് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.

ഭാസുരേന്ദ്രബാബു, രാഷ്ട്രീയ നിരീക്ഷന്‍
ജനാധിപത്യം ഓരോ പൗരനും സമത്വം പ്രദാനം ചെയ്യുന്നുണ്ട്. എന്നാല്‍ അധികാരമുള്ള വ്യക്തികളിലെത്തുമ്പോള്‍ നിയമം അവര്‍ക്ക് പ്രത്യേകാനുകൂല്യങ്ങള്‍ നല്‍കുന്നു. തടയന്റെവിട നസീര്‍ മഅദനിയെ ഫോണില്‍ വിളിച്ചുവെന്നത് തെളിവായി എടുത്തുകൊണ്ട് മഅദനിയെക്കൂടി ഈ കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകനായ തനിക്ക് പലരും ഫോണ്‍ ചെയ്യുമെന്നും അതുകൊണ്ട് അവരുടെ പ്രവര്‍ത്തികള്‍ക്ക് താന്‍ കാരണക്കാരനാകുന്നില്ലെന്നും മഅദനി അടുത്തിടെ പ്രസ്താവന നടത്തുകയുണ്ടായി. നമ്മുടെ ഫോണിലേക്ക് പലയാളുകളും വിളിച്ചെന്നിരിക്കും. അവരുടെയെല്ലാം പ്രവൃത്തികള്‍ക്ക് നാമാണ് ഉത്തരവാദിയെന്ന് പറയാനാകുമോ. ഏകപക്ഷീയമായി വരുന്ന ഇത്തരം കോളുകള്‍ ഫലവത്തായ തെളിവായി പരിഗണിക്കപ്പെട്ടുകൂടാ.
മറുവശത്ത് ബാലകൃഷ്ണപിള്ള ജയിലില്‍ കഴിയവെ മുഖ്യമന്ത്രിയുടെ ഓഫീസിലേതുള്‍പ്പെടെയുള്ള ഫോണുകളില്‍ വിളിച്ചിട്ടും അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അഴിമതിക്കേസില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തെ കഠിനതടവ് നേടിടുന്ന ആളാണ് പിള്ള. താന്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് പിള്ള സ്ഥിരീകരിക്കുകയും പിള്ള ഫോണ്‍ ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് സര്‍ക്കാര്‍ അംഗീകരിക്കുമുണ്ടായി. എന്നിട്ടും ചട്ടലംഘനം നടത്തിയത് പിള്ളയായതുകൊണ്ട് പ്രശ്‌നമില്ല എന്ന തരത്തിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്.
നിയമത്തിന്റെ നഗ്‌നമായ ലംഘനം പിള്ള നടത്തിയിട്ടും സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിച്ചു. അതിന് ഒത്താശ ചെയ്തുകൊടുത്തു. ഓരേ നിയമം വ്യത്യസ്ത ആളുകളിലെത്തുമ്പോള്‍ അതിന്റെ ഫലം മാറുന്നു. അപ്പോള്‍ പ്രശ്‌നം നിയമത്തിന്റേതല്ല. അത് കൈകാര്യം ചെയ്യുന്നവരുടെ സമീപനത്തിലാണ് എന്ന് വ്യക്തമാണ്.

ഇ. സനീഷ്, മാധ്യമപ്രവര്‍ത്തകന്‍
കോയമ്പത്തൂര്‍ പ്രസ് ക്‌ളബ്ബിന് പുറത്തുള്ള ടെലഫോണ്‍ ബൂത്തില്‍ നിന്ന് സ്‌ഫോടക വസ്തുകണ്ടെ ടുത്ത കേസില്‍ വിചാരണത്തടവുകാരനായി അബ്ദുള്‍ നാസര്‍ മദനി ഇപ്പോള്‍ ബംഗലൂരു പരപ്പ അഗ്രഹാര ജയിലിലാണ്. ഒരു കുറ്റവും ചെയ്തതതായി തെളിഞ്ഞിട്ടല്ല ഇപ്പോള്‍ ജയിലില്‍കിടക്കുന്നത്.പക്ഷെ അതത്ര പുതുമയുള്ള കാര്യമല്ല അദ്ദേഹത്തിന്.1998 മുതല്‍ 2007 വരെ ഒമ്പത് വര്‍ഷം കുറ്റമൊന്നും തെളിയാതെ ജയിലില്‍ കിടന്ന് ശീലമുണ്ട്. ഹിമാറ്റോ ക്രൊമാറ്റോസിസ് ഇല്ലായിരുന്നുവെന്നേയുള്ളൂ. അസംഖ്യം അസുഖങ്ങള്‍ അനുഭവിക്കുകയായിരുന്നു അദ്ദേഹമന്ന്.
ഒമ്പത് വര്‍ഷങ്ങള്‍ എന്നാല്‍ 108 മാസങ്ങള്‍ എന്നും ,ഏതാണ്ട് 3240 ദിവസങ്ങള്‍ എന്നുമാണ് അര്‍ത്ഥം. അച്ഛന്‍, അമ്മ, ഭാര്യ, പ്രണയിനി എന്നിവര്‍ക്കൊപ്പമുള്ളതും സിനിമ,പകല്‍നേരത്തെ വെറുതെയിരിപ്പുകള്‍, ഓഫീസുകളിലെ പരദൂഷണസന്തോഷം, കള്ള് കുടി, ഇങ്ങനെ അസംഖ്യം ജീവിതാവശ്യങ്ങള്‍ക്കായും നമ്മള്‍ ചെലവിട്ട പതിനായിരക്കണക്കിന് മണിക്കൂറുകളാണ് അയാള്‍ ജയിലില്‍ കിടന്നത്. പ്രത്യേകിച്ച് ഒരുകുറ്റവും ചെയ്യാതെ.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം , ‘സോറി നിങ്ങള്‍ കുറ്റം ചെയ്‌തെന്നതിന് തെളിവില്ല ‘എന്ന് നമ്മുടെ സംവിധാനങ്ങള്‍സമ്മതിച്ചതിന്‍പ്രകാരം പുറത്തിറങ്ങി പോകുമ്പോള്‍ പത്തെണ്‍പത് കിലോ തൂക്കം ഉണ്ടായിരുന്ന മദനി 30 കിലോ ഭാരത്തിലേക്ക് കുറഞ്ഞു. വന്ന് മക്കളുടെ കൂടെ ഒരു പാട് കാലം ഇരിക്കും മുമ്പ് തന്നെ അയാളെ വീണ്ടു തടവറ വന്ന് കൊണ്ടു പോയി. മദനി ജയിലില്‍ കിടക്കുന്ന കാലത്ത് 2002 ഡിസംബര്‍ 30ന് സ്‌ഫോടക വസ്തു കത്തിയതിനാണ് ഇപ്പോഴത്തെ ജയില്‍ വാസം. 24 മണിക്കൂറും കത്തിക്കിടക്കുന്ന ലൈറ്റുകള്‍ക്ക് നടുവില്‍ ആണത്രേ തടവ്.
മുഴുസമയം ക്യാമറാ നിരീക്ഷണത്തില്‍. എന്താണ് സര്‍ ഇയാള്‍ചെയ്ത കുറ്റം എന്ന് ചോദിച്ചാല്‍ ഇല്ല, അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്ന് പറയേണ്ട അവസ്ഥയിലും തടവ് ജീവിതത്തിന് യാതൊരു മയവും ഇല്ല. പിള്ള ചെയ്തതത് പോലെ ഇത്രയധികം ഫോണ്‍ വിളികള്‍ വേണ്ട , ഒരു വിളി പുറത്തേക്ക് മദനി കിടക്കുന്നിടത്ത് നിന്ന് വന്നു എന്ന് കരുതുക.എന്താകും സ്ഥിതി. ‘പിള്ള വിളി’യില്‍ ഒരക്ഷരം പറയാതിരിക്കുന്ന ഹിന്ദുത്വ സംഘടനകള്‍ അടക്കം ചാടി വീണ് എന്തൊക്കെ അലമ്പുണ്ടാക്കിയേനെ. എന്ത് കൊണ്ടാണത്?
എന്ത്‌കൊണ്ടെന്നാല്‍ അയാള്‍ ഭീകരനാണ് എന്ന് സ്ഥാപിക്കാന്‍ താല്‍പര്യമുണ്ട് അയാള്‍ക്ക് തടവറ തീര്‍ത്തവര്‍ക്ക് .അതായത് ഒരുവന്‍ എന്താകണമെന്ന് ഭരണകൂടം തീരുമാനിക്കുന്നോ അയാളെ അതായി നിലനിര്‍ത്താന്‍ കൂടെയാണ് തടവറ ഉപയോഗിക്കപ്പെടുന്നത് എന്നര്‍ത്ഥം. ക്രിമിനലുകളെ ക്രിമിനലുകളായിതന്നെ നിലനിര്‍ത്തുക എന്നതാണ് തടവറകളുടെ ആത്യന്തിക ധര്‍മ്മം എന്ന് മിഷേല്‍ ഫൂക്കോ പറഞ്ഞിട്ടുണ്ട്. ആരെയെങ്കിലും സംസ്‌കരിച്ച് നന്നാക്കാനുള്ളതാണ് തടവറകള്‍ എന്ന് കരുതുന്നവര്‍ അത് മണ്ടത്തരമാണെന്ന് ഈ സംഭവങ്ങളോടെയെങ്കിലും മനസ്സിലാക്കണം. പിള്ളയെ അധികാരിയും മാടമ്പിയും ആയ പിള്ള തന്നെ ആയും, മദനിയെ ഭീകരനും കുഴപ്പക്കാരനും ആയ മദനി ആയും തന്നെ നിലനിര്‍ത്തുക എന്ന, ഭരിക്കുന്നവര്‍ക്ക് ആവശ്യമുള്ള ധര്‍മ്മം നടപ്പാക്കുന്ന സ്ഥാപനങ്ങളാണ് തടവറകള്‍ എന്ന് കാണണം.

1 comment:

  1. കൊല കുറ്റത്തിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ച വ്യക്തിയാണ് മദനി. അല്ലാതെ മുസ്ലിം മത വിശ്വാസി ആയതുകൊണ്ടല്ല ജയിലില്‍ അടച്ചത്. അയാള്‍ മുസ്ലിം സമുദായത്തിന് അഞ്ചു നേരം നിസ്ക്കരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിലാണോ ജയിലില്‍ പോയത്? ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയാണോ? മുസ്ലിം മതത്തിന്‍റെ പൊരുള്‍ പറഞ്ഞു കൊടുത്തതിനോ? അല്ല നിരപരാധികളെ വധിക്കാന്‍ നേതൃത്വം നല്‍കിയതിന്.

    ReplyDelete