Wednesday, October 5, 2011

മ‌അദനിയുടെ ചികിത്സാ ചെലവ് നല്‍‌കിയില്ല: തുടര്‍ ചികില്‍‌സ വൈകുന്നു


ബാംഗ്ലൂരു സ്‌ഫോടന കേസിലെ വിചാരണതടവുകാരനായ അബ്‌ദുല്‍ നാസര്‍ മ‌അദനിക്ക് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ആയു‌ര്‍‌വേദ ചികിത്സ നല്‍‌കിയ സ്വകാര്യ ആശുപത്രിക്ക് കര്‍‌ണ്ണാടക സര്‍ക്കാര്‍ പണം നല്‍‌കിയില്ല. മ‌അദനിക്ക് തുടര്‍ ചികിത്സയും ഇതു വരെ ലഭ്യമാക്കിയിട്ടില്ല. വൈറ്റ്‌ഫീല്‍‌ഡിലെ സൗഖ്യ ഹോളിസ്‌റ്റിക് സെന്ററിനാണ് പണം നല്‍‌കാത്തത്. ജയില്‍ നിയമപ്രകാരം തടവുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെങ്കിലും ഡിസ്‌ചാര്‍ജ്ജ് ചെയ്‌ത് മൂന്നു മാസമായിട്ടും സൗഖ്യ ആശുപത്രി അധികൃതര്‍ക്ക് സര്‍ക്കാര്‍ പണം നല്‍‌കിയില്ലെന്നാണ് മാധ്യമം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ജൂണ്‍ ഏഴ് മുതല്‍ ജൂലൈ അഞ്ചു വരെ 28 ദിവസത്തെ പഞ്ചകര്‍‌മ ചികിത്സയാണ് സൗഖ്യ ആശുപത്രിയില്‍ മ‌അദനിക്ക് നല്‍കിയത്. ഇതിനു 8.60 ലക്ഷം രൂപ ചെലവായി. ഈ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ സര്‍ക്കാറിനെ സമീപിച്ചിട്ടും പണം ലഭിച്ചില്ല. അതേ സമയം, പഞ്ചകര്‍മ്മ ചികിത്സക്ക് ശേഷം മ‌അദനിക്ക് വേണ്ട തുടര്‍ചികിത്സയും ലഭ്യമാക്കിയില്ല.

ജൂലൈ അഞ്ചിനു മ‌അദനിയെ ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ്ജ് ചെയ്‌തപ്പോള്‍ നല്‍‌കിയ ഡിസ്‌ചാര്‍ജ്ജ് സമ്മറിയില്‍ തുടര്‍ ചികിത്സ അനിവാര്യമാണെന്ന് വ്യക്തമാക്കിയിരുന്നു. ഓരോ മാസവും ഡോക്‌ടര്‍മാരുടെ പരിശോധന വേണമെന്നും, നടത്തം, തുടര്‍ച്ചയായ നില്‍ക്കല്‍, യാത്ര എന്നിവ ഒഴിവാക്കണമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെ, ഇടതുകാല്‍‌മുട്ടിലെ വേദനക്ക് വിദഗ്‌ധ ചികിത്സ ലഭ്യമാക്കണമെന്നും കൃത്രിമ കാല്‍ സംബന്ധിച്ച് വിദഗ്‌ധാഭിപ്രായം തേടണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യങ്ങളോന്നും സൗഖ്യ ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ്ജ് ചെയ്‌ത് മൂന്ന് മാസം കഴിഞ്ഞിട്ടും നടന്നിട്ടില്ല. സൗഖ്യ ആശുപത്രിയില്‍ തുടര്‍ ചികിത്സക്കായി കൊണ്ടുപോകുകയോ ഡോക്‌ടര്‍മാരെ ജയിലില്‍ വിളിച്ചുവരുത്തി മ‌അദനിയെ പരിശോധിക്കുകയോ ചെയ്‌തിട്ടില്ല.

18 വര്‍ഷമായുള്ള പ്രമേഹം, ഇതു മൂലമുള്ള കാഴ്‌ചക്കുറവ്, പത്തു വര്‍ഷം പഴക്കമുള്ള രക്തസമ്മര്‍ദ്ദം, ഹൃദയധമനിയിലെ രോഗം, ഉറക്കമില്ലായ്‌മ, പുറം‌വേദന, മല-മൂത്ര വിസര്‍ജ്ജനത്തിനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയ രോഗങ്ങള്‍ക്കാണ് സൗഖ്യയില്‍ ചികിത്സ നടന്നത്. ഇതില്‍ ഇടതു കാല്‍‌മുട്ടിലെ വേദനക്കൊഴിച്ച് കാര്യമായ ശമനം ഉണ്ടായിരുന്നു. എന്നാല്‍, പഞ്ചകര്‍മ്മ ചികിത്സയുടെ ഭാഗമായുള്ള തുടര്‍ ചികിത്സ ലഭിക്കാതായതോടെ ആരോഗ്യപ്രശ്‌നങ്ങള്‍ വശളായി വരികയാണ്.

No comments:

Post a Comment