Thursday, September 29, 2011

വിചാരണ പൂര്‍ണ തോതിലേക്ക്; മഅ്ദനിക്കായി പ്രമുഖ അഭിഭാഷകന്‍ ഹാജരായേക്കും

Published on Madhyamam Daily dated 09/28/2011

ബംഗളൂരു: ബംഗളൂരു സ്ഫോടനപരമ്പര കേസിലെ വിചാരണ പൂര്‍ണ തോതിലാകുന്നു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി 31ാം പ്രതിയായ കേസിന്‍െറ വിചാരണയുടെ നടപടിക്രമങ്ങള്‍ ഒന്നോ രണ്ടോ ഹിയറിങ്ങുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് വിചാരണയുടെ പ്രധാന നടപടികള്‍ ആരംഭിക്കും. സെന്‍ട്രല്‍ ജയിലായ പരപ്പന അഗ്രഹാരയില്‍ സ്ഫോടനക്കേസിനായുള്ള 35ാം നമ്പര്‍ പ്രത്യേക അതിവേഗ കോടതിയിലാണ് വിചാരണ. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് പ്രതികള്‍ക്ക് ഡിസ്ചാര്‍ജ് പെറ്റീഷന്‍ സമര്‍പ്പിക്കാനുള്ള അവസരമാണ് ജഡ്ജി ശ്രീനിവാസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബര്‍ 12ന് പ്രതികളാരും ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കിയില്ളെങ്കില്‍ വിചാരണയുടെ പ്രധാന നടപടികള്‍ ആരംഭിക്കും. വിചാരണ വേളയില്‍ മഅ്ദനിക്കു വേണ്ടി പ്രമുഖ അഭിഭാഷകരെ നിയോഗിക്കാനും നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം ബംഗളൂരുവിലെത്തിയ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ഭാരവാഹികള്‍ പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. നാല് പ്രമുഖ അഭിഭാഷകരെയാണ് ബന്ധപ്പെട്ടത്. ഇവരില്‍ ഒരാള്‍ കേസ് ഏറ്റെടുക്കാമെന്ന് അംഗീകരിച്ചതായി അറിയുന്നു. അതിവേഗ കോടതി പരപ്പന അഗ്രഹാര ജയിലിലാണെന്നത് പ്രമുഖ അഭിഭാഷകരെ ലഭിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ജയിലില്‍ പോയി വാദിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് മൂന്ന് പ്രമുഖ അഭിഭാഷകരും കേസ് ഏറ്റെടുക്കുന്നതിന് തടസ്സമായി പറഞ്ഞത്. മഅ്ദനിയുടെ അഭിഭാഷകര്‍ക്കെതിരെ ഒരു വിഭാഗം നടത്തുന്ന പ്രചാരണവും പലരെയും പിന്തിരിപ്പിക്കുന്നുണ്ട്.

No comments:

Post a Comment