Thursday, October 13, 2011

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണ 17ലേക്ക് മാറ്റി

ബംഗളൂരു: 2008 ജൂലൈ 25ന് നടന്ന ബംഗളൂരു സ്ഫോടന പരമ്പരക്കേസിലെ വിചാരണ നടപടികള്‍ കോടതി ഒക്ടോബര്‍ 17ലേക്ക് മാറ്റി. പ്രതികള്‍ക്ക് ഡിസ്ചാര്‍ജ് പെറ്റീഷന്‍ സമര്‍പ്പിക്കാനുള്ള അവസരം നല്‍കിയതിനാല്‍ പ്രതിഭാഗം അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് നീട്ടിയത്. അഭിഭാഷകരായ പി. ഉസ്മാന്‍, അക്ബറലി, വസന്ത് എച്ച്. വൈദ്യ എന്നിവരാണ് 31ാം പ്രതിയായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി ഹാജരായത്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഹാജരാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അസൗകര്യംമൂലം അദ്ദേഹത്തിന് ബംഗളൂരുവില്‍ എത്താന്‍ സാധിച്ചില്ല. മഅ്ദനി ഒഴികെയുള്ള മറ്റ് പ്രതികള്‍ക്കു വേണ്ടി അമികസ് ക്യൂറിയും പി.എന്‍. വെങ്കടേഷുമാണ് ഹാജരായത്. അഹ്മദാബാദ് സ്ഫോടനക്കേസില്‍ പ്രതികളായി ഗുജറാത്തില്‍ ജയിലില്‍കഴിയുന്ന രണ്ടാംപ്രതി സൈനുദ്ദീന്‍, നാലാംപ്രതി ഷറഫുദ്ദീന്‍ എന്നിവരെ ഹാജരാക്കാന്‍ സാധിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സ് പ്രവര്‍ത്തനം മുടങ്ങിയതാണ് കാരണം. കേസില്‍ എട്ട്, ഒമ്പത് പ്രതികളായ സകരിയ്യ, ബദ്റുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ തുടര്‍ നടപടികളും ഒക്ടോബര്‍ 17ന് നടക്കും. മുമ്പ് സമര്‍പ്പിച്ചവരുടെയും അവശേഷിക്കുന്നവരുടെയും ഡിസ്ചാര്‍ജ് പെറ്റീഷനുകള്‍ ഒരുമിച്ച് പരിഗണിക്കാമെന്ന് കോടതി പ്രതിഭാഗം അഭിഭാഷകരെ അറിയിച്ചു. രാവിലെ 11.30ന് ആരംഭിച്ച നടപടികള്‍ അരമണിക്കൂറോളം നീണ്ടുനിന്നു.മഅ്ദനിക്കായി ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

No comments:

Post a Comment