Tuesday, October 4, 2011

കൊയമ്പത്തൂര്‍ പ്രസ് ക്ലബ് കേസ് : മ‌അദനിയെ 29-നു ഹാജരാക്കാന്‍ ഉത്തരവ്


(Courtesy: Madhyamam Daily dated 04/10/2011)

കൊയമ്പത്തൂര്‍ : പ്രസ് ക്ലബ് പരിസരത്ത് സ്‌ഫോടകവസ്‌തു കണ്ടെടുത്ത കേസില്‍ പുതുതായി പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മ‌അദനിയെ ഒക്‌ടോബര്‍ 29-നു വൈകീട്ട് നാലിനകം ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊയമ്പത്തൂര്‍ എട്ടാം മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജി കെ.അരുണാചലം പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. സാങ്കേതിക കാരണങ്ങളാല്‍ മ‌അദനിയെ ഹാജരാക്കാനായില്ലെന്ന് പ്രത്യേകാന്വേഷണ സംഘം രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണിത്. എസ്.ഐ.ടി അഡിഷണല്‍ സൂപ്രണ്ട് നാഗദേവി, ഡെപ്യൂട്ടി സൂപ്രണ്ട് സമ്പത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കോടതിയില്‍ സന്നിഹിതരായിരുന്നു. ഇന്നലെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വീഡിയോ കോണ്‍‌ഫറന്‍‌സ് മുഖേനയുള്ള കോടതി നടപടികളും ഉണ്ടായില്ല.

കഴിഞ്ഞയാഴ്‌ച കൊയമ്പത്തൂര്‍ എസ്.ഐ.ടി പോലീസ് ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലെത്തി മ‌അദനിയെ അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഒക്‌ടോബര്‍ മൂന്നിനു ഉച്ചയ്ക്ക് കൊയമ്പത്തൂര്‍ ഏഴാമത് ജെ.എം കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ വിമാനയാത്ര, മെഡിക്കല്‍ പരിശോധന തുടങ്ങിയ ആവശ്യങ്ങള്‍ മ‌അദനി മുന്നോട്ടു വെച്ചിരുന്നു. ബാംഗ്ലൂരു സ്‌ഫോടനകേസിന്റെ വിചാരണ അടുത്ത ദിവസം നടക്കാനിരിക്കുന്നതും തടസ്സമായി. ഇന്നലെ കൊയമ്പത്തൂര്‍ ഏഴാം ജെ.എം കോടതി ജഡ്‌ജി അവധിയിലായതിനാല്‍ എട്ടാം കോടതിയിലാണ് പ്രസ് ക്ലബ് കേസ് പരിഗണിച്ചത്. ആരോഗ്യസ്ഥിതി, സുരക്ഷ സംബന്ധിച്ച ബാംഗ്ലൂര്‍ ജയിലധികൃതരുടെ ഫാക്‌സ് സന്ദേശം പോലീസ് ഹാജരാക്കി. തുടര്‍ന്ന് മ‌അദനിയെ എന്ന് ഹാജരാക്കാനാവുമെന്ന ജഡ്‌ജിയുടെ ചോദ്യത്തിനു തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ്, ദീപാവലി, തുടങ്ങിയവ കഴിഞ്ഞതിനു ശേഷം പരിഗണിക്കാമെന്ന് എസ്.ഐ.ടി ഉദ്യോഗസ്ഥന്‍ അഭ്യര്‍‌ത്ഥിച്ചു. വിചാരണയുടെ തുടക്കത്തില്‍ പ്രതി നിര്‍ബന്ധമായും നേരിട്ട് ഹാജരാകണമെന്നും കോടതി നടപടികള്‍ പൂര്‍ണമായി വീഡിയോ കോണ്‍‌ഫറന്‍സിങ്ങിലൂടെ നടത്താനാവില്ലെന്നും ജഡ്‌ജി അഭിപ്രായപ്പെട്ടു.

No comments:

Post a Comment