Sunday, October 9, 2011

പിള്ളയും മഅ്ദനിയും മാധ്യമങ്ങളുടെ കാപട്യവും - ഭാസുരേന്ദ്രബാബു

Published on Madhyamam Daily dated 09/Oct/2011

നമ്മുടെയിടയില്‍നിന്ന് അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ‘ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറവും’ മറ്റ് സമാന സംഘടനകളും, മഅ്ദനിക്കുനേരെ അഴിച്ചുവിടുന്ന ജനാധിപത്യ-പൗരാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. എങ്കില്‍ക്കൂടി മഅ്ദനിക്കുവേണ്ടി ഫലപ്രദം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പൗരാവകാശ പ്രക്ഷോഭം ഇനിയും നമുക്ക് സംഘടിപ്പിക്കാനായിട്ടില്ല. ബംഗളൂരു സ്ഫോടനക്കേസ് വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത് തടിയന്‍റവിട നസീറിന്‍െറ നേതൃത്വമാണ് എന്നാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. തടിയന്‍റവിട നസീര്‍ മഅ്ദനിയെ ഫോണില്‍ വിളിച്ചു എന്നത് തെളിവായി എടുത്തുകൊണ്ട് മഅ്ദനിയെക്കൂടി ഈ കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകനായ തനിക്ക് പലരും ഫോണ്‍ ചെയ്യുമെന്നും അതുകൊണ്ട് അവരുടെ പ്രവൃത്തികള്‍ക്ക് താന്‍ കാരണക്കാരനാകുന്നില്ളെന്നും മഅ്ദനി കഴിഞ്ഞ വര്‍ഷം പ്രസ്താവിക്കുകയുണ്ടായി. ഏകപക്ഷീയമായി സ്വന്തം ഫോണിലേക്ക് വന്ന കാളുകളെ മുന്‍നിര്‍ത്തിയാണ് മഅ്ദനിക്ക് തീവ്രവാദ ബന്ധം കല്‍പിച്ചുനല്‍കാന്‍ കര്‍ണാടക പൊലീസ് തയാറായിരിക്കുന്നത്. ഏകപക്ഷീയമായി വരുന്ന ഇത്തരം കാളുകള്‍ ഫലവത്തായ തെളിവായി പരിഗണിക്കപ്പെട്ടുകൂടാ. എന്നാലിവിടെ നിയമം മഅ്ദനിക്ക് ഭിന്നമായ രീതിയിലാണ് പ്രയോഗക്ഷമമാവുന്നത്.

അഴിമതിക്കേസില്‍ ശിക്ഷിച്ച് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തെ കഠിനതടവ് നേരിടുന്ന ആളാണ് ആര്‍. ബാലകൃഷ്ണപിള്ള. തടവുകാരനായിരിക്കുമ്പോള്‍തന്നെ താന്‍ ഫോണ്‍ ചെയ്തു എന്നും അദ്ദേഹം അംഗീകരിക്കുകയുണ്ടായി. മാത്രമല്ല, സര്‍ക്കാര്‍ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച പിള്ളയുടെ നടപടി ചട്ടലംഘനമാണ് എന്ന് പറഞ്ഞുകഴിഞ്ഞു. ചട്ടലംഘനം നടത്തിയാലും ബാലകൃഷ്ണപിള്ളയാകുമ്പോള്‍ അത് പ്രശ്നമാവില്ല. അദ്ദേഹം ജയിലില്‍ കിടന്ന് മുഖ്യമന്ത്രിയടക്കമുള്ള ആളുകളെ വിളിച്ച് ഭരണരംഗത്ത് ഇടപെടുകയാണ് എന്ന ആക്ഷേപം വന്നിട്ടുണ്ട്. അക്കാര്യത്തിലും വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും വലിയ ആശങ്കയുള്ളതായി തോന്നുന്നില്ല. തന്‍െറ ഫോണിലേക്ക് ഏകപക്ഷീയമായി കാള്‍ വന്നതിന്‍െറ അടിസ്ഥാനത്തില്‍ മഅ്ദനി തീവ്രവാദ വിചാരണ നേരിടേണ്ടിവരുന്നു. അതേസമയം, തോന്നിയപോലെ സെല്‍ഫോണ്‍ ഉപയോഗിക്കുന്ന ബാലകൃഷ്ണപിള്ള ഒരു ബുദ്ധിമുട്ടും അനുഭവിക്കാതെ പഞ്ചനക്ഷത്ര ആശുപത്രിയില്‍ ജീവിക്കുന്നു. ജനാധിപത്യത്തില്‍ എല്ലാവരും തുല്യരാണ്. എന്നാല്‍, ചില ‘പിള്ള’മാരാകട്ടെ കൂടുതല്‍ തുല്യരുമാണ്.

നഗ്നവും നിര്‍ലജ്ജവുമായ ഈ വിവേചനം ഇപ്പോഴും നമ്മുടെ മാധ്യമ ലോകം വേണ്ടുംവണ്ണം തിരിച്ചറിഞ്ഞതായി കാണുന്നില്ല. മഅ്ദനിയുടെ മേല്‍ നടക്കുന്ന പൗരാവകാശ ധ്വംസനം കേരളത്തേക്കാള്‍ ദേശീയമാധ്യമ ലോകമാണ് കൂടുതല്‍ തിരിച്ചറിഞ്ഞത് എന്നു തോന്നുന്നു. ‘ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറ’ത്തിന്‍െറ ആഭിമുഖ്യത്തില്‍ മഅ്ദനിക്കുവേണ്ടി ജാമ്യാപേക്ഷ കര്‍ണാടക കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍തന്നെ ഈ കേസില്‍ കര്‍ണാടക സര്‍ക്കാര്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പ് വ്യക്തമാക്കിയിരുന്നു. മൂന്നാമത് അവതരിപ്പിച്ച ചാര്‍ജ് ഷീറ്റിലാണ് ഗൂഢാലോചനയുടെ സ്ഥാനത്ത് 31ാം പ്രതിയായി മഅ്ദനിയുടെ പരാമര്‍ശം ഉണ്ടാവുന്നത്. അതിന് ഉപോദ്ബലകമായ തെളിവുകള്‍ അവതരിപ്പിക്കാന്‍ പ്രോസിക്യൂഷന് അന്ന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ കേരളത്തില്‍ മഅ്ദനിയുടെ ഒപ്പം സഞ്ചരിച്ചിരുന്ന പൊലീസുകാരെ അവര്‍ ചോദ്യംചെയ്തുനോക്കി. അതില്‍നിന്ന് കാര്യമായി ഒന്നും ലഭിക്കാത്തതുകൊണ്ട് കുടകിലെ ഒരു മീറ്റിങ്ങില്‍ മഅ്ദനി പങ്കെടുത്തതായി ആരോപിച്ചു. ആ മീറ്റിങ്ങില്‍ വെച്ചാണത്രെ ബോംബ് സ്ഫോടനത്തിന് തീരുമാനമെടുത്തത്. അതുവഴി മഅ്ദനി ഗൂഢാലോചനാ രംഗത്ത് പ്രതിയായിത്തീരുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു കെട്ടുകഥക്ക് കര്‍ണാടക പൊലീസ് രൂപംകൊടുത്തപ്പോള്‍ തെഹല്‍ക വാരികയുടെ ആഭിമുഖ്യത്തില്‍ അന്വേഷണം നടക്കുകയുണ്ടായി. തെഹല്‍ക പ്രതിനിധി ഷാഹിന കുടകിലെ ഈ ഗൂഢാലോചനയെപ്പറ്റി അന്വേഷിച്ചു. പൊലീസുകാര്‍ പറഞ്ഞ കഥ ഏറ്റുപറയുകയല്ലാതെ തങ്ങളാരും മഅ്ദനിയെ കണ്ടിട്ടില്ല എന്ന് അവര്‍ ദൃശ്യമാധ്യമങ്ങളില്‍ തുറന്നുപറഞ്ഞു. അതുവഴി കര്‍ണാടക പൊലീസിന്‍െറ അവസാന നുണകളും വെളിവാക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി ജഡ്ജി തന്നെ മഅ്ദനിക്ക് ജാമ്യം അനുവദിക്കുന്നതിന് എന്ത് കുഴപ്പമാണുള്ളതെന്ന് ചോദിച്ചത്.

ബംഗളൂരു സ്ഫോടനക്കേസ് അവിടെ ‘അഗ്രഹാര’ ജയിലില്‍ അതിവേഗ വിചാരണക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗൗരവതരമായ തെളിവുകളില്ലാത്ത ആ കേസിന്‍െറ പരിണതി എന്തെന്ന് നമുക്ക് ഊഹിക്കാനാകും. ഈ സാഹചര്യത്തിലാണ് 2002ല്‍ നടന്ന മറ്റൊരു ബോംബ് കേസില്‍ മഅ്ദനിയെ പ്രതിയാക്കിയിരിക്കുന്നത്. കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി വിചാരണ തടവുകാരനായി കഴിഞ്ഞ 2002ല്‍ കോയമ്പത്തൂരിലെ പ്രസ്ക്ളബില്‍ പൊട്ടാത്ത നിലയില്‍ കണ്ടെത്തിയ ഒരു ബോംബുമായി ബന്ധപ്പെട്ട് ഗൂഢാലോചനാ പ്രതിയായാണ് മഅ്ദനി ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ബംഗളൂരു കേസിനുശേഷം മഅ്ദനിയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുമെന്ന് തീര്‍ച്ച.

തീവ്രവാദത്തിന്‍െറ പേരില്‍ ഇത്രമാത്രം വേട്ടയാടപ്പെട്ട ഒരു മലയാളിയുണ്ടോ എന്ന് സംശയമാണ്. മഅ്ദനി കേവലം ഒരു മലയാളി മാത്രമല്ല, പി.ഡി.പി എന്ന വ്യവസ്ഥാപിതമായ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവുകൂടിയാണ്. സമുദായമംഗീകരിക്കുന്ന ഒരു മുസ്ലിം മതപണ്ഡിതനാണ്. ഒരിക്കല്‍ കള്ളക്കേസില്‍ പീഡിപ്പിക്കപ്പെട്ട ആളുമാണ്. എന്നിട്ടും മലയാളിയുടെ മുഖ്യധാരാ മാധ്യമലോകം മഅ്ദനിയെ കണ്ടില്ളെന്ന് നടിക്കുകയാണ്. ബാലകൃഷ്ണപിള്ളയുടെ ചട്ടലംഘനത്തിന് ന്യായം ചമക്കാന്‍ ശ്രമിക്കുന്നവര്‍ ഇവിടെ മഅ്ദനി അനുഭവിക്കുന്ന നീതിനിഷേധത്തിനുനേരെ കണ്ണടക്കുന്നു. അതിനു കാരണമെന്തായിരിക്കും!

കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയെ തീവ്രവാദിയായി മുദ്രകുത്തി ഇവിടെനിന്ന് കടത്തിക്കൊണ്ടുപോകുന്നതിനു മുമ്പുതന്നെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ മഅ്ദനിയെ തീവ്രവാദിയാക്കി ചിത്രീകരിച്ചുകഴിഞ്ഞിരുന്നു. പൊന്നാനി പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പിണറായി വിജയനും മഅ്ദനിയും ഒരേ വേദിയില്‍ വന്നത്, അന്ന് വാര്‍ത്താലോകത്ത് ഭൂകമ്പം സൃഷ്ടിച്ചിരുന്നു. കൊടിയ ഭീകരനായ മഅ്ദനിയുമായി എന്തിന് ബന്ധപ്പെടുന്നു എന്നുവരെ നമ്മുടെ ‘വിശുദ്ധ’ മാധ്യമങ്ങള്‍ അന്ന് ചോദ്യമുയര്‍ത്തിയിരുന്നു.
കേവലം ഒരു പാര്‍ലമെന്‍റ് സീറ്റ് ജയിക്കാന്‍വേണ്ടി തല്‍ക്കാലം എടുത്ത ആ അടവുനയം പില്‍ക്കാലത്ത് പരിഹരിക്കാന്‍ അവര്‍ക്കുതന്നെ കഴിഞ്ഞില്ല. അതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ അതിന്‍െറ ഹീനലക്ഷ്യത്തോടെ ഇവിടെ പറന്നിറങ്ങുമ്പോഴേക്കും മഅ്ദനിയെച്ചൊല്ലി ഒരു ഭീകരവാദ പരിവേഷം മലയാളി മുഖ്യധാരാ മാധ്യമലോകം സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. അറസ്റ്റിനുവേണ്ട പിന്‍വാതില്‍ തുറന്നുകൊടുത്തത് വിശുദ്ധ നുണകളുടെ ഫാക്ടറിയായ മുഖ്യധാരാ മാധ്യമലോകമെന്ന ഒറ്റുകാര്‍ തന്നെയാണ്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഒറ്റുകാര്‍ അവരുടെ ജോലി തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ നീതിമാന്മാരുടെ മോചനം വൈകും എന്നുറപ്പ്.

2 comments:

  1. ബാലകൃഷ്ണപിള്ള രാജ്യസ്നേഹിയും,മദനി രാജ്യദ്രോഹിയുമാകുന്ന കേവലയുക്തി സ്ഥാപിക്കാൻ മാധ്യമങ്ങൾ അവരേകൊണ്ട് ആവുന്നതെല്ലാം ചെയ്യുനുണ്ട്.

    ReplyDelete
  2. മദനി എന്ന വ്യക്തിയോട് ഭരണകൂടം കാണിക്കുന്നത് ക്രൂരതയാണ്.ഒരിക്കല്‍ ഒന്‍പതു വര്‍ഷം വിചാരണ തടവുകാരനായി കഴിഞ്ഞതാണ്. ഒടുവില്‍ കുറ്റക്കാരനല്ലെന്ന് വിധിച്ചു മോചിതനാക്കിയതാണ്. അദ്ദേഹം കുറ്റക്കാരന്‍ ആണോ ,ആല്ലയോ എന്നത് നീതിപീഠം തീരുമാനിക്കട്ടെ. പക്ഷെ , അദ്ദേഹം ,ഒരു പിതാവാണ്, ഭര്‍ത്താവാണ്. ആ മാനുഷിക പരിഗണന കൊടുക്കണം.മദനിയുടെ കാര്യത്തോടടുക്കുമ്പോള്‍ മുസ്ലിങ്ങളുടെ മനസ്സില്‍ കടന്നു വരുന്ന വികാരം, അയാള്‍ ലീഗ് കാരനല്ല, ജമാ അത്ത് ഇസ്ലാമിയല്ല. മുജാഹിദല്ല.കേവലമൊരു പി.ഡി.പി ക്കാരന്‍ മാത്രം. അതുകൊണ്ട് സംഘടനാ ത്രില്‍ പലര്‍ക്കും നഷ്ടപ്പെടുന്നു. മദനിയുടെ കാര്യത്തില്‍ ഒരു രക്ത രഹിത പ്രക്ഷോഭം ആവശ്യമാണ്‌.

    ReplyDelete