Monday, June 6, 2011

ജയില്‍ അധികൃതര്‍ പെരുമാറുന്നത് മനുഷ്യത്വരഹിതമായി - മഅ്ദനി

കൊച്ചി: ജയില്‍ അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നെന്നും സുപ്രീംകോടതി ഉത്തരവുകള്‍ പോലും നടപ്പാക്കുന്നില്ലെന്നും അബ്ദുന്നാസിര്‍ മഅ്ദനി. ഇതുസംബന്ധിച്ച് അദ്ദേഹം ബംഗളൂരു സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കി.

സുപ്രീംകോടതി ഉത്തരവിട്ടിട്ടും യഥാസമയം ആയുര്‍വേദ ചികിത്സ നല്‍കുന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടാണ് ഒരുതവണ ചികിത്സക്ക് ജയിലിന് പുറത്തേക്ക് കൊണ്ടുപോയത്. എന്നാല്‍,ആശുപത്രിയില്‍ കാണിക്കുകയോ വാഹനത്തില്‍നിന്ന് പുറത്തിറക്കുകയോ ചെയ്യാതെ തിരികെ കൊണ്ടുവന്നു. പൊലീസ് ബസില്‍ കൊണ്ടുപോകരുതെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും 67 കി.മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് ബസിലാണ് കൊണ്ടുപോയത്.

നടുവിന് പലതരം അസുഖങ്ങള്‍ അലട്ടുന്ന തനിക്ക് ഇത്തരം യാത്രകള്‍ ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി.ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടറെ കാണിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചീഫ് ഫിസിഷ്യന്‍ ടൂറിന് പോയെന്നാണ് ഒപ്പമുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞത്.പുറപ്പെടുംമുമ്പ് ഫോണ്‍ ചെയ്ത് ആശുപത്രിയില്‍ ഡോക്ടറുണ്ടോ എന്ന് ഉറപ്പാക്കിയിരുന്നെങ്കില്‍ ദുരിതപൂര്‍ണമായ 134 കി.മീ യാത്ര ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജയില്‍ മുറിയിലെ സി.സി.ടി.വി കാമറകളുടെ ലൈറ്റ് മൂലം ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.ഇത് പരിശോധിക്കണമെന്നും ആവശ്യമായ നടപടി  സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ജയില്‍ അധികൃതര്‍ ഗൗനിച്ചിട്ടില്ല. കണ്ണിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ ഉടന്‍ ചികിത്സ വേണമെങ്കിലും കര്‍ണാടക ഡയബറ്റിക് സെന്റര്‍ നിര്‍ദേശിച്ചിട്ട് പോലും ഒരു നടപടിയുമില്ലെന്നും പരാതിയില്‍ പറയുന്നു.

(Source: Madhyamam Daily - 04/06/2011)മഅ്ദനിയെ ആശുപത്രിയില്‍ കൊണ്ടുപോയി ചികില്‍സിക്കാതെ മടക്കി


(Published dated Fri, 05/27/2011)


ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ചികില്‍സ ലഭിക്കാതെ മടക്കി. വ്യാഴാഴ്ചയാണ് മഅ്ദനിയെ ജയിലില്‍ നിന്ന് വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹോളിസ്റ്റിക് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികില്‍സക്കായി കൊണ്ടുപോയത്. മുന്‍കൂട്ടി ബുക്ക് ചെയ്യുകയോ മറ്റ് സൗകര്യങ്ങള്‍ ഒരുക്കുകയോ ചെയ്യാതെ കൊണ്ടുപോയതിനാലാണ് ചികില്‍സിക്കാന്‍ സാധിക്കാതെ ആശുപത്രിയില്‍ നിന്ന് മടക്കിയതെന്നാണ് സൂചന. വന്‍ തുക ചെലവ് വരുന്ന ചികില്‍സക്ക് കര്‍ണാടക ആഭ്യന്തര വകുപ്പ് ഫണ്ട് അനുവദിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. മഅ്ദനിയുടെ അഭിഭാഷകരെയോ ബന്ധുക്കളെയോ അറിയിക്കാതെയാണ് കൊണ്ടുപോയത്. പ്രത്യേക അന്വേഷണ സംഘമാണ് ജയിലിലെത്തി മഅ്ദനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.  ഇതേതുടര്‍ന്ന് ജൂണ്‍ ഏഴിന് മഅ്ദനിയുടെ ചികില്‍സക്കായി പ്രത്യേക അന്വേഷണ സംഘം അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുണ്ട്.  


മഅ്ദനി സുപ്രീം കോടതിയില്‍ നല്‍കിയ ഇടക്കാല ഹരജിയില്‍ ആവശ്യമായ പഞ്ചകര്‍മ ചികില്‍സ ബംഗളൂരുവില്‍ തന്നെ ലഭ്യമാക്കാമെന്നും ഇതിനായി ഇടക്കാല ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മുക്കത്തിന് സമീപമുള്ള ആശുപത്രിയില്‍ 2007ല്‍ മഅ്ദനിക്ക് ലഭ്യമാക്കിയതിന് സമാനമായ ചികില്‍സ ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ നല്‍കാമെന്നാണ് പ്രോസിക്യൂഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്. സുപ്രീം കോടതി പഞ്ചകര്‍മ ചികില്‍സ നല്‍കാന്‍ നിര്‍ദേശിച്ച് രണ്ടാഴ്ചയോളമായിട്ടും ഇതിന് തയാറാകാത്തത് വിവാദമായപ്പോഴാണ് ഇന്നലെ പൊടുന്നനെ ആശുപത്രിയിലെത്തിച്ചതെന്നാണ് അറിയുന്നത്.


മലയാളി ദമ്പതികളായ ഡോ. മത്തായി ഐസക്കിന്റെയും ഡോ.സുജയുടെയും നേതൃത്വത്തിലുള്ള അത്യാധുനിക  സൗകര്യങ്ങളുള്ള സൗഖ്യ ആശുപത്രിയിലെ ചികില്‍സക്ക് ലക്ഷങ്ങള്‍ ചെലവാകും. 21ഉം 28ഉം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പഞ്ചകര്‍മ ചികില്‍സയാണ് ഈ ആശുപത്രിയിലുള്ളത്. 8000 രൂപ മുതല്‍ 10000 രൂപ വരെയാണ് പ്രതിദിനം ചെലവാകുക.  ഈ വലിയ തുക കര്‍ണാടക ആഭ്യന്തര വകുപ്പാണ് അനുവദിക്കേണ്ടത്. ഫണ്ട് അനുവദിക്കാന്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് വിവരം. ഫണ്ട് അനുവദിക്കാതെയും മുന്‍കൂട്ടി ബുക്ക് ചെയ്യാതെയും പൊടുന്നനെ മഅ്ദനിയെ ആശുപത്രിയിലെത്തിച്ച് മടക്കിക്കൊണ്ടുപോയത് ചികില്‍സ പ്രഹസനമാക്കാനാണെന്നാണ് മഅ്ദനിയുമായി ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നത്. ചികില്‍സ നല്‍കിയതായി കാട്ടി കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നതായും പറയുന്നു. പുറംവേദനയും പ്രമേഹവും മൂലം ബുദ്ധിമുട്ടുന്ന മഅ്ദനിയെ 60 കിലോമീറ്ററിലധികമുള്ള ആശുപത്രിയില്‍ മുന്നൊരുക്കങ്ങളൊന്നും കൂടാതെയാണ് ചികില്‍സക്ക് കൊണ്ടുപോയതെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് കുറ്റപ്പെടുത്തി. വിവിധ രോഗങ്ങള്‍ മൂലം ഡോക്ടര്‍മാര്‍ മഅ്ദനിക്ക് പൂര്‍ണ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. 

No comments:

Post a Comment