Monday, March 11, 2013

നീതിയുടെ കിരണം അകലെയെന്ന് മഅ്ദനി


കൊല്ലം: ‘നീതി വളരെയകലെ, അതിന്‍െറ നേരിയ പ്രകാശകിരണംപോലും കാണാന്‍ കഴിയുന്ന അവസ്ഥയിലല്ല ഞാന്‍. എങ്കിലും ഞാന്‍ നിരാശനോ ദു$ഖിതനോ അല്ല. നിങ്ങള്‍ പ്രാര്‍ഥിക്കുക, സര്‍വശക്തനില്‍ സമര്‍പ്പിച്ച് ഞാന്‍ നീങ്ങുന്നു.’ -കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ മകള്‍ ഷമീറയുടെ വിവാഹച്ചടങ്ങില്‍ ഖുത്തുബ നിര്‍വഹിക്കവെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പറഞ്ഞു.



പ്രസംഗമായിട്ടല്ല, വിവാഹച്ചടങ്ങിലെ ഖുത്തുബ എന്ന നിലയിലാണ് താന്‍ പ്രസംഗിക്കുന്നതെന്ന ആമുഖത്തോടെയാണ് മഅ്ദനി സംസാരിച്ചുതുടങ്ങിയത്. ‘എന്നോടൊപ്പം വന്നിട്ടുള്ള കര്‍ണാടക പൊലീസിന്‍െറ പ്രതിനിധികള്‍ പ്രസംഗത്തിനിടെ തടയാനിടയുണ്ട്. അതിനാല്‍ പ്രസംഗത്തോടുള്ള പ്രതികരണം ഹൃദയത്തിലൊതുക്കുക. അമിതാവേശം ഞാന്‍ നിങ്ങളിലേക്കെത്തുന്നതിന് അകലം സൃഷ്ടിക്കുമെന്ന ബോധവും നിങ്ങള്‍ക്കുണ്ടാവണം.’ അനുയായികളോട് അദ്ദേഹം പറഞ്ഞു. മഅ്ദനിയുടെ പ്രസംഗത്തില്‍ നിന്ന്: കാരാഗ്രഹത്തിന്‍െറ ഇരുളില്‍ കിടക്കുമ്പോള്‍ കേരളജനത പ്രകടിപ്പിക്കുന്ന നീതിബോധത്തിന്‍െറ സന്തോഷത്തിലാണ് ഞാന്‍. ഇരുട്ടില്‍നിന്ന് കേരളത്തിലെ നന്മയുടെ പ്രകാശത്തിലേക്ക് വരുമ്പോള്‍ പക്ഷേ, എന്‍െറ കണ്ണുകള്‍ ഇരുട്ടിലായ അവസ്ഥയിലാണ്. വലതുകണ്ണിന്‍െറ കാഴ്ച പൂര്‍ണമായും ഇടതുകണ്ണിന്‍െറ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ടു. വേദനകളും പീഡനങ്ങളും പ്രയാസങ്ങളും സര്‍വശക്തന്‍െറ പരീക്ഷണങ്ങളാണ്. എന്‍െറ കാര്യത്തില്‍ ഞാന്‍ അതിനെ ഒരു പരീക്ഷണം പോലുമായി കാണുന്നില്ല. മറിച്ച് അത് ശുദ്ധീകരണവും എന്നെ സ്ഫുടം ചെയ്തെടുക്കലുമാണ്.

എന്‍െറ പ്രിയപ്പെട്ട മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് സര്‍വശക്തനായ നാഥന്‍െറ അനുഗ്രഹവും നിങ്ങളുടെ പ്രാര്‍ഥനയും കൊണ്ടാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ളവരുടെ പ്രവര്‍ത്തനവും അതിനുപിന്നിലുണ്ട്. എന്‍െറ വേദനയുടെയും പ്രയാസത്തിന്‍െറയും ഘട്ടത്തില്‍, എന്നോട് കാണിക്കുന്നത് അനീതിയാണെന്ന ഉത്തമബോധ്യത്തോടെ കേരളമൊന്നടങ്കം ഒരുമിച്ചുനില്‍ക്കുന്നു. കാരാഗ്രഹത്തിന്‍െറ ഇരുട്ടിലും ആവേശവും സന്തോഷവും നല്‍കുന്ന കാര്യമാണിത്. ഞാന്‍ എന്നെങ്കിലും നടത്തിയ പ്രസംഗമോ അതിലെ ശൈലിയോ മൂലം സംഭവിച്ച പാളിച്ചകളില്‍ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ നിരപരാധിയായി പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ മാപ്പ് ചോദിച്ചിരുന്നു. അതിനുശേഷവും നിരപരാധിയായ എന്നെ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്നത് എന്നോ ചെയ്ത പ്രഭാഷണങ്ങളിലെ വാക്കുകള്‍ ഉപയോഗിച്ചാണ്. എന്നാല്‍ ഒരു വാക്കുപോലും ഉച്ചരിക്കാത്ത മലപ്പുറത്തെ പിഞ്ചുബാലന്‍ സക്കരിയ ഉള്‍പ്പെടെ നിരപരാധികള്‍ ജയിലില്‍ ഇപ്പോഴും കഴിയുന്നുണ്ട്. കേരളത്തിലും ഇന്ത്യയിലും ലോകത്തും നീതിനിഷേധങ്ങളുടെ ഘോഷയാത്രകളാണ് നടക്കുന്നത്.

പീഡനത്തിലും പ്രയാസത്തിലും കേരളീയസമൂഹം എന്നോട് കാട്ടുന്ന അനുഭാവം എന്നില്‍ പ്രതീക്ഷയും വിശ്വാസവും വര്‍ധിപ്പിക്കുകയും എന്നെ ശക്തനാക്കുകയും ചെയ്യുന്നു. കര്‍ണാടകത്തില്‍ നീതിയുടെ സൂര്യോദയം ഉണ്ടായതുകൊണ്ടാണ് ഈ വിവാഹത്തില്‍ പങ്കെടുക്കാന്‍ എനിക്ക് കഴിഞ്ഞതെന്ന് കരുതേണ്ടതില്ല. ഈ കേസില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ക്ക് മുമ്പ് ഈ ആനുകൂല്യം കൊടുത്തിരുന്നതുകൊണ്ട് എന്നെ ഒഴിവാക്കാന്‍ മറ്റ് വഴിയൊന്നുമുണ്ടായിരുന്നില്ല. കര്‍ണാടകത്തില്‍നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. തമിഴ്നാട് ആയിരം മടങ്ങ് ഭേദമായിരുന്നുവെന്ന് തോന്നിപ്പോകുന്നു. കാഴ്ചക്കുറവുകൊണ്ട് ആരെയും കണ്ടുകൊണ്ടല്ല ഞാന്‍ സംസാരിക്കുന്നത്. എങ്കിലും ഞാന്‍ ദു$ഖിതനല്ല. നിങ്ങള്‍ പ്രാര്‍ഥിക്കുക. -അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, എം.പി മാരായ എം.ഐ. ഷാനവാസ്, ഇ.ടി. മുഹമ്മദ്ബഷീര്‍, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നേതാക്കളായ ഡോ. സെബാസ്റ്റ്യന്‍പോള്‍, എച്ച്. ഷഹീര്‍ മൗലവി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, നീലലോഹിതദാസന്‍നാടാര്‍, കെ.പി. മുഹമ്മദ് തുടങ്ങി തനിക്കുവേണ്ടി സഹായങ്ങള്‍ ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് മഅ്ദനി പ്രസംഗത്തില്‍ നന്ദി പറഞ്ഞു.

Courtesy: Madhyamam Daily

2 comments:

  1. താന്‍ അനുഭവികുന്നത് ദൈവിക പരീക്ഷണം എന്ന് വിശ്വസിക്കുന്ന ഈ മനുഷ്യനെയാണ് ചിലര്‍ തകര്‍ക്കാന്‍ നോകുന്നത്.
    pls avoid word verification

    ReplyDelete
  2. ha ha ha, comedy 2013

    ReplyDelete