Monday, August 13, 2012

കണ്ണുതുറപ്പിക്കാനാവുമോ ഈ കണ്ണുനീര്‍തുള്ളികള്‍ക്ക് - അജിത് ശ്രീനിവാസന്‍


രണ്ടാം ജയില്‍വാസത്തിന് ബംഗളൂരുവിലേക്ക് യാത്രയാകുന്നതിനു തൊട്ടുമുമ്പ്, അബ്ദുന്നാസിര്‍ മഅ്ദനിയെന്ന മകന്‍െറ അവസാന അഭ്യര്‍ഥനകളിലൊന്ന് പിതാവിനു വേണ്ടിയായിരുന്നു. ‘എനിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ തളര്‍ന്നുവീണുപോയ എന്‍െറ പിതാവിനുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണമെന്നായിരുന്നു നിറകണ്‍ വിതുമ്പലില്‍ നടത്തിയ ആ അഭ്യര്‍ഥന.
2010ലെ നോമ്പ് മാസത്തില്‍ -ആഗസ്റ്റ് 17ന്- മധ്യാഹ്ന പ്രാര്‍ഥനക്കു മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതു പറയുമ്പോള്‍ കണ്ണുനീര്‍ തുടച്ച മഅ്ദനി ഈ കണ്ണുനിറയല്‍ കരച്ചിലാണെന്ന് തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞിരുന്നു.

എന്നാല്‍ , നിമിഷങ്ങള്‍ക്കകം ആഴ്ചകള്‍ നീണ്ട യുദ്ധസമാനമായ ഒരുക്കങ്ങള്‍ക്കൊടുവില്‍ മകന്‍ അറസ്റ്റ് ചെയ്യപ്പെട്ടതൊന്നും പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്റര്‍ അറിഞ്ഞിരുന്നില്ല. ആദ്യം മകന്‍െറ ഭാര്യയുടെ അറസ്റ്റ്, തുടര്‍ന്ന് മകന്‍െറ അറസ്റ്റുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍, അതുമൂലമുണ്ടാകുന്ന ചെറുമക്കളുടെ അനാഥത്വം ഇവയൊന്നും ആ വ്യദ്ധമനസ്സിന് താങ്ങാനാവുന്നതായിരുന്നില്ല. ഈ സമ്മര്‍ദത്തില്‍ പക്ഷാഘാതം വന്ന് തളര്‍ന്ന അദ്ദേഹം മഅ്ദനി അറസ്റ്റ് ചെയ്യപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുമ്പുതന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

ചികിത്സയിലിരിക്കെ കൂടുതല്‍ മാനസികസമ്മര്‍ദം ഒഴിവാക്കാന്‍ അറസ്റ്റ് വിവരം പറഞ്ഞില്ലെന്നു മാത്രല്ല, വായിക്കാന്‍ പത്രങ്ങളൊന്നും നല്‍കിയിരുന്നുമില്ല. ഒരു മാസത്തിനു ശേഷമാണ് മകന്‍ വീണ്ടും ജയിലിലായെന്ന കാര്യം അദ്ദേഹം മനസ്സിലാക്കുന്നത്.

മകന്‍െറ രണ്ടാം ജയില്‍ വാസത്തിന് രണ്ടു വര്‍ഷം പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ ശേഷിക്കെ, കൊല്ലം മൈനാഗപ്പള്ളി വേങ്ങയിലെ തോട്ടുവാല്‍ മന്‍സിലില്‍, ഇരുന്നിടത്തുനിന്നെഴുന്നേല്‍ക്കാന്‍ പരസഹായം വേണ്ട ആ പിതാവ്, തനിക്കുവേണ്ടി നനഞ്ഞ മകന്‍െറ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുന്നതോര്‍ത്ത് കണ്ണുനീരൊഴുക്കുന്നു. ചികിത്സയും ജാമ്യവും കിട്ടാത്ത, ആരോഗ്യസ്ഥിതി അനുദിനം വഷളാവുന്ന, മൂത്ത മകനെ ഒന്നുകാണാന്‍ പോകാന്‍പോലും കഴിയാത്ത അവസ്ഥ ആ പിതൃമനസ്സിന് താങ്ങാന്‍ കഴിയുന്നതിനുമപ്പുറം. ഒപ്പം ഒന്നും പറയാനാവാതെ,എല്ലാം ദൈവത്തിലര്‍പ്പിച്ച് ഉമ്മ അസ്മാബീവിയും.

‘ചികിത്സയില്ല, ജാമ്യമില്ല, വിചാരണയുമില്ല ഇങ്ങനെ അനന്തകാലം ജയിലിലിട്ട് അവനെ കൊലപ്പെടുത്താനൊരുങ്ങുകയാണോ?’ -അദ്ദേഹം ആശങ്കപ്പെടുന്നു. കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ കുടുക്കി ജയിലിലടക്കപ്പെട്ട മകന്‍ ഒമ്പതു വര്‍ഷത്തിനു ശേഷമാണ് ലോകം കണ്ടത്. നിരപരാധിയെന്ന് കോടതി വിധിച്ചു. അവന് നഷ്ടപ്പെട്ട ഇക്കാലം ആരെങ്കിലും തിരികെനല്‍കിയോ ആര്‍ക്കെങ്കിലും തിരികെനല്‍കാനാവുമോ പിതാവിന്‍െറ ലാളനയും സാമീപ്യവും നഷ്ടമായ മക്കള്‍ക്ക്, ഭാര്യക്ക് എന്തു പരിഹാരം ചെയ്യാന്‍ ആര്‍ക്കായി? -അദ്ദേഹം ചോദിക്കുന്നു.

കോയമ്പത്തൂര്‍ ജയിലില്‍ വിചാരണയില്ലാതെ പീഡിപ്പിക്കപ്പെട്ടപ്പോള്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, ഇത്തവണ പൊതുസമൂഹത്തില്‍നിന്ന് അത്തരമൊരു ഇടപെടലോ ജാഗ്രതയോ ഉണ്ടാകാത്തത് ഖേദകരമാണ്. വി.എസ് മുഖ്യമന്ത്രിയായപ്പോള്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുമായി ബന്ധപ്പെട്ടാണ് മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കിയത്. കോയമ്പത്തൂര്‍ ജയിലില്‍ പോയി മഅ്ദനിയെ കണ്ടിട്ടുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. കേരളത്തിലെ ഒരു പൗരന്‍ എന്നനിലയില്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ സര്‍ക്കാറിന്‍െറ പ്രതിനിധിസംഘം ബംഗളൂരുവില്‍ പോയി നേരിട്ട് മനസ്സിലാക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ നടപടികള്‍ കൈക്കൊള്ളുകയും വേണം.
കഴിഞ്ഞതവണ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയുമൊക്കെ കാണാന്‍ ഓടിനടക്കാന്‍ എനിക്കാവുമായിരുന്നു. എഴുന്നേല്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയില്‍ ഇപ്പോള്‍ എന്തുചെയ്യാനാണ്. ഈ നിസ്സഹായതയില്‍ നീതിബോധമുള്ള ജനങ്ങളിലാണ്, അവരുടെ ഇടപെടലിലാണ് പ്രതീക്ഷ. അതിനുവേണ്ടിയുള്ള പ്രാര്‍ഥനയിലാണ് ഞാനും കുടുംബവും -അബ്ദുസ്സമദ് മാസ്റ്റര്‍ പറഞ്ഞു.

കൃത്യമായി പറഞ്ഞാല്‍ 20 വര്‍ഷമാകുന്നു മകനും മകന്‍െറ പേരില്‍ ഞങ്ങളും പീഡിപ്പിക്കപ്പെടാന്‍ തുടങ്ങിയിട്ട് -അദ്ദേഹം ഓര്‍ക്കുന്നു. 92 ആഗസ്റ്റ് ആറിന് ബോംബേറില്‍ മഅ്ദനിയുടെ കാല്‍ തകര്‍ക്കപ്പെട്ടതു മുതല്‍ അത് ആരംഭിക്കുന്നു. പിന്നീട് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്‍െറ പേരില്‍ ഐ.എസ്.എസിനെ നിരോധിച്ചു. മഅ്ദനിയുടെ പേരില്‍ സ്വന്തമായി വീടില്ലാത്തതിനാല്‍ കുടുംബവീട് പൊലീസ് നിയന്ത്രണത്തിലായി. കുഞ്ഞുങ്ങളുമായി വീട് വിട്ടിറങ്ങേണ്ടിവന്ന മാസ്റ്റര്‍ക്കും കുടുംബത്തിനും സ്വന്തം വീട്ടില്‍ തിരികെ കയറാനായത് വര്‍ഷങ്ങള്‍ക്കുശേഷം. ഒടുവില്‍ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിയുടെ അറസ്റ്റ്. നീണ്ട ഒമ്പതു വര്‍ഷത്തെ ജയില്‍വാസം. നിരപരാധി എന്ന് കണ്ടെത്തി വീണ്ടും സൂര്യോദയം കാണുന്നത് 2007 ആഗസ്റ്റ് ഒന്നിന്.

പീഡനകാലം അവിടെ അവസാനിച്ചുവെന്ന് കരുതിയെങ്കിലും അത് ബംഗളൂരു സ്ഫോടനത്തിന്‍െറ പേരില്‍ തുടരുകയായിരുന്നു. 2010 ആഗസ്റ്റ് 17ന് വീണ്ടും അറസ്റ്റ്. ജയില്‍വാസത്തിന്‍െറ രണ്ടാമൂഴം അന്ന് തുടങ്ങി, ഇപ്പോള്‍ രണ്ടു വര്‍ഷത്തിലെത്തുന്നു. ഇതില്‍ നഷ്ടമായത് ഒരു മനുഷ്യന്‍െറയും അയാളുടെ കുടുംബത്തിന്‍െറയും ജീവിതത്തിലെ വസന്തകാലം. എങ്കിലും ഒരിക്കല്‍ പൂത്ത മകന്‍െറ നിരപരാധിത്വത്തിന്‍െറ പൂമരം ഇനിയും പൂക്കുമെന്ന് ഈ വൃദ്ധപിതാവിനുറപ്പുണ്ട്. നീതി ഒടുവില്‍ കണ്ണുതുറക്കുമെന്നും അത് മകന് കാഴ്ചയും ജീവിതവും നല്‍കുമെന്നുമുള്ള വിശ്വാസത്തില്‍ തന്‍െറ കണ്ണുനീര്‍ അബ്ദുസ്സമദ് മാസ്റ്റര്‍ തുടക്കുന്നു.

Courtesy: Madhyamam Daily

No comments:

Post a Comment