Friday, August 10, 2012

പ്രതിചേര്‍ക്കലിനു പിന്നിലെ തിരക്കഥ | ഇനാമുറഹ്മാന്‍ | interview part 2


ബംഗളൂരു സ്ഫോടനത്തില്‍ എങ്ങനെയാണ് മഅ്ദനി പ്രതിചേര്‍ക്കപ്പെടുന്നത്?

ഈ ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു മറുപടി. കൃത്യമായ തിരക്കഥയനുസരിച്ച് നടന്ന നീക്കത്തിലാണ് അറസ്റ്റുണ്ടായത്. കുറ്റപത്രവും സാക്ഷികളും നേരത്തേ തയാറായിരുന്നു. കുടകിലെ മടിക്കേരിയില്‍ തടിയന്‍റവിട നസീറിന്‍െറ ഇഞ്ചിത്തോട്ടത്തില്‍ നടന്ന ഗൂഢാലോചനാ ക്യാമ്പില്‍ പങ്കെടുത്തുവെന്നതാണ് ഒന്നാമത്തെ കുറ്റം. ഇതിന് രണ്ടു സാക്ഷികളെ സൃഷ്ടിച്ചു. ഇഞ്ചിത്തോട്ടത്തിലെ നസീറിന്‍െറ ജീവനക്കാരനായിരുന്ന റഫീഖാണ് ഒന്നാം സാക്ഷി. ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രഭാകരനാണ് രണ്ടാം സാക്ഷി. റഫീഖിന്‍െറത് ചട്ടം 164 അനുസരിച്ചുള്ള മൊഴിയാണ്. മജിസ്ട്രേറ്റിനു മുന്നില്‍ സ്വമേധയാ നല്‍കുന്ന സാക്ഷിമൊഴിയാണ് 164 സ്റ്റേറ്റ്മെന്‍റ്. കേസിലെ ഏറ്റവും ശക്തമായ തെളിവാണിത്. ഈ മൊഴി തിരുത്താനാവില്ല. ഇതെല്ലാം തയാറാക്കി ജാമ്യം ലഭിക്കാതിരിക്കാനുള്ള എല്ലാ പഴുതുകളുമടച്ചായിരുന്നു അന്വേഷണസംഘത്തിന്‍െറ നീക്കം. സുപ്രീംകോടതിയില്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന്‍െറ ബെഞ്ചില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കു വരുന്നതിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പാണ് അറസ്റ്റുണ്ടാവുന്നത്. അറസ്റ്റു നടന്നാല്‍ പിന്നെ മുന്‍കൂര്‍ ജാമ്യത്തിന് പ്രസക്തിയില്ലല്ലോ. കൃത്യമായ ആസൂത്രണത്തോടെയാണ് കര്‍ണാടക സര്‍ക്കാര്‍ ഓരോ ചുവടും വെച്ചതെന്നതിന് ഇതില്‍കൂടുതല്‍ തെളിവുകള്‍ വേണ്ട.


2010 ആഗസ്റ്റ് 17ന് അറസ്റ്റുചെയ്ത് 10 ദിവസമാണ് ബംഗളൂരുവിലെ മഡിവാളയിലുള്ള രഹസ്യ കേന്ദ്രത്തില്‍ കസ്റ്റഡിയില്‍ വെച്ചത്. 10 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഫോടനത്തെക്കുറിച്ച് അരമണിക്കൂര്‍ പോലും ചോദിച്ചില്ല. അവിടെയുണ്ടായിരുന്ന ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടത് ഉസാമ ബിന്‍ലാദിനുമായുള്ള ബന്ധവും വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിലുള്ള പങ്കുമായിരുന്നു. കര്‍ണാടകയില്‍ 3000 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടോയെന്നും ചോദ്യംവന്നു. ബംഗളൂരു സ്ഫോടനത്തെക്കുറിച്ച് അവരും ഒന്നും ചോദിച്ചില്ല. എന്തു കുറ്റത്തിനാണ് തന്നെ പിടിച്ചുകൊണ്ടുവന്നതെന്ന ചോദ്യത്തിന് കര്‍ണാടക പൊലീസ് വ്യക്തമായ ഒരുത്തരവും നല്‍കിയില്ല. തുടര്‍ച്ചയായി ചോദിച്ചപ്പോഴാണ് മടിക്കേരിയിലെ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് നസീര്‍ മൊഴി നല്‍കിയതായി പറയുന്നത്. ഇതു പറയുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ നസീറുള്‍പ്പെടെ എല്ലാ പ്രതികളുമുണ്ടായിരുന്നു. നസീറിനെ വിളിപ്പിക്കണമെന്നും ഈ സ്ഫോടനത്തില്‍ പരോക്ഷമായോ പ്രത്യക്ഷമായോ എന്തെങ്കിലും ബന്ധമുണ്ടെന്ന് എന്‍െറ മുന്നില്‍ വന്ന് അയാള്‍ പറഞ്ഞാല്‍ എന്തു ശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍, ഒമ്പതു ദിവസവും അതുണ്ടായില്ല. ഒമ്പതാം ദിവസം രാത്രിയാണ് എല്ലാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നസീറിനെ എന്‍െറ മുന്നില്‍ കൊണ്ടുവന്നത്. കേസുമായി എനിക്കുള്ള ബന്ധം എന്താണെന്ന് ഞാനയാളോട് പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നസീര്‍ പറഞ്ഞത് മറ്റൊന്നായിരുന്നു. ‘രാഷ്ട്രീയം വിടാന്‍ നിങ്ങളോട് പലതവണ ആവശ്യപ്പെട്ടിരുന്നില്ലേ? നിങ്ങളത് കേട്ടില്ല. പിന്നെന്തിനാണ് നിങ്ങള്‍ക്കെതിരെ മൊഴി നല്‍കുന്നത്? നിങ്ങളോട് കൂടുതലായി ഒന്നും പറയാനുമില്ല’ -ഇതായിരുന്നു നസീറിന്‍െറ പരുഷമായ മറുപടി. മലയാളം അറിയുന്ന ഉദ്യോഗസ്ഥന്‍െറ സാന്നിധ്യത്തിലായിരുന്നു ഇത്. ഇതോടെ നസീര്‍ എനിക്കെതിരെ മൊഴിനല്‍കിയെന്ന കെട്ടുകഥ പൊളിഞ്ഞു.

ഇനിയും എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍, പൂര്‍വ ജന്മത്തില്‍ ചെയ്ത പാപത്തിന്‍െറ ശിക്ഷയാണ് താങ്കള്‍ അനുഭവിക്കുന്നതെന്നായിരുന്നു സംഘത്തിലുള്ള ഉന്നത ഉദ്യോഗസ്ഥന്‍െറ മറുപടി! ഓരോ സൃഷ്ടിക്കുമുള്ള അന്നം ദൈവം ഒരുക്കിവെച്ചിരിക്കുന്നത് എവിടെയാണെങ്കിലും അയാള്‍ അവിടെയെത്തുമെന്നും അത് അലംഘനീയമായ ദൈവവിധിയാണെന്നും അതുകൊണ്ടാണ് ബംഗളൂരു ജയിലിലെത്തിയതെന്നും അദ്ദേഹത്തിന് മറുപടിയും നല്‍കി. പിന്നീട് വന്‍ പൊലീസ് സന്നാഹത്തോടെ കുടകില്‍ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോഴാണ് മടിക്കേരി ആദ്യമായി കാണുന്നത്. നസീര്‍ ക്യാമ്പ് നടത്തിയത് ഇവിടെയാണെന്ന് സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കാണിച്ചുതന്നത്. താന്‍ പങ്കെടുത്ത് ഗൂഢാലോചന നടത്തിയെന്ന് പറയുന്ന ക്യാമ്പായിരുന്നു അത്. തെളിവെടുപ്പിനായി കൊണ്ടുപോയ പൊലീസുകാര്‍ പ്രതിക്ക് സംഭവസ്ഥലം കാണിച്ചുകൊടുക്കുന്ന തമാശയാണ് അവിടെ അരങ്ങേറിയത്. ഇതിനുവേണ്ടി ഇത്രയൂം ദൂരം എന്നെ കൊണ്ടുവരണമായിരുന്നോ എന്ന ചോദ്യത്തിനും പൊലീസ് മൗനം പാലിച്ചു. ഞാനുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും നസീര്‍ മൊഴി നല്‍കിയെന്ന കഥതന്നെ കൃത്യമായ ഗൂഢാലോചനയാണ് -കോയമ്പത്തൂര്‍ പ്രസ് ക്ളബിന് സമീപത്തെ ടെലിഫോണ്‍ ബൂത്തില്‍ സ്ഫോടക വസ്തു വെച്ച കേസിലും ബംഗളൂരു സ്ഫോടന കേസിലും സൂഫിയയുടെ കേസിലുമൊക്ക നസീറുമായാണ് ബന്ധം.

കേരളത്തിന് പുറത്ത് ഇത്തരം ഗൂഢാലോചനകള്‍ നടക്കുന്നത് മനസ്സിലാവും. എന്നാല്‍, കേരളത്തില്‍ ഈ രീതിയിലുള്ള ഗൂഢാലോചനകള്‍ ഉണ്ടാവുന്നു എന്നത് വിസ്മയകരമാണ്. ഇത്തരത്തില്‍ ഒരു സംഭവം നടന്നുവെന്ന് ഈയിടെയാണ് അറിഞ്ഞത്. ഏറെ വേദനിപ്പിക്കുന്നതായിരുന്നു ആ അറിവ്. ഏതോ ഒരു ജ്വല്ലറിയുടമയില്‍നിന്ന് നസീറിന്‍െറ സംഘം സ്വര്‍ണം കവര്‍ന്ന സംഭവം അടുത്തിടെയാണല്ലോ പുറത്തുവന്നത്. കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. ഈ സ്വര്‍ണം കേസ് നടത്താനായി എന്‍െറ കുടുംബത്തെ ഏല്‍പിച്ചുവെന്ന് പറയണമെന്ന് നസീറിനെ നിര്‍ബന്ധിച്ചത് കേരളത്തിലെ രണ്ട് എസ്.പിമാരാണ്! അവരുടെ പേര് പറയുന്നില്ല. നസീറിന്‍െറ അഭിഭാഷകന്‍ ബി.എ ആളൂരാണ് എന്നോടിത് പറഞ്ഞത്. പിന്നീട് പ്രത്യേക കോടതിയില്‍വെച്ച് നസീറിനെ കണ്ടുമുട്ടിയപ്പോള്‍ പൊലീസുകാര്‍ നിര്‍ബന്ധിച്ചിരുന്നതായി അയാളും പറഞ്ഞു. എന്നെ വിടാന്‍ ഭരണകൂടത്തിന് ഭാവമില്ലെന്നതിന്‍െറ വ്യക്തമായ സൂചനയാണിത്. ബംഗളൂരു സ്ഫോടനത്തില്‍ ഒന്നാംപ്രതിയാക്കിയിരുന്നത് സമീര്‍ ഭാഗ്യവാഡി എന്ന ചെറുപ്പക്കാരനെയായിരുന്നു. സ്ഫോടനം നടത്തിയത് ഇന്ത്യന്‍ മുജാഹിദീന്‍െറ നേതാവ് തൗകീറുമായി ചേര്‍ന്നാണെന്ന് അയാള്‍ സമ്മതിച്ചതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. അയാള്‍ക്കെതിരെ നിരവധി സാക്ഷിമൊഴികളുണ്ടായിരുന്നു. ഇതു കൂടാതെ നാര്‍കോ അനാലിസിസിന് വിധേയനാക്കിയ സമീര്‍ സ്ഫോടനത്തില്‍ തനിക്കും തൗകീറിനും പങ്കുള്ളതായി പറഞ്ഞതായും പൊലീസ് രേഖകളുണ്ടായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

സാക്ഷിമൊഴികളും നാര്‍കോ പരിശോധനാ റിപ്പോര്‍ട്ടും അതനുസരിച്ചുള്ള കുറ്റപത്രവും എല്ലാമുണ്ടായിട്ടും അതൊന്നും തെളിവായി അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി സ്വീകരിച്ചത്. കോടതി വെറുതേ വിട്ടതോടെ സമീര്‍ ഭാഗ്യവാഡി ഒന്നാം പ്രതിയല്ലാതായി. പിന്നീട് നസീര്‍ ഒന്നാം പ്രതിയാകുന്നതാണ് കണ്ടത്. (കോടതി വെറുതേ വിട്ടെങ്കിലും ബംഗളൂരു സ്വദേശിയായ സമീര്‍ ഭാഗ്യവാഡിയെ ഗുജറാത്ത് സ്ഫോടനത്തില്‍ ബന്ധമുണ്ടെന്നാരോപിച്ച് അവിടത്തെ ജയിലിലേക്ക് മാറ്റുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തത്). കുടകില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന കുറ്റം മാത്രമാണ് എനിക്കെതിരെയുള്ളത്. അതിന്‍െറ സ്ഥിതിയെന്താണെന്ന് നേരത്തേ പറഞ്ഞല്ലോ. എന്നിട്ടും ജാമ്യം നല്‍കാതെ പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം, ഞാന്‍ പുറത്തിറങ്ങരുതെന്ന് ആരൊക്കെയോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കേസില്‍ ജാമ്യം നേടി പുറത്തുവന്നാലും അവര്‍ എന്നെ തേടിയെത്തും. കോയമ്പത്തൂര്‍ പ്രസ് ക്ളബിന് സമീപത്തെ ബൂത്തില്‍ സ്ഫോടക വസ്തുക്കളടങ്ങിയ ബാഗ് വെച്ചു എന്ന കേസ് അതിലൊന്ന് മാത്രമാണ്.
(തുടരും)

Courtesy: Madhyamam Daily

No comments:

Post a Comment