Thursday, July 28, 2011

മഅ്ദനി: നീതി നിഷേധത്തിന് താക്കീതായി രാജ്ഭവന്‍ മാര്‍ച്ച്


Published on Madhyamam Daily dated Thu, 07/28/2011

തിരുവനന്തപുരം: ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് കേരള മുസ്‌ലിം സംയുക്തവേദി സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് നിയമനിഷേധത്തിനും മനുഷ്യാവകാശലംഘനത്തിനും എതിരെയുള്ള ശക്തമായ താക്കീതായി. മ്യൂസിയം ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാജ്ഭവന് മുന്നില്‍ പൊലീസ് ബാരിക്കേഡ് തീര്‍ത്ത് മാര്‍ച്ച് തടഞ്ഞു.  തുടര്‍ന്ന്  പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.


ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മഅ്ദനിയുടെ കാര്യത്തില്‍, രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തുറുങ്കിലടക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുതെറ്റും ചെയ്തിട്ടില്ലെന്ന് പൊതുസമൂഹത്തിന് മുന്നില്‍ പലവട്ടം പറഞ്ഞിട്ടും അദ്ദേഹത്തെ ചെയ്യാത്ത കുറ്റത്തിന് ജയിലിടച്ചിരിക്കുകയാണ്. മഅ്ദനിയുടെ കാര്യത്തില്‍ കാട്ടുനീതിയാണ് നടക്കുന്നത്.

കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ കൈകളില്‍നിന്ന് മഅ്ദനിയെ മോചിപ്പിക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കണ്ണുതുറക്കണം. കേസ് കര്‍ണാടകക്ക് പുറത്ത് മറ്റേതെങ്കിലും കോടതിയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ കെ.പി. അബൂബക്കര്‍ ഹസ്രത്ത്, ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, വര്‍ക്കലരാജ്,  മൈലക്കാട് ഷാ, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി,  ആസിഫ് മൗലവി, സജീദ്, കടയ്ക്കല്‍ ജുനൈദ്, എം.എം. മാഹീന്‍, സെയ്ഫുദ്ദീന്‍ ഹാജി, കരമന റസാഖ്, ഹനീഫ മൗലവി, മുഹമ്മദ് സ്വാലിഹ് മൗലവി, അബ്ദുല്‍ മജീദ് നദ്‌വി,  നെടുമങ്ങാട് സുല്‍ഫി, ആറ്റക്കോയ തങ്ങള്‍ ആലപ്പുഴ, ഹുസൈന്‍ മൗലവി മുണ്ടക്കയം, സുലൈമാന്‍ ദാരിമി, സഫീര്‍ഖാന്‍ മന്നാനി, അബ്ദുല്‍ ഷുക്കൂര്‍ മൗലവി വിഴിഞ്ഞം, ജഅ്ഫര്‍ അലി ദാരിമി, അബ്ദുല്‍ മജീദ് അമാനി  തുടങ്ങിയവര്‍ സംസാരിച്ചു.

മഅ്ദനിയുടെ സന്ദേശം ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി വായിച്ചു. സാമ്രാജ്യത്വ-ഫാസിസ്റ്റ് ഭീകരതയുടെ ഇരയായി ജയിലില്‍ കഴിയുന്നത് താന്‍ മാത്രമല്ലെന്നും തന്നെപ്പോലെ ഒട്ടേറെ നിരപരാധികളുണ്ടെന്നും മഅ്ദനി ചൂണ്ടിക്കാട്ടി. മാര്‍ച്ചിന് ശേഷം മഅ്ദനിയെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് സംയുക്തവേദിയുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.

No comments:

Post a Comment