Sunday, July 24, 2011

ബംഗളൂരു സ്‌ഫോടനം: വിചാരണ കര്‍ണാടകക്ക് പുറത്തേക്ക് മാറ്റണം -ആരിഫലി


Published on Madhyamam Daily dated 07/23/2011

കൊല്ലം: നീതിപൂര്‍വമായ വിചാരണക്കും സ്വതന്ത്രമായ നീതിനിര്‍വഹണത്തിനും ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണ കര്‍ണാടകക്ക് പുറത്തുള്ള കോടതിയിലാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി. 'മഅ്ദനിയെ മോചിപ്പിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ബംഗളൂരു സ്‌ഫോടനക്കേസിലെ വിചാരണ കോടതി പരപ്പന അഗ്രഹാര ജയിലിന്റെ മൂന്നാം നിലയിലാണ്. സ്വതന്ത്രവും സമ്മര്‍ദരഹിതവുമായ പ്രവര്‍ത്തനത്തിന് കോടതിയെ ഇത്തരത്തില്‍ ജയിലിലടയ്ക്കുന്ന സമീപം ശരിയല്ല. മതനിരപേക്ഷതയില്‍ വിശ്വസിക്കുകയും സത്യസന്ധമായ നീതിനിര്‍വഹണം നടത്തുകയും ചെയ്യുന്ന ന്യായാധിപന്മാരുടെ നേതൃത്വത്തിലാകണം കോടതി പ്രവര്‍ത്തിക്കേണ്ടത്. കുറ്റാരോപിതനായ ഒരാള്‍ക്ക് ലഭിക്കേണ്ട സാമാന്യ മനുഷ്യാവകാശംപോലും മഅ്ദനിക്കും ബംഗളൂരു സ്‌ഫോടനക്കേസില്‍ കുറ്റാരോപിതരായവര്‍ക്കും നിഷേധിക്കപ്പെടുകയാണ്. പലര്‍ക്കും അഭിഭാഷകര്‍പോലും ഇല്ല.  ഇവിടത്തെ കോടതിയിലേക്ക് വരാന്‍ അഭിഭാഷകര്‍ പോലും മടിക്കുന്നു.

രാജ്യത്ത് നിലനില്‍ക്കുന്ന കാടന്‍, കരിനിയമങ്ങളും ഭരണനിര്‍വഹണ സംവിധാനവും മാധ്യമങ്ങളും ജുഡീഷ്യറിയുടെ സമീപനവും അന്വേഷണ ഏജന്‍സികളും സാമാന്യജനത്തിന് നീതി നിഷേധത്തിന് കാരണമാകുന്നു. മഅ്ദനി രണ്ടാമതും ജയിലിലടയ്ക്കപ്പെട്ടിട്ടും അതിനെതിരെ പ്രതികരിക്കാതെ മനുഷ്യാവകാശം, സ്വാതന്ത്ര്യം, പങ്കാളിത്ത ജനാധിപത്യം എന്നിവയെക്കുറിച്ച് പറയുന്നത് വൈരുധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മഅ്ദനിയുടെ മോചനത്തിനായി സമാധാനപരവും ജനകീയവും സുതാര്യവുമായ സമരങ്ങളും ചര്‍ച്ചകളും പ്രതിഷേധങ്ങളുമുണ്ടാകണമെന്ന് ജമീലാ പ്രകാശം എം.എല്‍.എ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശം സംരക്ഷിക്കാനെന്ന പേരില്‍ ടാഡ പോലുള്ള നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ വാസ്തവത്തില്‍ നടക്കുന്നത് മനുഷ്യാവകാശലംഘനമാണ്. ദലിത്-പിന്നാക്ക-ന്യൂനപക്ഷ സമൂഹങ്ങളുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം മോചിതനായി തിരിച്ചുവരണം. വൈകിക്കിട്ടുന്ന നീതി നിഷേധിക്കപ്പെട്ട നീതിയാണെന്നും അവര്‍ പറഞ്ഞു.

മഅ്ദനിയുടെ നീതിനിഷേധത്തിനെതിരെ അടിസ്ഥാനപരമായ പ്രതിഷേധം ഉയരേണ്ടത് മുസ്‌ലിം മനസ്സുകളില്‍നിന്നാവണമെന്ന് പ്രഭാഷണം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു പറഞ്ഞു. മുസ്‌ലിം സമുദായം ഒന്നിച്ചുനിന്ന് ശബ്ദമുയര്‍ത്താന്‍ തയാറാകണം. ബംഗളൂരു സ്‌ഫോടനക്കേസില്‍ സാക്ഷികളാക്കിയ മൂന്നുപേരെ കണ്ടെത്തി യഥാര്‍ഥ വസ്തുത ബോധ്യപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക ഷാഹിനയെ കര്‍ണാടക പൊലീസ് കേസില്‍ ഉള്‍പ്പെടുത്തിയത് അവര്‍ മുസ്‌ലിം ആയതുകൊണ്ടാണ്. ഇക്കാര്യം തുറന്നുപറയാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എല്ലുറപ്പുകാട്ടിയപ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എന്തുകൊണ്ട് അതിന് കഴിയുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ചിന്തകന്‍ കെ.കെ. കൊച്ച്, പി.ഡി.പി ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി, ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം കെ.എ. ഷെഫീഖ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഷിഹാബ് പൂക്കോട്ടൂര്‍, ബി.എസ്.പി ജില്ലാ പ്രസിഡന്റ് കുഴിച്ചയില്‍ സുനില്‍, പി.ഡി.പി സെക്രട്ടറി സാബു കൊട്ടാരക്കര, മെക്ക മുന്‍ സംസ്ഥാന പ്രസിഡന്റ് എം.എ. സമദ്,  ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി.എം. ഷെരീഫ്, എ. അബ്ദുല്ല മൗലവി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി എച്ച്. ഷെഹീര്‍ മൗലവി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സീനത്ത് നിസാം തുടങ്ങിയവര്‍ പങ്കെടുത്തു.

സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി  കെ. സജീദ് സ്വാഗതവും ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ ഉജ്ജ്വല പ്രകടനവും നടന്നു.

1 comment:

  1. ജുഡീഷ്വറിയെ കൊഞ്ഞനം കുത്തിക്കൊണ്ട് നീണ്ട ഒമ്പത് വർഷം ജയിലലടച്ച് പീഡിപ്പിച്ചതിന്റെ പക തീരാഞ്ഞ് വീണ്ടും മ‍അദനിയെ ഇരുട്ടറയിലടച്ചത് ഇന്ത്യൻ നിയമവ്യവസ്ഥക്ക് തീരാകളങ്കമാണ്. മ‍അദനിയെ തോളിലേറ്റി നടന്നവർ തിരിഞ്ഞു നോക്കാത്തതും രാജ്യം ഭരിക്കുന്നവർ മൗനം പാലിക്കുന്നതും നാണക്കേടും നെറികേടുമാണ്. മ‍അദനിക്കു വേണ്ടി ശബ്ദിച്ചവരെ തീവ്രരായി മുദ്രകുത്തുന്നതിൽ ഭയന്ന് പൊതുസമൂഹവും വാമൂടിക്കെട്ടുയിരിക്കുന്നു.
    തന്റെ ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാനുള്ള കഴിവില്ലാതെ പോയതും നിലപാടുകളിൽ ഉറച്ചുനിൽക്കാഞ്ഞതും അദ്ദേഹത്തിന്റെ പതനത്തിനാക്കം കൂട്ടി. വികാരമല്ല വിവേകമാണ് പൊതുരംഗത്താവശ്യമെന്ന് ഇനിയെങ്കിലും അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിക്കാരും തിരിച്ചറിയട്ടെ.

    ReplyDelete