Thursday, July 21, 2011

മഅദനിക്ക് നീതി ലഭ്യമാക്കണം - ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ


തിരുവനന്തപുരം : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്നും മഅദനിക്ക് നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പൊതു സമൂഹം ക്രിയാത്മകമായി പ്രതികരിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സത്യന്‍ സ്മാരക ഹാളില്‍ പി.ഡി.പി.ദക്ഷിണ മേഖലാ കമ്മിറ്റി 'മഅദനി മുതല്‍ ബിനായക് സെന്‍ വരെ, നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനി വിഷയത്തില്‍ മുന്‍ കാലങ്ങളിലെന്ന പോലെ നിയമസഭയും സര്‍ക്കാരും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും മഅദനി നിരപരാധിയാണെന്നത് പകല്‍ പോലെ വ്യക്തമാണെന്നും സെമിനാറില്‍ സംസാരിച്ച കൊടുവള്ളി എം.എല്‍.എ.പി.ടി.എ.റഹീം അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിന്റെ സുവ്യക്തമായ ഇടപെടലിലൂടെ മഅദനിക്ക് നീതിലഭിക്കുന്നതിനുള്ള അവസരം സംജാതമാകണമെന്നും റഹീം ആവശ്യപ്പെട്ടു.


ജമീല പ്രകാശം എം.എല്‍.എ., ജെ.എം.എഫ്.കണ്‍വീനര്‍ ഷഹീര്‍ മൌലവി, കേരള മഹല്ല് ഇമാം ഐക്യവേദി പ്രസിഡണ്ട്‌ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി, പി.ഡി.പി.സംസ്ഥാന സെക്രട്ടറി അജിത്കുമാര്‍ ആസാദ്, കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ സുബൈര്‍ സബാഹി, മാഹിന്‍ ബാദുഷ മൌലവി, സാബു കൊട്ടാരക്കര, അഡ്വ.സത്യദേവ്, പനവൂര്‍ ഹസ്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2 comments:

  1. തീവ്രവാദ സ്വഭാവമുള്ള പഴയ നയങ്ങൾ തെറ്റാണെന്ന് പരസ്യമായി ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായ മദനിയെ എന്നുമൊരു തീവ്രവാദിയായി മാത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് അദ്ദേഹത്തിന്റെ മോചനം ഇഷ്ടമാകില്ല. മദനിക്ക് നീതി ലഭിക്കണമെന്ന കാര്യത്തിൽ ഇടതുപക്ഷത്തോ വലതു പക്ഷത്തോ ഉള്ള ഒരു കക്ഷിക്കും ഇന്ന് അഭിപ്രായ വ്യത്യാസമില്ല. പക്ഷെ മദനിക്കു വേണ്ടി വാദിക്കുന്നതേ പാപമെന്ന മട്ടിൽ ചില ഭാഗങ്ങളിൽ നിന്നുള്ള പ്രചരണങ്ങൾ ഭയന്ന് പലരും മൌനം പാലിക്കുന്നു. ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഒരുമിച്ചു നിന്ന് പൊരുതേണ്ടതാണ്.അല്ലാതെ യോഗത്തിൽ വന്ന് സംസാരിച്ചിട്ടു പോയതുകൊണ്ടു മാത്രം കാര്യമില്ല. മദനി ഇന്നൊരു തീവ്രവാദിയല്ല. ഇനി അങ്ങനെ ആകുകയുമില്ല. എന്നിട്ടും അദ്ദേഹത്തെ പിഡിപ്പിക്കുന്നു. ഇത് തികച്ചും പ്രകോപനപരമായ ഭരണകൂട ഭീകരതയാണ്.

    (ഞാൻ പി.ഡി.പി അല്ല. തികഞ്ഞ ഇടതുപക്ഷക്കാരനാണ്. ഇവിടെ എന്റെ അഭിപ്രായം പങ്കുവയ്ക്കാൻ ഒരിടം കണ്ടതുകൊണ്ട് എഴുതിയെന്നു മാത്രം!)

    മുസ്ലിം നാമ ധാരികളെ പിന്തുണയ്ക്കാൻ തന്നെ പേടിയണിപ്പോൾ. കാര്യങ്ങൾ ആ നിലയ്ക്കായിട്ടുണ്ട്.....

    ഒന്നുകൂടു പറയാതിരിക്കുന്നില്ല; എന്തൊക്കെ പറഞ്ഞാലും ഇടതുപക്ഷം ശക്തിപ്പെടേണ്ടത് എല്ലാവരുടേയും ആവശ്യമാണ്!

    ReplyDelete
  2. മുമ്പൊരിക്കൽ ഞാൻ ഇതേ ബ്ലോഗിൽ മറ്റൊരു പോസ്റ്റിൽ ഇട്ട കമന്റ് ഒന്നുകൂടി ആവർത്തിക്കുന്നു:

    ഈ അന്യായത്തിനെതിരെ സംസാരിച്ചാൽ വർഗ്ഗീയ വാദിയായി ചിത്രീകരിക്കപ്പെടുമോ എന്ന ഭയമുണ്ട്. എങ്കിലും പറയാതെ വയ്യ. ഇത് കാട്ടുനീതിയാണ്. ചെയ്ത സർവ്വ അപരാധവും ഏറ്റുപറഞ്ഞ് താൻ നടന്ന പാതയെ തള്ളിപ്പറഞ്ഞ് ഇനി ഒരിക്കലും തീവ്രവാദപ്രവർത്തനങ്ങളിലേയ്ക്കില്ലെന്നു പറഞ്ഞ ഒരു മനുഷ്യനെയാണിങ്ങനെ പീഡിപ്പിക്കുന്നത്. എണ്ണമറ്റ തീവ്രവാദികൾ ഇപ്പോഴും ഇന്ത്യയിലും ലോകമെങ്ങും വിലസുമ്പോൾ പ്രായച്ഛിത്തം ചെയ്ത് തന്റെ അനുയായികളെ സമാധാനത്തിന്റെ മാർഗ്ഗത്തിലേയ്ക്കു മടങ്ങാൻ പ്രേരിപ്പിച്ച ഒരു മനുഷനോട് ഇങ്ങനെ പെരുമാറുന്നതിനു പിന്നിൽ ഗൂഢാലോചന ആരോപിക്കാതിരികാൻ കഴിയില്ല. കീഴടങ്ങുന്നവനെ ചവിട്ടിക്കൊല്ലുന്നത് ആരുടെ ഏതു പാരമ്പര്യമാണോ ആവോ!

    ReplyDelete